Sub Lead

ജീവിച്ചിരിക്കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് സര്‍ക്കാര്‍ രേഖകളില്‍ മരിച്ച വയോധികന്‍

ജീവിച്ചിരിക്കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് സര്‍ക്കാര്‍ രേഖകളില്‍ മരിച്ച വയോധികന്‍
X

ബെല്‍ഗാം: ബെല്‍ഗാം ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് റോഷനെ കാണാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ ഒരാളെത്തി. താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു സ്വന്തം മരണ സര്‍ട്ടിഫിക്കറ്റുമായി എത്തിയ 62കാരനായ ഗ്രാമീണന്‍ ഗണപതി കകാട്കറുടെ ആവശ്യം. തന്റെ ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും പുനസ്ഥാപിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഗണപതി ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഹമ്മദ് റോഷന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

1976ല്‍ മരിച്ച മുത്തശ്ശന്‍ മസാനു ശട്ടു കകാട്കറുടെ പേരിലുണ്ടായിരുന്ന ആറ് ഏക്കര്‍ ഭൂമിയുടെ അനന്തരവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതു മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് ഗണപതി പറഞ്ഞു. മരിക്കുന്നതിന് മുമ്പ് തന്റെ മൂന്നു മക്കള്‍ക്ക് ഈ ഭൂമി മസാനു ശട്ടു ഭാഗംവെച്ചിരുന്നു. എന്നാല്‍, അവരാരും ഉടമസ്ഥാവകാശം ഉറപ്പിച്ചില്ല. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്നു മക്കളും മരിച്ചു പോയി. ഗണപതി അടക്കം എട്ടു ചെറുമക്കളാണ് നിലവില്‍ ഭൂമിയുടെ അവകാശികള്‍.

ഈ ഭൂമി വീതിച്ചെടുക്കാന്‍ രണ്ടുവര്‍ഷം മുമ്പാണ് എട്ടുപേരും കൂടി തീരുമാനിച്ചത്. എന്നാല്‍, മുത്തശ്ശന്റെ മരണസര്‍ട്ടിഫിക്കറ്റ് തഹസില്‍ദാര്‍ അനുവദിച്ചില്ല. ഇതിനെതിരേ കോടതിയില്‍ പോയി അനുകൂല വിധി വാങ്ങി. എന്നാല്‍, റെവന്യൂ ഓഫീസിലെ ക്ലെര്‍ക്കിന് മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയപ്പോള്‍ തെറ്റുപറ്റി. ഗണപതി മരിച്ചെന്നാണ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാതിരുന്ന ഗണപതിയും മറ്റു അര്‍ധസഹോദരന്‍മാരും ഇക്കാര്യം അറിഞ്ഞതുമില്ല.

അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അധികൃതര്‍ റേഷന്‍കാര്‍ഡില്‍ നിന്നും മറ്റു സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ഗണപതിയുടെ പേരുവെട്ടി. അപ്പോഴാണ് ഗണപതി താന്‍ ഔദ്യോഗികമായി മരിച്ച കാര്യം അറിഞ്ഞത്. തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി. എന്നിട്ടും ഫലമുണ്ടാവാത്തതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി കമ്മീഷണറെ കണ്ടത്. പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയതായി മുഹമ്മദ് റോഷന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it