Sub Lead

ഹിമാചലില്‍ മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും; 22 മരണം, എട്ടുപേരെ കാണാതായി

ഉത്തരാഖണ്ഡ്, ഒഡിഷ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും മഴക്കെടുതികള്‍ രൂക്ഷമാണ്. ഉത്തരാഖണ്ഡിലും ഒഡിഷയിലും നാലുപേര്‍ വീതവും ഝാര്‍ഖണ്ഡില്‍ ഒരാളും മരിച്ചു.

ഹിമാചലില്‍ മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും; 22 മരണം, എട്ടുപേരെ കാണാതായി
X

ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലുമായി ഒരു കുടുംബത്തിലെ എട്ടുപേരുള്‍പ്പെടെ 22 പേര്‍ മരിച്ചു. എട്ടുപേരെ കാണാതായി. ഉത്തരാഖണ്ഡ്, ഒഡിഷ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും മഴക്കെടുതികള്‍ രൂക്ഷമാണ്. ഉത്തരാഖണ്ഡിലും ഒഡിഷയിലും നാലുപേര്‍ വീതവും ഝാര്‍ഖണ്ഡില്‍ ഒരാളും മരിച്ചു.

ഹിമാചലില്‍ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പലരും വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയ നിലയിലാണ്. മാണ്ഡി, കാന്‍ഗ്ര, ചമ്പ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കാന്‍ഗ്ര ജില്ലയിലെ ചക്കിനദിയിലെ റെയില്‍പ്പാലം തകര്‍ന്നതോടെ ജോഗീന്ദര്‍നഗറിനും പത്താന്‍കോട്ടിനും ഇടയിലുള്ള തീവണ്ടി ഗതാഗതം നിര്‍ത്തിെവച്ചു. മാണ്ഡിയിലെ മണാലിചണ്ഡീഗഢ് ദേശീയപാതയും ഷോഗിയിലെ ഷിംലചണ്ഡീഗഢ് ഹൈവേയും ഉള്‍പ്പെടെ 743 റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു.

മാണ്ഡിയില്‍മാത്രം 13 പേര്‍ മരിച്ചു. ആറ് പേരെ കാണാതായി. കാഷാന്‍ ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുതകര്‍ന്ന് മണ്ണിനടിയില്‍പ്പെട്ട് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. നാലു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ചമ്പ ജില്ലയിലില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. മാണ്ടിയില്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് ഒരു പെണ്‍കുട്ടി മരിച്ചു. കാന്‍ഗ്ര ജില്ലയില്‍ വീടുതകര്‍ന്ന് ഒമ്പത് വയസ്സുള്ള കുട്ടി മരിച്ചു. ലാഹാര്‍ ഗ്രാമത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 48കാരന്‍ മരിച്ചു. ഷിംലയിലെ തിയോഗില്‍ കാറിനുമേല്‍ പാറക്കഷ്ണങ്ങള്‍ വീണ് രണ്ടുപേര്‍ മരിച്ചു. മേഘസ്‌ഫോടനത്തെത്തുടര്‍ന്ന് ഭാഗി മുതല്‍ ഓള്‍ കട്ടോല വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ വീടുവിട്ട് ക്യാമ്പുകളില്‍ അഭയം പ്രാപിച്ചു.

ബാല്‍, സാദര്‍, തുനാഗ്, മാണ്ടി, ലാമാതാച്ച് എന്നീ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് വ്യാഴാഴ്ചവരെ മഴ തുടരുമെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഉത്തരാഖണ്ഡില്‍ ദെഹ്‌റാദൂണിലെ റായ്!പുരിലെ സര്‍ഖേത് ഗ്രാമത്തില്‍ മേഘസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പെരുമഴയില്‍ നദികള്‍ കരകവിഞ്ഞു. പാലങ്ങള്‍ ഒലിച്ചുപോയി. ടോണ്‍സ് നദിയുടെ തീരത്തുള്ള തപ്‌കേശ്വര്‍ക്ഷേത്ര ഗുഹകളിലും വെള്ളം കയറി. ശനിയാഴ്ച പുലര്‍ച്ചെ 2.15ഓടെയായിരുന്നു മേഘസ്‌ഫോടനം.

വടക്കന്‍ ഒഡിഷയും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്തമഴയില്‍ മേഖലയിലെ പലഭാഗങ്ങളും വെള്ളക്കെട്ടിലായി. 500 ഗ്രാമങ്ങളിലെ നാലുലക്ഷത്തോളം ആളുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.

Next Story

RELATED STORIES

Share it