Sub Lead

ഡല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈന്റെ സഹോദരനെയും മറ്റ് രണ്ട് പേരെയും കോടതി വിട്ടയച്ചു

കേസില്‍ ശരിയായ അന്വേഷണം നടത്തുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന് വിലയിരുത്തിയാണ് പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരേ ചുമത്തിയ കുറ്റം കോടതി ഒഴിവാക്കിയത്.

ഡല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈന്റെ സഹോദരനെയും മറ്റ് രണ്ട് പേരെയും കോടതി വിട്ടയച്ചു
X

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ മുസ്‌ലിം വിരുദ്ധ വംശഹത്യ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസയ്‌ന്റെ സഹോദരവനെയും മറ്റ് രണ്ടുപേരെയും ഡല്‍ഹി കോടതി വിട്ടയച്ചു. താഹിര്‍ ഹുസയ്‌ന്റെ സഹോദരന്‍ ഷാ ആലം, റാഷിഫ് സൈഫി, ഷദബ, എന്നിവരെയാണ് ഡല്‍ഹി കോടതി കലാപക്കേസുമായി ബന്ധപ്പെട്ട എഫ്‌ഐആറില്‍നിന്ന് കുറ്റവിമുക്തരാക്കിയത്. കേസില്‍ ശരിയായ അന്വേഷണം നടത്തുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന് വിലയിരുത്തിയാണ് പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരേ ചുമത്തിയ കുറ്റം കോടതി ഒഴിവാക്കിയത്.

നൂതനമായ ശാസ്ത്രീയ രീതികള്‍ ഉപയോഗിച്ച് ശരിയായ അന്വേഷണം നടത്തുന്ന അന്വേഷണ ഏജന്‍സിയുടെ പരാജയമാണ് ഈ കേസിലുണ്ടായിരിക്കുന്നതെന്ന് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവ് നിരീക്ഷിച്ചു. ഡല്‍ഹി വിഭജനത്തിനു ശേഷമുള്ള ഏറ്റവും മോശം വര്‍ഗീയ കലാപത്തിലേക്കാണ് ചരിത്രം തിരിഞ്ഞുനോക്കുന്നതെന്ന് നിരീക്ഷിക്കുന്നതില്‍ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് ജഡ്ജി പറഞ്ഞു.

ഡല്‍ഹി കലാപത്തിനിടെ കട കത്തിക്കുകയും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരേ 147, 148, 149, 427, 380, 454, 436, 435, 120ബി എന്നീ വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തത്. കേസിന്റെ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ എഫ്‌ഐആറില്‍ പ്രതികളാക്കപ്പെട്ട വ്യക്തികള്‍ക്ക് ഈ അക്രമത്തില്‍ പ്രത്യേക പങ്കുള്ളതായി പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമായതായി കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ സ്വതന്ത്രമായ ദൃക്‌സാക്ഷികളുടെ മൊഴികളൊന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന വസ്തുതയും കോടതി പ്രത്യേകമായി ശ്രദ്ധിച്ചു. ജുഡീഷ്യല്‍ സംവിധാനത്തിന്റെ ഇടനാഴികളില്‍ ചിന്താശൂന്യമായി അലഞ്ഞുതിരിയാന്‍ ഈ കോടതിക്ക് കഴിയില്ല. കോടതിയുടെ വിലപ്പെട്ട ജുഡീഷ്യല്‍ സമയം ഇത്തരം കേസുകള്‍ക്കായി ചെലവഴിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ റോഡരികിലെ ഓവുചാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് താഹിര്‍ ഹുസൈനെ യുഎപിഎ ചുമത്തി പോലിസ് അറസ്റ്റുചെയ്തത്. അറസ്റ്റിനു പിന്നാലെ ഇദ്ദേഹത്തെ സഹോദരനെയും പോലിസ് പിടികൂടുകയായിരുന്നു.

Next Story

RELATED STORIES

Share it