Sub Lead

ചാലിയാറില്‍ ഇന്ന് ലഭിച്ചത് അഞ്ച് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും

ആകെ 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും കണ്ടെടുത്തു

ചാലിയാറില്‍ ഇന്ന് ലഭിച്ചത് അഞ്ച് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും
X

നിലമ്പൂര്‍: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 121 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. പോലിസ്, വനം, ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, നാട്ടുകാര്‍, നൂറുകണക്കിന് വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നാല് ദിവസമായി നടത്തിയ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങള്‍ ലഭിച്ചത്. വെള്ളിയാഴ്ച മാത്രം 5 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. ഇതുവരെ 180 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. 149 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോവുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു.

ചാലിയാറിന്റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, കുട്ടംകുളം, അമ്പിട്ടംപൊട്ടി, മുണ്ടേരി വാണിയംപുഴ എന്നിവിടങ്ങളില്‍ നിന്നാണ് സംയുക്ത പരിശോധാ സംഘവും സന്നദ്ധ സംഘടനകളും ഇന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രാവിലെ മുതല്‍ എന്‍ഡിആര്‍എഫ്, നാവികസേന, അഗ്‌നിരക്ഷാ സേന, വനം, പോലിസ് സേനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഏഴോടെ സംയുക്ത സേനകള്‍ നാവികസേനയുടെ ചോപ്പറില്‍ വയനാട്-മലപ്പുറം ജില്ലാ അതിര്‍ത്തി മേഖലയായ സൂചിപ്പാറയില്‍ തിരച്ചില്‍ നടത്തി. പോലിസ് സേനയുടെ ചോപ്പറും ഇന്നലെ തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. അതിദുര്‍ഘടമായ വനമേഖലയായതിനാലാണ് ചോപ്പറുകള്‍ ഉപയോഗിച്ചത്. സേനകള്‍ സൂചിപ്പാറയിലിറങ്ങി വനമേഖലയില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ മടങ്ങി. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേകം പരിശീലനം സിദ്ധിച്ച നായയുമായി ഇടുക്കിയില്‍ നിന്നെത്തിയ പോലിസ് സേനാംഗങ്ങള്‍ മുണ്ടേരി ഇരട്ടുകുത്തി മുതല്‍ മാളകം വരെയുള്ള ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ മൃതദേഹങ്ങളോ ഭാഗങ്ങളോ നായയ്ക്കും കണ്ടെത്താനായില്ല. വാണിയംപുഴ, കുമ്പളപ്പാറ ഭാഗങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകളും നടന്നു. ലഭിച്ച മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ അശുപത്രിയിലേക്ക് മാറ്റി. ചാലിയാറിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. ഉച്ചവരെ മഴ മാറിനിന്നത് തിരച്ചിലിന് അനകൂലഘടകമായി. ഉച്ചയോടെ കൃഷിമന്ത്രി പി പ്രസാദ് ഇരുട്ടുകുത്തിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അവസാന മൃതദേഹം കണ്ടെത്തുംവരെ ചാലിയാര്‍ പുഴയില്‍ പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു. വൈകിട്ട് അഞ്ചോടെ നാലാം ദിനത്തിലെ പരിശോധനകള്‍ നിര്‍ത്തി സംഘാംഗങ്ങളും ഉദ്യോഗസ്ഥരും മടങ്ങി. ശനിയാഴ്ചയും പരിശോധനകള്‍ തുടരും.

Next Story

RELATED STORIES

Share it