Sub Lead

യുപിയില്‍ ദലിത് വയോധികനെ സവര്‍ണരായ അയല്‍വാസികള്‍ തല്ലിച്ചതച്ചു

അയല്‍വാസികളായ ഏഴോളം പേര്‍ ചേര്‍ന്ന് ഇരുമ്പുവടിയും കമ്പും ഉപയോഗിച്ചാണ് വയോധികനെ തല്ലിച്ചതച്ചത്. ജനക്കൂട്ടം കാഴ്ചക്കാരായുണ്ടായിരുന്നെങ്കിലും ആരും വയോധികന്റെ രക്ഷയ്ക്കായി എത്തിയില്ല. വേദന കൊണ്ട് പിതാവിന്റെ നിലവിളി കേട്ടാണ് താന്‍ ഓടിയെത്തിയതെന്ന് രഘുവറിന്റെ മകന്‍ ആശിഷ് ദി വയറിനോട് പറഞ്ഞു.

യുപിയില്‍ ദലിത് വയോധികനെ സവര്‍ണരായ അയല്‍വാസികള്‍ തല്ലിച്ചതച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ദലിത് വയോധികനെ സവര്‍ണ ജാതിയില്‍പ്പെട്ട അയല്‍വാസികള്‍ തല്ലിച്ചതച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലി ചന്ദൗലി ഗ്രാമത്തില്‍ ജനുവരി 30നാണ് വീട്ടിലെ വാട്ടര്‍ പൈപ്പിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ദലിത് വിഭാഗത്തില്‍പ്പെട്ട 65കാരനായ ചങ്ങാലാല്‍ രഘുവറിനെ സവര്‍ണര്‍ കൂട്ടംചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. അയല്‍വാസികളായ ഏഴോളം പേര്‍ ചേര്‍ന്ന് ഇരുമ്പുവടിയും കമ്പും ഉപയോഗിച്ചാണ് വയോധികനെ തല്ലിച്ചതച്ചത്. ജനക്കൂട്ടം കാഴ്ചക്കാരായുണ്ടായിരുന്നെങ്കിലും ആരും വയോധികന്റെ രക്ഷയ്ക്കായി എത്തിയില്ല. വേദന കൊണ്ട് പിതാവിന്റെ നിലവിളി കേട്ടാണ് താന്‍ ഓടിയെത്തിയതെന്ന് രഘുവറിന്റെ മകന്‍ ആശിഷ് ദി വയറിനോട് പറഞ്ഞു.

മര്‍ദ്ദനത്തെ തുടര്‍ന്ന് രഘുവറിന്റെ ശരീരമാസകലം സാരമായ ചതവുകളുണ്ടായിട്ടുണ്ട്. മര്‍ദ്ദനത്തിനെതിരേ പരാതി നല്‍കാന്‍ പോയപ്പോള്‍ പോലിസിന്റെ ഭാഗത്തുനിന്ന് മോശം അനുഭവമാണുണ്ടായതെന്ന് രഘുവറും കുടുംബവും പറയുന്നു. മക്കളോടൊപ്പം ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ പരാതിയുമായി പോയപ്പോള്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ പോലിസ് വിസമ്മതിച്ചു. പോലിസ് കോണ്‍സ്റ്റബിളായ രഘുവറിന്റെ മകനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. തുടര്‍ന്ന് അക്രമവും പോലിസ് നിഷ്‌ക്രിയത്വവും വിവരിച്ച് കുടുംബം ലോക്കല്‍ പോലിസ് സൂപ്രണ്ടിന് കത്തെഴുതിയതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറായത്.

സവര്‍ണജാതിയില്‍പ്പെട്ട രാജേഷ്, രാജേന്ദ്ര പ്രസാദ്, ഗോലു എന്നിവരെ പേരെടുത്ത് പരാമര്‍ശിച്ചാണ് പരാതി നല്‍കിയത്. പട്ടികജാതി- വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിന്റെ (എസ്‌സി/എസ്ടി) വിവിധ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 323, 504 തുടങ്ങിയ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. രഘുവറിനെ മര്‍ദ്ദിച്ച് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി മൂന്നിന് മാത്രമാണ് കുടുംബത്തിന് എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭിച്ചത്. റായ്ബറേലിയിലെ ചന്ദൗലി ഗ്രാമത്തില്‍ മകന്‍ ആഷിഷിനും മകള്‍ക്കുമൊപ്പമാണ് മുന്‍ ട്രക്ക് ഡ്രൈവറായ ചങ്ങാലാല്‍ രഘുവര്‍ താമസിക്കുന്നത്. രഘുവറിന്റെ മൂന്ന് ആണ്‍മക്കളില്‍ ഒരാള്‍ ട്രക്ക് ഡ്രൈവറായും മറ്റൊരാള്‍ എയര്‍കണ്ടീഷണര്‍ ടെക്‌നീഷ്യനായും മൂന്നാമന്‍ പോലിസ് കോണ്‍സ്റ്റബിളായും ജോലിചെയ്യുകയാണ്.

രഘുവറിന്റെ പഴയ വീട് പുതുക്കി വാസയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടാവുന്നത്. കഴിഞ്ഞ വര്‍ഷം രഘുവറിന്റെ ഭാര്യയുടെ മരണശേഷമാണ് ജീവിതത്തിലെ സമ്പാദ്യമായ ഒരുലക്ഷം രൂപ ഉപയോഗിച്ച് കയറിക്കിടക്കാനുള്ള നല്ല വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കുടുംബം തീരുമാനിച്ചത്. നിര്‍മാണത്തിനിടെ തൊഴിലാളികള്‍ വെള്ളം വറ്റിക്കാന്‍ ഉപയോഗിക്കുന്ന പൈപ്പിന് മുകളില്‍ സവര്‍ണജാതിക്കാര്‍ സിമന്റിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് രഘുവറിന്റെ മകന്‍ കൂലിപ്പണിക്കാരനായ ആശിഷ് പറയുന്നു. ഇതെച്ചൊല്ലി പിതാവും അക്രമികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

അതിനിടയില്‍ അവര്‍ പിതാവിനെ ആക്രമിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഞങ്ങളുടെ പൈപ്പില്‍ക്കൂടി വെള്ളം പോവുന്നത് തടഞ്ഞതെന്ന് ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് തന്നെ ആക്രമിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതെന്ന് രഘുവര്‍ പരാതിയില്‍ പറയുന്നു. തനിക്ക് ദേഹമാസകലം മുറിവേറ്റിട്ടുണ്ടെന്നും രഘുവര്‍ പറയുന്നു. 'ഞാന്‍ സമീപത്തെ ഒരു വയലില്‍ ജോലി ചെയ്യുമ്പോഴാണ് ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോള്‍ അച്ഛനെ ആറേഴുപേര്‍ ചേര്‍ന്ന് കമ്പിവടി കൊണ്ടും വടികൊണ്ടും മര്‍ദ്ദിക്കുന്നത് കണ്ടു. ചുറ്റും ഒരു ജനക്കൂട്ടമുണ്ടായിരുന്നു, പക്ഷേ ആരും അച്ഛനെ സഹായിച്ചില്ല. വേദന കൊണ്ട് അച്ഛന്‍ നിലവിളിക്കുകയായിരുന്നു,'- ആശിഷ് പറഞ്ഞു.

ഒരേ ഗ്രാമത്തില്‍നിന്നുള്ളവരായതിനാല്‍ അക്രമികളെയെല്ലാം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. 'അവര്‍ ബ്രാഹ്മണരാണ്. ആരും അവരെ ചോദ്യം ചെയ്യില്ല. മിക്ക ദലിതരും അവരുടെ വയലുകളില്‍ ജോലിചെയ്യുന്നതിനാല്‍ ഞങ്ങളുടെ സമുദായാംഗങ്ങള്‍ പോലും അവരെ എതിര്‍ക്കാന്‍ ഭയപ്പെടുന്നു. 'ഞങ്ങള്‍ എപ്പോഴും നിശബ്ദത പാലിക്കുന്നു. മുന്‍കാലങ്ങളില്‍, 'സവര്‍ണ' വീടുകളില്‍നിന്നുള്ള മലം നമ്മുടെ വീടുകളില്‍ നിറച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, ഞങ്ങള്‍ ജനിച്ചത് താഴ്ന്നവരാണെന്ന് കരുതി ഒരിക്കലും പരാതിപ്പെട്ടിട്ടില്ല- ആശിഷ് പറഞ്ഞു.

സംഭവങ്ങള്‍ വിശദീകരിച്ച് ഫെബ്രുവരി രണ്ടിന് എസ്പിക്ക് എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരായത്. തന്റെ ഗ്രാമത്തിലെ ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവര്‍ തന്നെ മര്‍ദ്ദിച്ചതായും ജാതീയമായി അധിക്ഷേപിച്ചതായും എസ്പിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്നെ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ അവര്‍ ഞങ്ങള്‍ക്ക് വലിയ ദോഷം ചെയ്യും. ഞങ്ങള്‍ അതേ ദിവസം തന്നെ പരാതിയുമായി ഖിറോണ്‍ പോലിസ് സ്‌റ്റേഷനിലേക്ക് പോയി.

പരാതി വാങ്ങിയ പോലിസ് വീട്ടിലേക്ക് മടങ്ങാന്‍ പറഞ്ഞു. പക്ഷേ അവര്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തില്ല. ഒരു അന്വേഷണവും നടത്തിയില്ല. അടുത്ത ദിവസം താനും മകനായ അങ്കുഷും വീണ്ടും സ്‌റ്റേഷനിലേക്ക് പോയി. എന്നാല്‍, ഇപ്രാവശ്യം മൂന്ന് മണിക്കൂറോളം പോലിസ് ഞങ്ങളെ ജയിലിലടക്കുകയായിരുന്നു. നിരന്തരശ്രമത്തിനൊടുവില്‍ പോലിസ് പ്രതികളില്‍ രണ്ടുപേരെ അടുത്ത ദിവസം അറസ്റ്റ് ചെയ്ത ശേഷം പെട്ടെന്നുതന്നെ വിട്ടയച്ചു. പ്രതികളില്‍ ആര്‍ക്കെതിരേയും ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടില്ല- കത്തില്‍ പറയുന്നു. കത്ത് ലഭിച്ചയുടന്‍ എസ്പി ശ്ലോക് കുമാര്‍ ഇടപെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it