Sub Lead

തൃക്കാക്കര ആരു പിടിക്കും; ഇരു മുന്നണികളും പ്രതീക്ഷയില്‍, വിധി നാളെ അറിയാം

ഇരുമുന്നണികള്‍ക്കും തൃക്കാക്കരയിലെ വിജയം അഭിമാന പ്രശ്‌നമായതിനാല്‍ ഫലം എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.യുഡിഎഫിന്റെ ഉമാ തോമസോ?എല്‍ഡിഎഫിന്റെ ഡോ.ജോ ജോസഫോ?. ആരായിരിക്കും പി ടി തോമസിനു ശേഷം തൃക്കാക്കരയുടെ ജനപ്രതിനിധിയായി നിയമസഭയിലെത്തുകയെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്

തൃക്കാക്കര ആരു പിടിക്കും; ഇരു മുന്നണികളും പ്രതീക്ഷയില്‍, വിധി നാളെ അറിയാം
X

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ഏതു മുന്നണി വിജയക്കൊടി പാറിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.ഇരുമുന്നണികള്‍ക്കും തൃക്കാക്കരയിലെ വിജയം അഭിമാന പ്രശ്‌നമായതിനാല്‍ ഫലം എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.യുഡിഎഫിന്റെ ഉമാ തോമസോ അതോ എല്‍ഡിഎഫിന്റെ ഡോ.ജോ ജോസഫോ ?. ആരായിരിക്കും അന്തരിച്ച പി ടി തോമസിനു ശേഷം തൃക്കാക്കരയുടെ ജനപ്രതിനിധിയായി നിയമസഭയിലെത്തുകയെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്.തൃക്കാക്കരയില്‍ ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ പറയുന്നത്.

തൃക്കാക്കരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമായിരുന്നു തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായത്.68.77 ശതമാനം.തൃക്കാക്കര മണ്ഡലം രൂപീകൃതമായതിനു ശേഷം ഇതുവരെ നടന്ന തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ പോളിങായിരുന്നു ഇത്.2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70.36 ശതമാനവും 2016 ലെ തിരഞ്ഞെടുപ്പില്‍ 74.65 ശതമാനവും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 76.03 ശതമാനവുമായിരുന്നു തൃക്കാക്കരയില്‍ രേഖപ്പെടുത്തിയിരുന്നത്.2021ല്‍ ലെ തിരിഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച വിജയിച്ച പി ടി തോമസ് 14,000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫിനെതിരെ വിജയം നേടിയത്.പി ടി തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കെ കെ റെയില്‍ അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സമരം നടത്തിവരുന്നതിനിടയിലായിരുന്നു തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എത്തിയത്.ഇതോടെ തൃക്കാക്കരയില്‍ വിജയം നേടി എല്‍ഡിഎഫ് സര്‍ക്കാരിനെ ശക്തമായ പ്രതിരോധത്തിലാക്കുകയെന്നതായിരുന്നു യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം.തിരഞ്ഞെടുപ്പ് രംഗത്തെ യുഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധവും കെ റെയില്‍ ആയിരുന്നു.എല്‍ഡിഎഫ് ആകട്ടെ ഇതിനെ പ്രതിരോധിച്ചുകൊണ്ട് വികസനമെന്ന അജണ്ട ഉയര്‍ത്തിയായിരുന്നു പ്രധാനമായും പ്രചാരണം നടത്തിയത്.

നിലവില്‍ 99 സീറ്റുമായി ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് തൃക്കാക്കരയിലെ ഫലം എന്തു തന്നെയാണെങ്കിലും സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കില്ലെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴി തെളിയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇവിടെ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന കാഴ്ചയാണ് കണ്ടത്.ഒപ്പം മന്ത്രിമാരും തൃക്കാക്കരയില്‍ ക്യാംപ് ചെയ്തുകൊണ്ട് മണ്ഡലത്തിലെ വീടുകള്‍ തോറും കയറിയിറങ്ങിയാണ് വോട്ട് തേടിയത്.എല്‍ഡിഎഫ് കണ്‍ വീനര്‍ ഇ പി ജയരാജനും മണ്ഡലത്തില്‍ സജീവമായിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് തൃക്കാക്കരയിലെ വിജയം എല്‍ഡിഎഫിനും സര്‍ക്കാരിനും എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നാണ്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായിരുന്നു യുഡിഎഫിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി,ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവരും തൃക്കാക്കരയില്‍ വീടുകള്‍ തോറും കയറി വോട്ടു തേടിയിരുന്നു.വി ഡി സതീശനും കെ സുധാകരനും പാര്‍ട്ടിയുടെയും മുന്നണിയുടെയും നേതൃസ്ഥാനം ഏറ്റെടുത്തതിനു ശേഷമുളള ആദ്യ തിരഞ്ഞെടുപ്പു കൂടിയായിരുന്നതിനാല്‍ ഫലം ഇരുവര്‍ക്കും നിര്‍ണ്ണായകമാണ്.തൃക്കാക്കര മണ്ഡലം ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തില്‍ മണ്ഡലമാകെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് മുന്നണികള്‍ നടത്തിയത്.എന്നിട്ടും പോളിങ് ശതമാനം മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ താഴെപ്പോയത് മൂന്നു മുന്നണികളെയും ഞെട്ടിച്ചിരിക്കുകയാണ്.

തൃക്കാക്കര നഗരസഭയും കൊച്ചി കോര്‍പ്പറേഷിലെ ഏതാനും ഡിവിഷനുകളും മാത്രം ഉള്‍പ്പെടുന്നതാണ് തൃക്കാക്കര നിയോജക മണ്ഡലം.തൃക്കാക്കര മേഖലയിലെ ബൂത്തികളില്‍ സാമാന്യം നല്ല രീതിയില്‍ പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ കൊച്ചി കോര്‍പ്പറേഷനിലെ ഡിവിഷനുകളിലെ പല ബുത്തുകളിലും പോളിങ് ശതമാനം തീരെക്കുറവായിരുന്നു.യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞതെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. എന്നാല്‍ യുഡിഎഫ് ഇത് പൂര്‍ണ്ണമായും തള്ളുകയാണ്. മുന്‍ തിരഞ്ഞെടുപ്പുകളിലും സമാനരാതിയിലായിരുന്നു ഇവിടെ പോളിങ് നടന്നിട്ടുള്ളതെന്നും എന്നിട്ടും യുഡിഎഫ് മികച്ച ഭുരിപക്ഷത്തില്‍ തന്നെയായിരുന്നു വിജയിച്ചതെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

വോട്ടെടുപ്പിന്റെ തലേ ദിവസം വരെ 15,000 ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നായിരുന്നു എല്‍ഡിഎഫും യുഡിഎഫും അവകാശപ്പെട്ടിരുന്നതെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇരു മുന്നണികളും വിജയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ മാത്രമായിരിക്കുമെന്നാണ് കണക്കു കൂട്ടല്‍.ചിലപ്പോള്‍ അയ്യായിരത്തില്‍ താഴെ മാത്രമെ ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയുള്ളുവെന്നും ഇവര്‍ പറയുന്നുണ്ട്.നാളെ രാവിലെ എട്ടു മുതല്‍ മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Next Story

RELATED STORIES

Share it