Sub Lead

മിസോറാമില്‍ പാറഖനി ഇടിഞ്ഞുവീണ് എട്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; നാല് പേര്‍ കുടുങ്ങിക്കിടക്കുന്നു

മിസോറാമില്‍ പാറഖനി ഇടിഞ്ഞുവീണ് എട്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; നാല് പേര്‍ കുടുങ്ങിക്കിടക്കുന്നു
X

ഐസ്വാള്‍: മിസോറാമിലെ ഹന്തിയാല്‍ ജില്ലയില്‍ പാറഖനി ഇടിഞ്ഞുവീണ് എട്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നാല് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മരിച്ചവരെല്ലാം ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹന്തിയാല്‍ ജില്ലയിലെ ഹൈവേ നിര്‍മാണത്തിനായി എബിസിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഖനനം നടത്തുന്ന മേഖലയിലെ 5000 ചതുരശ്ര മീറ്റര്‍ പ്രദേശത്ത് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.

ഖനിയിലുണ്ടായിരുന്ന 15 തൊഴിലാളികളില്‍ 12 പേര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ദുരന്തനിവാരണ സേനയ്‌ക്കൊപ്പം, ബിഎസ്എഫ്, അസം റൈഫിള്‍സ് സേനാംഗങ്ങളും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് മിസോറാമിലെ ദുരന്തനിവാരണ, പുനരധിവാസ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ലാല്‍ഹരിയത്പുയ പറഞ്ഞു. ആളുകള്‍ ഉപയോഗിക്കുന്ന ക്രൂഡ് രീതിയിലുള്ള ഖനനമാണ് ദുരന്തത്തിന് കാരണമായത്. മെഡിക്കല്‍ സംഘം സ്ഥലത്തുണ്ടെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. മരണപ്പെട്ടവര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ടുപോയവരാണെന്ന് പോലിസ് സൂപ്രണ്ട് (എസ്പി) വിനീത് കുമാര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് എസ്പി കുമാര്‍ പറഞ്ഞു. സംഭവം നടന്നയുടന്‍ ഹന്തിയാല്‍ ജില്ലാ അധികൃതരും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. ഖനി തകര്‍ത്ത് തൊഴിലാളികള്‍ കല്ലുകള്‍ ശേഖരിക്കുകയായിരുന്നു. അതിനിടെ മുകളില്‍നിന്ന് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഹന്തിയാല്‍ പട്ടണത്തില്‍ നിന്ന് ഏകദേശം 23 കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് മൗദ്ദ്. രണ്ട് വര്‍ഷം മുമ്പാണ് ക്വാറി പ്രവര്‍ത്തനമാരംഭിച്ചത്.

Next Story

RELATED STORIES

Share it