Sub Lead

അഴിമതിയും ലൈംഗിക ആരോപണവും: മുതിര്‍ന്ന റവന്യൂ ഉദ്യോസ്ഥരോട് വിരമിക്കാന്‍ കേന്ദ്രം

ഇതില്‍ ഏഴ് പേര്‍ കമ്മീഷണര്‍മാരാണ്. ഒരു ജോയിന്റ് കമ്മീഷണറും മൂന്ന് അഡീഷണല്‍ കമ്മീഷണര്‍മാരും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഈ പട്ടികയില്‍ ഉള്‍പ്പെടും

അഴിമതിയും ലൈംഗിക ആരോപണവും: മുതിര്‍ന്ന റവന്യൂ ഉദ്യോസ്ഥരോട് വിരമിക്കാന്‍ കേന്ദ്രം
X

ന്യൂഡല്‍ഹി: അഴിമതി, ലൈംഗിക ആരോപണം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ആരോപണം നേരിട്ട 12 ഉന്നത ഉദ്യോഗസ്ഥരോടു നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശിച്ച് കേന്ദ്ര ധനമന്ത്രാലയം. ഇതില്‍ ഏഴ് പേര്‍ കമ്മീഷണര്‍മാരാണ്. ഒരു ജോയിന്റ് കമ്മീഷണറും മൂന്ന് അഡീഷണല്‍ കമ്മീഷണര്‍മാരും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഈ പട്ടികയില്‍ ഉള്‍പ്പെടും.റവന്യൂ വകുപ്പിലെ ഏറ്റവും ഉയര്‍ന്ന തസ്തികളിലൊന്നാണ് കമ്മീഷണര്‍ പദവി. എട്ടു പേര്‍ക്കെതിരെയുള്ളതു ഗുരുതരമായ അഴിമതിയാരോപണങ്ങളാണ്. ഇത് സിബിഐ അന്വേഷണത്തിന്റെ പരിധിയിലാണ്.ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. ഉദ്യോഗസ്ഥ തലത്തിലെ ശുദ്ധീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.

ആദ്യമായാണ് സര്‍ക്കാര്‍ ഇത്തരം കേസുകള്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യപ്പെടുന്നത്. ആദായ നികുതി ജോയിന്റ് കമ്മീഷണര്‍ അശോക് അഗര്‍വാള്‍, അപ്പീല്‍ കമ്മീഷണര്‍ എസ് കെ ശ്രീവാസ്തവ, റവന്യൂ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥനായ ഹോമി രാജ് വംശ് തുടങ്ങിയവര്‍ ഈ പട്ടികയില്‍ പെടും.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ പ്രതി ചേര്‍ത്ത ആള്‍ദൈവം ചന്ദ്രസ്വാമിയെ സഹായിക്കാന്‍ വ്യവസായികളുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും ബലം പ്രയോഗിച്ച് പണം വാങ്ങിയെന്നുമായിരുന്നു അശോക് അഗര്‍വാളിനെതിരെയുള്ള ആരോപണം.

രണ്ടു വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി അക്രമിച്ചെന്ന കേസില്‍ പ്രതിയാണു ശ്രീവാസ്തവ. നികുതിവെട്ടിപ്പ്, അഴിമതി തുടങ്ങിയ കേസുകള്‍ കൂടി ഇയാളുടെ പേരിലുണ്ട്. മുന്‍ എം.പി ജയ് നാരായണ്‍ നിഷാദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശ്രീവാസ്തവയ്‌ക്കെതിരെ കേസെടുക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സുപ്രീം കോടതി, ഡല്‍ഹി ഹൈക്കോടതി, കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ എന്നിവിടങ്ങളിലായി ശ്രീവാസ്തവയ്‌ക്കെതിരേ 75 പരാതികളാണു ലഭിച്ചിട്ടുള്ളത്. അഴിമതിയിലൂടെ സ്വത്തുണ്ടാക്കിയെന്നാണ് രാജ് വംശിനെതിരായ ആരോപണം. കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it