Sub Lead

ഫ്രാന്‍സില്‍ ഇന്ധന വില കുത്തനെ ഉയര്‍ന്നു; സഹായധനം പ്രഖ്യാപിച്ച് ജനരോഷം തണുപ്പിക്കാന്‍ ശ്രമം

ജനരോഷം തണുപ്പിക്കാന്‍ മാസ വരുമാനം കുറഞ്ഞ പൗരന്‍മാര്‍ക്ക് സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍. 2000 യൂറോയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 100 യൂറോയുടെ സഹായധനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഫ്രാന്‍സില്‍ ഇന്ധന വില കുത്തനെ ഉയര്‍ന്നു; സഹായധനം പ്രഖ്യാപിച്ച് ജനരോഷം തണുപ്പിക്കാന്‍ ശ്രമം
X

പാരിസ്: ഇന്ധനവില കുത്തനെ ഉയര്‍ന്നതോടെ ഫ്രാന്‍സില്‍ പ്രതിഷേധം കനയ്ക്കുന്നു. ജനരോഷം തണുപ്പിക്കാന്‍ മാസ വരുമാനം കുറഞ്ഞ പൗരന്‍മാര്‍ക്ക് സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍. 2000 യൂറോയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 100 യൂറോയുടെ സഹായധനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒരു ലിറ്റര്‍ പെട്രോളിന് ഫ്രാന്‍സില്‍ 1.62 യൂറോയാണ് വില. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 141 രൂപ വരും. ഡീസലിന് ലിറ്ററിന് 136 രൂപയോളമുണ്ട്. ഇന്ധന നികുതി കുത്തനെ ഉയര്‍ത്തിയതാണ് വിലവര്‍ധനയ്ക്ക് കാരണമായത്. ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ഇന്ധന നികുതി 60 ശതമാനം കൂട്ടി. എന്നാല്‍ വില വര്‍ദ്ധനവ് സാധാരണക്കാരെ ബാധിച്ചതോടെയാണ് സഹായധനം പ്രഖ്യാപിച്ചത്.

ഒറ്റത്തവണയാണ് 100 യൂറോ സഹായം. ഇന്ത്യന്‍ രൂപയില്‍ എണ്ണായിരം രൂപ വരും. വാഹനമില്ലാത്തവര്‍ക്കും സഹായം ലഭിക്കും. കുടുംബ വരുമാനം പരിഗണിക്കാതെ വ്യക്തിയുടെ വരുമാനം പരിഗണിച്ചാണ് ധനസഹായം നല്‍കുക എന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡിസംബറിലും, സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ജനുവരിയിലും സഹായധനം വിതരണം ചെയ്യും. 3.8 ബില്ല്യണ്‍ യൂറോയാണ് ഇതിനായി ഫ്രഞ്ച് സര്‍ക്കാര്‍ നീക്കിവച്ചത്. എന്നാല്‍ ഇന്ധനവില ഉയരുന്നു എന്ന യഥാര്‍ത്ഥ പ്രശ്‌നം ഈ സഹായധനത്താല്‍ മാറില്ലെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ധനവില വര്‍ധനവിനെതിരെ റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ജനങ്ങള്‍ പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒപ്പം തന്നെ പെട്രോള്‍ ഡീസല്‍ സ്‌റ്റേഷനുകള്‍ ഉപരോധിച്ചും സമരം നടന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കുന്നതിനാല്‍ സഹായധനം പ്രഖ്യാപിച്ച് ജനരോഷം തണുപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

Next Story

RELATED STORIES

Share it