Sub Lead

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങള്‍ക്ക് വിലക്ക്

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങള്‍ക്ക് വിലക്ക്
X

തിരുവനന്തപുരം: പ്രത്യേക വാര്‍ത്താസമ്മേളത്തില്‍ നാല് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൈരളി, ജയ്ഹിന്ദ്, റിപോര്‍ട്ടര്‍, മീഡിയാ വണ്‍ എന്നീ മാധ്യമങ്ങളെയാണ് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ രാവിലെ പറഞ്ഞിരുന്നു. രാജ്ഭവനിലേക്ക് അപേക്ഷ അയച്ചാല്‍ പരിശോധിച്ച് തീരുമാനിക്കാമെന്നും അറിയിച്ചു. അതനുസരിച്ച് എല്ലാ മാധ്യമങ്ങളും രാജ്ഭവനെ സമീപിച്ചു. മീഡിയാ വണ്‍, കൈരളി, റിപോര്‍ട്ടര്‍, ജയ്ഹിന്ദ് എന്നീ ചാനലുകള്‍ക്ക് അനുമതി ലഭിച്ചില്ല.

വിസിമാരുടെ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരെയാണ് ഗവര്‍ണര്‍ രാവിലെ അധിക്ഷേപിച്ചത്. കേഡര്‍മാരോട് പ്രതികരിക്കില്ല. യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാം. പാര്‍ട്ടി കേഡറുകളെ താന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വിസിമാരുടെ രാജിയാവശ്യപ്പെട്ടുള്ള നീക്കത്തെ മുഖ്യമന്ത്രി അതിരൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഗവര്‍ണറുടെ പ്രതികരണം തേടിയത്. ചില വിഷയങ്ങളില്‍ വിശദീകരണം നല്‍കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്.

എന്നാല്‍, താന്‍ പറയുന്നതിനെ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നുണ്ട്. മാധ്യമങ്ങളോടുള്ള വിവേചനത്തില്‍ ഇതിനോടകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ചില മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ കൊടുത്ത വാര്‍ത്ത ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയ്യാറായില്ലെന്നും അതാണ് അവരെ ഒഴിവാക്കാന്‍ കാരണമെന്നുമാണ് ഗവര്‍ണറുടെ വിശദീകരണം. രാജ്ഭവനുമായി ബന്ധപ്പെട്ട് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയുണ്ടായി. രാജ്ഭവന്‍ പിആര്‍ഒ ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ അവര്‍ തയ്യാറായില്ല. അതുകൊണ്ടാണ് അത്തരം മാധ്യമങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.

മാധ്യമങ്ങളെ പാര്‍ട്ടി കേഡറെന്ന് ആക്ഷേപിച്ചതിന് വിശദീകരണവുമായി ഗവര്‍ണര്‍ രംഗത്തുവന്നിരുന്നു. മാധ്യമങ്ങളോട് ബഹുമാനം മാത്രമാണെന്നും എന്നും അത്തരം നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. മാധ്യമങ്ങളെന്ന വ്യാജേന പാര്‍ട്ടി കേഡറുകളെത്തുന്നുവെന്ന പരാമര്‍ശം വിവാദമായതോടെയാണ് പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണറുടെ പ്രതികരണം. പാര്‍ട്ടി കേഡര്‍ ജേര്‍ണലിസ്റ്റ് ചമയുന്നുവെന്ന പരാമര്‍ശം ആവര്‍ത്തിക്കുകയാണെന്നും അതുകൊണ്ടാണ് രാജ്ഭവനിലേക്ക് മാധ്യമപ്രവര്‍ത്തകരോട് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് നേരത്തെ നടത്തിയ 'കടക്ക് പുറത്ത്', മാധ്യമ സിന്‍ഡിക്കേറ്റ് പരാമര്‍ശങ്ങളും ഗവര്‍ണര്‍ സൂചിപ്പിച്ചു. ഭരണപക്ഷത്തിനിരിക്കുമ്പോള്‍ മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' പരാമര്‍ശം നടത്തിയത് താനല്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമങ്ങളെ മാധ്യമ സിന്‍ഡിക്കേറ്റെന്ന് വിളിച്ചതാരാണെന്ന് ഓര്‍മ്മിക്കുന്നില്ലെയെന്നും ഗവര്‍ണര്‍ ചോദിച്ചു. സര്‍വകലാശാല വിസിമാരുടെ ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

Next Story

RELATED STORIES

Share it