Sub Lead

ഡി.രാജ സിപിഐ ജനറല്‍ സെക്രട്ടറി; പദവിയിലെത്തുന്ന ആദ്യ ദലിത് നേതാവ്

കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് രാജയുടെ പേരും സജീവമായിരുന്നു. എന്നാല്‍ സംഘടനയില്‍ നിര്‍ണായക സ്വാധീനമുള്ള കേരള ഘടകത്തിന്‍റെ എതിര്‍പ്പ് രാജയ്ക്ക് തിരിച്ചടിയായി. ഇത്തവണ അമർജീത് കൗറിനെ ദേശീയ ജനറൽ സെക്രട്ടറിയാക്കണമെന്നായിരുന്നു കേരള ഘടകത്തിന്‍റെ അഭിപ്രായമെന്നാണ് സൂചന.

ഡി.രാജ സിപിഐ ജനറല്‍ സെക്രട്ടറി; പദവിയിലെത്തുന്ന ആദ്യ ദലിത് നേതാവ്
X

ന്യുഡൽഹി: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ ഇനി ഡി രാജ നയിക്കും. കമ്യുണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ ദലിതനാണ് രാജ. തമിഴ്നാട്ടില്‍നിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതല്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. സംഘടനയുടെ ജനപിന്തുണ തിരിച്ചുകൊണ്ടുവരികയെന്ന വെല്ലുവിളിയാണ് ഡി രാജയെ കാത്തിരിക്കുന്നത്.

തമിഴ്‍നാട് വെല്ലൂരിലെ ദലിത്, കര്‍ഷക കുടുംബത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിലേക്കുള്ള ദൊരൈസാമി രാജയെന്ന ഡി. രാജയുടെ പ്രയാണം സമരപോരാട്ടങ്ങളുടേതായിരുന്നു. എണ്‍പതുകളില്‍ 'തൊഴില്‍ അല്ലെങ്കില്‍ ജയിലെ'ന്ന മുദ്രാവാക്യമുയര്‍ത്തി യുവജന വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ രാജ്യവ്യാപക പ്രക്ഷോഭങ്ങളിലൂടെ ഇന്ദ്രപ്രസ്ഥത്തിലെ ശ്രദ്ധേയനായ വിദ്യാര്‍ഥി നേതാവായി രാജ മാറി.

എഐവൈഎഫ് ദേശീയ സെക്രട്ടറി പദത്തിന് പിന്നാലെ 1994 മുതല്‍ ഡി രാജ രണ്ടു തവണ രാജ്യസഭ അംഗമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന രാജ പ്രതിപക്ഷ ഐക്യവേദികളിലെ സിപിഐയുടെ സ്ഥിരം മുഖമാണ്. കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് രാജയുടെ പേരും സജീവമായിരുന്നു. എന്നാല്‍ സംഘടനയില്‍ നിര്‍ണായക സ്വാധീനമുള്ള കേരള ഘടകത്തിന്‍റെ എതിര്‍പ്പ് രാജയ്ക്ക് തിരിച്ചടിയായി.

അമർജീത് കൗറിനെ ദേശീയ ജനറൽ സെക്രട്ടറിയാക്കണമെന്നായിരുന്നു കേരള ഘടകത്തിന്‍റെ അഭിപ്രായമെന്നാണ് സൂചന. എന്നാൽ ഭിന്നതകൾ ഒഴിവാക്കണമെന്ന സുധാകർ റെഡ്ഡിയുടെ നിർദേശത്തെത്തുടർന്ന്, പൊതു അഭിപ്രായത്തിനൊപ്പം നില്‍ക്കാന്‍ കേരള ഘടകവും നിര്‍ബന്ധിതമായതോടെ ഡി രാജ ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തുകയാണ്.

എന്നാൽ സിപിഎംൻറെ പരമോന്നത കമ്മിറ്റിയായ പൊളിറ്റ് ബ്യുറോയിൽ പോലും ദലിത് വിഭാഗത്തിൽ നിന്ന് ആരുമില്ല. വർഷങ്ങളായി ഈ വിമർശനം ഏറ്റുവാങ്ങുന്ന രണ്ട് ഇടതുപക്ഷ പാർട്ടികളാണ് സിപിഎമ്മും സിപിഐയും.

Next Story

RELATED STORIES

Share it