Sub Lead

പ്രക്ഷോഭം ശക്തിപ്പെടുത്താൻ രണ്ടായിരത്തിലധികം സ്ത്രീകൾ കൂടി ഡൽഹിയിലേക്ക്

മൂന്നാഴ്ചയോളം സിംഘു, തിക്രി, ഗാസിപൂർ അതിർത്തി സ്ഥലങ്ങളിൽ കർഷകർ തമ്പടിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്കുള്ള നിരവധി റോഡുകൾ അടഞ്ഞുകിടക്കുകയാണ്.

പ്രക്ഷോഭം ശക്തിപ്പെടുത്താൻ രണ്ടായിരത്തിലധികം സ്ത്രീകൾ കൂടി ഡൽഹിയിലേക്ക്
X

ലുധിയാന: കർഷക പ്രക്ഷോഭം ശക്തിപ്പെടുത്താൻ രണ്ടായിരത്തിലധികം സ്ത്രീകൾ കൂടി ഡൽഹിയിലേക്ക് എത്തുന്നു. രണ്ടായിരത്തിലധികം സ്ത്രീകൾ സിംഘു അതിർത്തിയിൽ പ്രക്ഷോഭത്തിലുള്ള അവരുടെ കുടുംബത്തോടൊപ്പം ചേരുമെന്നും റിപോർട്ട്.

പഞ്ചാബിൽ നിന്ന് വരുന്ന സ്ത്രീകളെ സ്വീകരിക്കാൻ തങ്ങൾ ഒരുക്കങ്ങൾ നടത്തുകയാണെന്ന് കർഷക നേതാക്കൾ പറഞ്ഞു. ടെന്റുകളും പ്രത്യേക ലങ്കാറുകളും താൽക്കാലിക ടോയ്‌ലറ്റുകളും ഒരുക്കുന്നുണ്ടെന്ന് നേതാക്കൾ പറഞ്ഞു.

മൂന്നാഴ്ചയോളം സിംഘു, തിക്രി, ഗാസിപൂർ അതിർത്തി സ്ഥലങ്ങളിൽ കർഷകർ തമ്പടിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്കുള്ള നിരവധി റോഡുകൾ അടഞ്ഞുകിടക്കുകയാണ്. യാത്രക്കാർക്ക് അസൗകര്യം ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

സിംഘു, ഔചന്ദി, പിയാവു മനിയാരി, സബോളി, മംഗേഷ് അതിർത്തികൾ അടച്ചതായും ലാംപൂർ, സഫിയാബാദ്, സിംഘു സ്‌കൂൾ ടോൾ ടാക്സ് അതിർത്തികൾ വഴി ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുക്കർബ, ജിടികെ റോഡിൽ നിന്ന് ഗതാഗതം വഴിതിരിച്ചുവിട്ടതായും പോലിസ് പറഞ്ഞു.

സിംഘു അതിർത്തിയിലെ പ്രതിഷേധ സ്ഥലത്ത് വിവിധ തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് പോലിസ് ഒരുക്കിയിരിക്കുന്നത്. കോൺക്രീറ്റ് ബ്ലോക്കുകൾ, അധിക പോലിസ് സേന, മുള്ളുകമ്പികൾ എന്നിവ ഉപയോ​ഗിച്ചാണ് കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയുവാൻ പോലിസ് ഒരുങ്ങിയത്.

ഡൽഹി പോലിസ് വിന്യസിച്ച ബാരിക്കേഡുകൾക്ക് പിന്നിലായി അർധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരോടൊപ്പം റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ സംഘവും കാവൽ നിൽക്കുന്നു. ജല പീരങ്കികൾ, ട്രക്കുകൾ, ഇരുമ്പ് ബാരിക്കേഡുകൾ എന്നിവയും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച 32 ഓളം കർഷക യൂനിയനുകളുടെ നേതാക്കൾ സിംഘു അതിർത്തിയിൽ ഒരു ദിവസം നീണ്ടുനിന്ന നിരാഹാര സമരം സംഘടിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it