Sub Lead

ഹരിത: നടപടിയില്‍ സ്വാഭാവിക നീതിയുണ്ടായില്ലെന്ന് ഫാത്തിമ തഹ് ലിയ

ഹരിത:  നടപടിയില്‍ സ്വാഭാവിക നീതിയുണ്ടായില്ലെന്ന് ഫാത്തിമ തഹ് ലിയ
X

കോഴിക്കോട്: ഹരിത ഭാരവാഹികള്‍ക്കെതിരേ മുസ് ലിംലീഗ് എടുത്ത നടപടിയില്‍ സ്വാഭാവിക നീതിയുണ്ടായില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. മുസ് ലിംലീഗ് നേതൃത്വത്തിനാണ് ഹരിത ഭാരവാഹികള്‍ ആദ്യം പരാതി നല്‍കിയത്. എന്നാല്‍, പ്രശ്‌നം പരിഹരിക്കുന്നതില്‍ കാലതാമസമുണ്ടായി. പെണ്‍കുട്ടികള്‍ കടുത്ത മെന്റല്‍ ട്രോമയിലൂടെയാണ് കടന്നു പോകുന്നത്. ഈ വിഷയത്തില്‍ പെട്ടെന്ന് പരിഹാരം ഉണ്ടാവണമെന്ന് അത് കൊണ്ടാണ് ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വങ്ങളെ വ്യക്തിപരമായും ഔദ്യോഗികമായി ബന്ധപ്പെട്ടു. പരാതി എഴുതി നല്‍കി. എന്നാല്‍, പ്രശ്‌നം പരിഹരിക്കുന്നതില്‍ കാലതാമസമുണ്ടായതായും ഫാത്തിമ തഹ് ലിയ ചൂണ്ടിക്കാട്ടി. ഹരിത ഭാരവാഹികള്‍ക്കെതിരേ എടുത്ത നടപടിയില്‍ സങ്കടവും വിയോജിപ്പും ഉണ്ട്. ഇത് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഹരിത ഭാരവാഹികള്‍ ആരും പൊതു വേദിയില്‍ പറഞ്ഞിട്ടില്ല. വനിതാ കമ്മീഷനില്‍ മാത്രമാണ് പരാതി നല്‍കിയത്. അത്രമാത്രം സൂക്ഷമതയോടെ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നവരാണ് ഹരിതയിലെ ഭാരവാഹികള്‍ എന്നും തഹ് ലിയ പറഞ്ഞു.

എന്താണ് ഇതിന്റെ നാള്‍വഴികള്‍ എന്ന് എല്ലാവര്‍ക്കും അറിയാം. ഒരുമാസം മുന്‍പ് തുടങ്ങിയ നടപടി ക്രമങ്ങളില്‍ രണ്ട് പേരെ വിളിപ്പിച്ചുവരുത്തിയിരുന്നു. പി കെ നവാസിനെതിരേയും കബീര്‍ മുതുപറമ്പിനെതിരേയും മുസ് ലിംലീഗ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരുന്നു. എംഎസ്എഫിന്റെ നാഷണല്‍ കമ്മിറ്റിക്കും നല്‍കിയിരുന്നു. നാഷണല്‍ കമ്മിറ്റി ഈ രണ്ട് കക്ഷികളേയും വിളിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

പാര്‍ട്ടിയില്‍ സംവിധാനത്തില്‍ വിശ്വാസമുണ്ട്. ഹരിത ഭാരവാഹികള്‍ക്കെതിരേ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയവര്‍ക്കെതിരേ മാതൃകാപരമായ നടപടി ഉണ്ടാവും എന്ന് തന്നേയാണ് വിശ്വാസമെന്നും തഹ് ലിയ പറഞ്ഞു. പരാതി നല്‍കിയതിനെ തുടര്‍ന്ന് തങ്ങള്‍ക്കെതിരേ നടത്തുന്ന വ്യക്തിഹത്യകള്‍ അവസാനിപ്പിക്കണമെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അപേക്ഷിച്ചു.

ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി തഹ്‌ലിയ നേരത്തെ രംഗത്തെത്തിയിരുന്നു. ആണഹന്തക്കെതിരെ പൊരുതിയ ഗൗരിയമ്മയാണ് തന്റെ ഹീറോ എന്നായിരുന്നു തഹ്‌ലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്ന് ആരോപിച്ച് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല.

ഇതിനെ തുടര്‍ന്നാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചത്. അതേസമയം പരാതി പറഞ്ഞ ഹരിതക്കെതിരെ നടപടിയെടുത്തത് സംഘടനക്കുള്ളില്‍ തന്നെ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ലീഗ് നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസ്സമദ് രാജിവെച്ചു.

Next Story

RELATED STORIES

Share it