Sub Lead

മറഡോണയുടെ മരണം: മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസ്; ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പരിശോധന

മറഡോണയുടെ മരണം: മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസ്; ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പരിശോധന
X

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലിസ് കേസെടുത്തു. ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്ന ആരോപണത്തെ തുടര്‍ന്ന് സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തി. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി മറഡോണയുടെ അഭിഭാഷകനും കുടുംബവും ആരോപിച്ചിരുന്നു. ആവശ്യമായ വിധത്തില്‍ ചികില്‍സയും മരുന്നും ലഭിച്ചിരുന്നില്ലെന്നാണ് ആരോപണം. ബ്യൂണസ് അയേഴ്‌സിന് വടക്ക് ടിഗ്രെയിലുള്ള വീട്ടില്‍ ചികില്‍സ തേടിയത് സംബന്ധിച്ചാണ് മറഡോണയുടെ മൂന്ന് പെണ്‍മക്കളായ ഡാല്‍മ, ജിയാനിന, ജാന എന്നിവര്‍ അന്വേഷണം ആവശ്യപ്പെട്ടതെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് അഭിഭാഷകന്‍ മോര്‍ല ആവശ്യപ്പെട്ടു. ഹൃദസ്തംഭനമുണ്ടായപ്പോള്‍ ആംബുലന്‍സ് എത്താന്‍ അരമണിക്കൂറിലേറെ വൈകിയെന്നാണ് അഭിഭാഷകന്റെ ആരോപണം.

ഇക്കഴിഞ്ഞ നബംബര്‍ 25നാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഈയിടെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് നവംബര്‍ 11ന് വീട്ടിലെത്തിയെങ്കിലും 25നു മരണപ്പെടുകയായിരുന്നു. അര്‍ജന്റീനയുടെ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള ജാര്‍ഡിന്‍ ഡി പാസ് സെമിത്തേരിയിലാണ് സംസ്‌കരിച്ചത്.

എന്നാല്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വീട്ടില്‍ മരണപ്പെട്ടതിനാലും മരണ സര്‍ട്ടിഫിക്കറ്റില്‍ ആരും ഒപ്പിട്ടിട്ടില്ലാത്തതിനാലുമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയതെന്നും സംശയങ്ങള്‍ ഉണ്ടെന്ന് ഇതിനര്‍ത്ഥമില്ലെന്നും അന്വേഷണ സംഘാംഗം പറഞ്ഞു. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ ബുധനാഴ്ച ഉച്ചയോടെ ഉറക്കത്തിനിടെ മറഡോണ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറഡോണയുടെ ശരീരത്തില്‍ വിഷാംശം ഉണ്ടോയെന്നു കണ്ടെത്താനായി നടത്തിയ ഫലം കാത്തിരിക്കുകയാണ്. മെഡിക്കല്‍ രേഖകളും സമീപസ്ഥലത്തെ സുരക്ഷാ കാമറകളില്‍ നിന്നുള്ള റെക്കോര്‍ഡിങുകളും ശേഖരിക്കുന്നുണ്ട്.

Diego Maradona's Doctor Investigated For Involuntary Manslaughter: Report

Next Story

RELATED STORIES

Share it