Big stories

ഗസയിലെ അഭയാര്‍ഥി ക്യാംപില്‍ തീപ്പിടിത്തം; കുട്ടികളടക്കം 21 പേര്‍ക്ക് ദാരുണാന്ത്യം

ഗസയിലെ അഭയാര്‍ഥി ക്യാംപില്‍ തീപ്പിടിത്തം; കുട്ടികളടക്കം 21 പേര്‍ക്ക് ദാരുണാന്ത്യം
X

ഗസ: വടക്കന്‍ ഗസ മുനമ്പിലെ അഭയാര്‍ഥി ക്യാംപിലെ റസിഡന്‍ഷ്യന്‍ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 21 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ 10 പേര്‍ കുട്ടികളാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജബലിയ അഭയാര്‍ഥി ക്യാംപിലാണ് തീപ്പിടിത്തമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഭയാര്‍ഥി ക്യാംപിലെ വീട്ടില്‍ നിന്നുണ്ടായ പാചക വാതക ചോര്‍ച്ചയാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. മരണസംഖ്യ ഇനിയും ഉയരാമെന്ന് ഫപലസ്തീന്‍ ആരോഗ്യവിഭാഗം വ്യക്തമാക്കി. ഗസയിലെ എട്ട് അഭയാര്‍ഥി ക്യാംപുകളില്‍ ഒന്നാണ് ജബലിയ. കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി മന്ത്രാലയ വക്താവ് ഇയാദ് അല്‍ ബാസം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരു ഡോക്ടര്‍, ഒരു പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ഒരു ഫാര്‍മസിസ്റ്റ്, അവരുടെ ഭാര്യമാരും കുട്ടികളും ഉള്‍പ്പെടുന്നു.

ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പിഎല്‍ഒ) എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹുസൈന്‍ അല്‍ഷൈഖ്, പരിക്കേറ്റവരെ ഗസയ്ക്ക് പുറത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോവാന്‍ അനുവദിക്കുന്നതിന് എറെസ് ക്രോസിങ് തുറക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. പോലിസ് സേനകളും സിവില്‍ ഡിഫന്‍സും ഫോറന്‍സിക് സംഘങ്ങളും സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ഗസ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്രയും പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഒരുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it