Sub Lead

ദേവിക ധാര്‍ഷ്ട്യത്തിന്റെയും താന്തോന്നിത്തത്തിന്റെയും ബലിയാട്: മുല്ലപ്പള്ളി

വിദ്യാഭ്യാസം ഭരണഘടനാപരമായ അവകാശമാക്കിയ രാജ്യത്താണ് പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ഒരു കുട്ടിയുടെ ജീവന്‍ നഷ്ടമായത്. ഇത് നാണക്കേടാണ്.

ദേവിക ധാര്‍ഷ്ട്യത്തിന്റെയും താന്തോന്നിത്തത്തിന്റെയും ബലിയാട്: മുല്ലപ്പള്ളി
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെയും താന്തോന്നിത്തത്തിന്റെയും ബലിയാടാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അധസ്ഥിത വിഭാഗത്തില്‍ നിന്നുള്ള ദേവികയെന്ന പെണ്‍കുട്ടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ 30 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചില്ല. വിദ്യാഭ്യാസം ഭരണഘടനാപരമായ അവകാശമാക്കിയ രാജ്യത്താണ് പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ഒരു കുട്ടിയുടെ ജീവന്‍ നഷ്ടമായത്. ഇത് നാണക്കേടാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ക്ലാസുകള്‍ ആരംഭിക്കുന്നതിലെ അപകടം താന്‍ ചൂണ്ടിക്കാട്ടിയെങ്കിലും മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അത് ചെവിക്കൊണ്ടില്ല. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യമില്ലെന്ന കണക്ക് സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും എന്തുകൊണ്ട് ഇവര്‍ക്ക് ഇത്തരം സൗകര്യം ഒരുക്കിയില്ല. വിദ്യാഭ്യാസത്തിലൂടെ തുല്യതയെന്ന ആശയത്തിന്റെ കടയ്ക്കലാണ് ഈ സംവിധാനത്തിലൂടെ പിണറായി സര്‍ക്കാര്‍ കത്തിവച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

അനാവശ്യകാര്യങ്ങള്‍ക്കും ആഢംബരത്തിനും ധൂര്‍ത്തിനുമായി കോടികള്‍ പൊടിക്കുന്ന സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു രൂപപോലും ചെലവാക്കുന്നില്ലായെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ ഇനിയും ഇതുപോലുള്ള രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പഠിക്കാന്‍ മിടുക്കിയായിരുന്നു അത്മഹത്യ ചെയ്ത പെണ്‍കുട്ടി. അവളുടെ വേര്‍പാട് ആ കുടുംബത്തിന് വരുത്തിവച്ച നഷ്ടം വലുതാണ്. അതിന് മുന്നില്‍ മറ്റൊന്നും പകരമാകില്ല. എങ്കിലും ആകുടുംബത്തിന് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. പാര്‍ശ്വവത്കരിക്കപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയാണ് സര്‍ക്കാരിന്റെ പിടിവാശി കൊണ്ട് കരിച്ചുകളഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Next Story

RELATED STORIES

Share it