Sub Lead

തൃക്കാക്കരയില്‍ പോളിങ് കുറഞ്ഞു; വിജയം തങ്ങള്‍ക്കെന്ന് മുന്നണികള്‍

മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി കുറഞ്ഞ പോളിങ് ആണ് ഇന്നലെ നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.68.75 ശതമാനം.തൃക്കാക്കര മണ്ഡലം രൂപീകൃതമായ തിനു ശേഷം ഇതുവരെ നടന്ന തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ പോളിങായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്

തൃക്കാക്കരയില്‍ പോളിങ് കുറഞ്ഞു; വിജയം തങ്ങള്‍ക്കെന്ന് മുന്നണികള്‍
X

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞുവെങ്കിലും വിജയ് പ്രതീക്ഷയിലാണ് എല്‍ഡിഎഫ്,യുഡിഎഫ് മുന്നണികളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫും യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസും.പോളിങ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് സ്ഥാനാര്‍ഥികളും മുന്നണികളും പറയുന്നത്.മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി കുറഞ്ഞ പോളിങ് ആണ് ഇന്നലെ നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.68.75 ശതമാനം.തൃക്കാക്കര മണ്ഡലം രൂപീകൃതമായ തിനു ശേഷം ഇതുവരെ നടന്ന തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ പോളിങായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.

2021 നല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70.36 ശതമാനവും 2016 ലെ തിരഞ്ഞെടുപ്പില്‍ 74.65 ശതമാനവും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 76.03 ശതമാനവുമായിരുന്നു തൃക്കാക്കരയില്‍ രേഖപ്പെടുത്തിയിരുന്നത്.പി ടി തോമസ് അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.യുഡിഎഫിനായി പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെയും എല്‍ഡിഎഫിനായി ഡോ.ജോ ജോസഫിനെയും ബിജെപിക്കായി എ എന്‍ രാധാകൃഷ്ണനെയും കളത്തിലിറക്കി ഏകദേശം ഒരു മാസത്തോളം മണ്ഡലം ഇളക്കിമറിച്ചായിരുന്നു മൂന്നു മുന്നണികളും പ്രചാരണം നടത്തിയത്.മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനുമായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായിരുന്നു യുഡിഎഫിനെ മുന്നില്‍ നിന്നും നയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി,ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളും പ്രചാരണ രംഗത്തുണ്ടായിരുന്നു.

എല്‍ഡിഎഫിനായി മന്ത്രിമാരടക്കം മണ്ഡലത്തില്‍ വീടുകള്‍ തോറും കയറിയിറങ്ങിയാണ് വോട്ട് തേടിയിരുന്നത്.ഇരു മുന്നണികള്‍ക്കും തൃക്കാക്കരയിലെ വിജയം അഭിമാന പ്രശ്‌നമാണ്.അതുകൊണ്ടുതന്നെ തൃക്കാക്കര മുമ്പു കണ്ടിട്ടില്ലാത്തവിധമുള്ള തീപാറുന്ന പ്രചരണത്തിനായിരുന്നു ഒരു മാസത്തോളം സാക്ഷ്യം വഹിച്ചത്.എന്നാല്‍ ഇത്രയും ശക്തമായ പ്രചാരണം നടത്തിയിട്ടും മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ പോളിങ് ശതമാനം ഇടിഞ്ഞത് മുന്നണികളെ ഞെട്ടിച്ചിട്ടുണ്ട്.ഇന്നലെ രാവിലെ വോട്ടിംഗ് ആരംഭിച്ചതു മുതല്‍ ഉച്ചവരെ കനത്ത പോളിങായിരുന്നു. ഉച്ചയായപ്പോള്‍ പോളിങ് 50 ശതമാനത്തിലെത്തിയിരുന്നു. തെളിഞ്ഞ കാലാവസ്ഥകൂടിയായിരുന്നതിനാല്‍ തൃക്കാക്കരയില്‍ റെക്കാര്‍ഡ് പോളിങായിരിക്കും രേഖപ്പെടുത്തുകയെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഉച്ചകഴിഞ്ഞ് പോളിങ് മന്ദഗതിയിലാകുകയായിരുന്നു.

ഇതോടെ പോളിംഗ് 70 ശതമാനത്തിനപ്പുറം കടക്കില്ലെന്ന് വിലയിരുത്തപ്പെട്ടെങ്കിലും 68.75 ശതമാനത്തില്‍ എത്തി നില്‍ക്കുകയായിരുന്നു. പോളിങ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്കനുകൂലമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് പറഞ്ഞു.വോട്ടെണ്ണക്കഴിയുമ്പോള്‍ എല്‍ഡിഎഫ് തൃക്കാക്കരയില്‍ വിജയക്കൊടി പാറിക്കുമെന്നും ജോ ജോസഫ് വ്യക്തമാക്കി.എന്നാല്‍ വിജയ് സുനിശ്ചിതമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പറഞ്ഞു.പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ലെന്നും യുഡിഎഫ് വിജയിച്ചിരിക്കുമെന്നും ഉമാ തോമസ് പറഞ്ഞു. അതേ സമയം തൃക്കാക്കരയില്‍ ബിജെപി കരുത്തു കാട്ടുമെന്ന് ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it