Sub Lead

കര്‍ഷക പ്രക്ഷോഭം: പഞ്ചാബില്‍ ജീവന്‍ നഷ്ടപ്പെട്ടത് 48 കര്‍ഷകര്‍ക്ക് -നിയമം പിന്‍വലിക്കാന്‍ തയ്യാറാവാതെ മോദി സര്‍ക്കാര്‍

102 വയസ്സുകാരനും 72 കാരനും സമരത്തിന്റെ ഭാഗമായി മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 24കാരന്‍ ഉള്‍പ്പടെ നിരവധി യുവാക്കളും സമരത്തിന്റെ ഭാഗമായി മരിച്ചു. എത്ര കുരുന്നുകളെ മോദി സര്‍ക്കാര്‍ പിതാവ് നഷ്ടപ്പെട്ടവരാക്കുമെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.

കര്‍ഷക പ്രക്ഷോഭം:    പഞ്ചാബില്‍ ജീവന്‍ നഷ്ടപ്പെട്ടത് 48 കര്‍ഷകര്‍ക്ക്    -നിയമം പിന്‍വലിക്കാന്‍ തയ്യാറാവാതെ മോദി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം ഒരു മാസം പിന്നിടുന്നതിനിടെ പഞ്ചാബില്‍ മാത്രം നഷ്ടപ്പെട്ടത് 48 ജീവനുകള്‍. കര്‍ഷക സമരത്തിനിടെ ഹൃദയാഘാതം സംഭവിച്ചും സമരത്തില്‍ പങ്കെടുക്കുന്ന വയോധികര്‍ രോഗം മൂലവും വാഹനപാകടങ്ങളിലുമാണ് കര്‍ഷകര്‍ കൂടുതല്‍ മരിച്ചത്. കര്‍ഷക സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടവരെ രക്തസാക്ഷികള്‍ എന്നാണ് ഗ്രാമീണര്‍ വിളിക്കുന്നത്. അതിശൈത്യവും തുടര്‍ച്ചയായ സമരവും വയോധികരായ കര്‍ഷകരുടെ ജീവന് ഭീഷണിയാകുന്നുണ്ട്. സമരത്തിനിടെ നിരവധി പേര്‍ മരിച്ചിട്ടും വൃദ്ധരും സ്ത്രീകളുമടക്കം ആയിരങ്ങളാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്.

ഡിസംബര്‍ ഒന്നിനാണ് 32കാരനായ ബജീന്ദര്‍ സിങ് മരിച്ചത്. കര്‍ഷക സമരത്തില്‍ പങ്കെടുത്ത് തിരിച്ചുവരുന്നതിനിടെ വാഹനാപകടത്തിലായിരുന്നു മരണം. കൂടെയുണ്ടായിരുന്ന ഗ്രാമീണര്‍ അദ്ദേഹത്തെ രക്തസാക്ഷിയായി ഉയര്‍ത്തിക്കാട്ടി. സമരാവേശം ഉയര്‍ത്താന്‍ പഞ്ചാബില്‍ ഇത്തരം മരണങ്ങള്‍ ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുന്‍പാണ് ബജീന്ദര്‍ സിങിന്റെ പിതാവ് മരിച്ചത്. ഇപ്പോള്‍ ബജീന്ദര്‍ സിങ്ങും മരണപ്പെട്ടു.

കര്‍ഷക പ്രക്ഷോഭം തുടങ്ങിയതിന് ശേഷം ഡിസംബര്‍ 24 വരെ 48 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്ന് കര്‍ഷക സംഘടന പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു. 102 വയസ്സുകാരനും 72 കാരനും സമരത്തിന്റെ ഭാഗമായി മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 24കാരന്‍ ഉള്‍പ്പടെ നിരവധി യുവാക്കളും സമരത്തിന്റെ ഭാഗമായി മരിച്ചു. എത്ര കുരുന്നുകളെ മോദി സര്‍ക്കാര്‍ പിതാവ് നഷ്ടപ്പെട്ടവരാക്കുമെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.

കര്‍ഷക പ്രക്ഷോഭം ആളിക്കത്തിയിട്ടും കര്‍ഷക നിയമം പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനിടെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. അടുത്ത ഒന്നോ രണ്ടോ വര്‍ഷം നിയമം പരീക്ഷിക്കാമെന്നും കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ പിന്‍വലിക്കാമെന്നുമാണ് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചത്. എന്നാല്‍ നിയമം പിന്‍വലിക്കാതെ ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്ന നിലപാടിലാണ് അതി ശൈത്യത്തിനിടയിലും കര്‍ഷകര്‍.

പുതിയ മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സമവായ ഫോര്‍മുല മുന്നോട്ട് വെച്ചത്. എന്നാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കര്‍ഷക സമരം ഒരു മാസം പിന്നിടുമ്പോള്‍ കോര്‍പറേറ്റ് വിരുദ്ധ പ്രക്ഷോഭമായി മാറ്റുകയാണ് കര്‍ഷക സംഘടനകള്‍.

സെപ്തംബര്‍ 27ന് നിലവില്‍ വന്ന കാര്‍ഷിക നിയമങ്ങളിലെ ആശങ്ക പലതവണ സര്‍ക്കാരിനെ അറിയിച്ചിട്ടും പ്രതിഷേധിച്ചിട്ടും കണ്ടില്ലെന്ന് നടിച്ചതോടെയാണ് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് നീങ്ങിയത്. നവംബര്‍ 25ന് പലയിടങ്ങളില്‍ നിന്നായി പാര്‍ലമെന്റ് ലക്ഷ്യമാക്കി കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചു. 26ന് പഞ്ചാബ്, ഹരിയാന, യു.പി സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിയതോടെ കൊവിഡ് ചൂണ്ടികാട്ടി പോലീസ് തടഞ്ഞു. ഇതോടെ കര്‍ഷകരുടെ പോരാട്ടം സിംഗു, ശംഭു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ സമരം ശക്തമാക്കി. സമരം കോര്‍പ്പറേറ്റ് വിരുദ്ധ നീക്കമായി മാറ്റുന്നതിനുള്ള പ്രചാരണം ആരംഭിച്ചു.

Next Story

RELATED STORIES

Share it