Sub Lead

കിര്‍ഗിസ്- താജിക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം; 27 പേര്‍ കൊല്ലപ്പെട്ടു, 87 പേര്‍ക്ക് പരിക്ക്

കിര്‍ഗിസ്- താജിക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം; 27 പേര്‍ കൊല്ലപ്പെട്ടു, 87 പേര്‍ക്ക് പരിക്ക്
X

ബിഷ്‌കെക്: കിര്‍ഗിസ്താന്‍- താജികിസ്താന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഏകദേശം 27 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തര്‍ക്ക പ്രദേശങ്ങളില്‍ കനത്ത പീരങ്കികളും താജികിസ്താനിലെ ഒരു ഗ്രാമത്തില്‍ ഡ്രോണ്‍ ആക്രമണവും റിപോര്‍ട്ട് ചെയ്യപ്പെട്ടു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്ക് ശേഷം അതിര്‍ത്തി തര്‍ക്കത്തിലായ ഇരുരാജ്യങ്ങളും തമ്മില്‍ പതിവായി പോരാട്ടം നടക്കുകയാണ്. ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് സമ്മതിച്ചിട്ടും ഈയാഴ്ചയുടെ തുടക്കത്തില്‍ ആരംഭിച്ച പുതിയ ഏറ്റുമുട്ടല്‍ വെള്ളിയാഴ്ചയും തുടര്‍ന്നു. സപ്തംബര്‍ 16 നാണ് കിര്‍ഗിസ്താന്റെയും താജികിസ്താന്റെയും നേതാക്കള്‍ വെടിനിര്‍ത്തലിന് സമ്മതിച്ചത്. അക്രമം ആരംഭിച്ചതിനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനും ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തുകയാണ്.

കിര്‍ഗിസ്താനില്‍ ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടതായി കിര്‍ഗിസ് ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. പരിക്കേറ്റവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നുവെന്നും അവരെ ചികില്‍സയ്ക്കായി ബിഷ്‌കെക്കിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. താജികിസ്താനില്‍ നിന്ന് മൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു. വെടിവയ്പ്പ് നിര്‍ത്തിയെന്നും എന്നാല്‍ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും കിര്‍ഗിസ്താന്റെ ദേശീയ സുരക്ഷയ്ക്കായുള്ള സ്‌റ്റേറ്റ് കമ്മിറ്റി തലവന്‍ കാംചിബെക് തഷിയേവ് പറഞ്ഞു. പ്രധാനമായും സൈനികര്‍ക്കാണ് നഷ്ടം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സപ്തംബര്‍ 16 ന് വൈകുന്നേരം ബോബോജന്‍ ഗഫുറോവ് ജില്ലയിലെ ഒവ്ചികലാച്ച ഗ്രാമത്തിലെ ഒരു പള്ളിയില്‍ കിര്‍ഗിസ് ഡ്രോണ്‍ ഇടിച്ചതിന് ശേഷമാണ് കിര്‍ഗിസ് ഭാഗത്ത് മരണങ്ങളും പരിക്കുകളും റിപോര്‍ട്ട് ചെയ്തത്. കിര്‍ഗിസ്താന്‍ ഡ്രോണിന്റെ ആക്രമണത്തില്‍ ഒരു കൂട്ടം താമസക്കാര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി ഏഷ്യപ്ലസ് ടെലിഗ്രാമില്‍ സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായിട്ടും പോരാട്ടം തുടരുകയാണെന്നാണ് കിര്‍ഗിസ് അതിര്‍ത്തി സേന നേരത്തെ വ്യക്തമാക്കിയത്. അക്രമത്തെ ഭയന്ന് ഏകദേശം 20,000 ആളുകള്‍ വീടുവിട്ട് പലായനം ചെയ്തതായി റെഡ് ക്രോസ് റിപോര്‍ട്ട് ചെയ്തു. കിര്‍ഗിസ്താനും താജിക്കിസ്താനും തമ്മില്‍ ആയിരം കിലോമീറ്റര്‍ (600മൈല്‍) അതിര്‍ത്തി പങ്കിടുന്നു, അതില്‍ മൂന്നിലൊരു ഭാഗവും തര്‍ക്കത്തിലാണ്.

Next Story

RELATED STORIES

Share it