Sub Lead

മുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ

മുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
X

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷയൊരുക്കി ജില്ലാ ഭരണകൂടവും പോലിസും. ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകളിലടക്കം വോട്ടിങ് നടക്കുന്ന മുഴുവന്‍ സമയവും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ബൂത്തുകളില്‍ കേന്ദ്ര സേനയുടെ സുരക്ഷയിലായിരിക്കും വോട്ടെടുപ്പ്. കൂടാതെ പോളിങ് സ്‌റ്റേഷനുകളില്‍ കേന്ദ്ര നിരീക്ഷകരുടെ സാനിധ്യവുമുണ്ടാവും. ബൂത്തില്‍ ആള്‍മാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. ജില്ലാ കേന്ദ്രത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സദാസമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും. ചട്ടവിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലും വെബ് കാസ്റ്റിങിന്റെ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയും. ക്രമസമാധാന നിര്‍വഹണം നടത്തുന്ന പോലിസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യ കണ്ണൂര്‍ റൂറല്‍ പോലിസിന്റെ നേതൃത്വത്തില്‍ ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ കണ്ണൂര്‍ റൂറല്‍ ജില്ലയിലെ എല്ലാ പട്രോളിങ് ടീമിനും യഥാസമയം നിര്‍ദേശങ്ങള്‍ നല്‍കാനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനും ഉതകുന്ന തരത്തിലാണ് ക്യു ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയത്.

റൂറല്‍ ജില്ലാ പോലിസിന്റെ പരിധിയിലുള്ള ലോ ആന്റ് ഓര്‍ഡര്‍ പട്രോള്‍, ഗ്രൂപ്പ് പട്രോള്‍, ക്യു ആര്‍ ടി പട്രോള്‍ എന്നിവയുടെ സ്ഥാനം ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ നിര്‍ണയിക്കാനും കഴിയുന്നതാണ് സംവിധാനം. ഇലക്ഷന്‍ ബന്തവസ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയ ക്യൂ ആര്‍ കോഡ് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് കഴിഞ്ഞാല്‍ പട്രോളിങ് ഡ്യുട്ടിയിലുള്ള പോലിസ് സേനാംഗങ്ങളുടെ ഡ്യുട്ടി സംബന്ധിച്ച വിശദ വിവരങ്ങളും പോളിങ് സ്‌റ്റേഷനെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാവും. റൂറല്‍ ജില്ലാ പരിധിയില്‍ ഇലക്ഷന്‍ സംബന്ധമായി എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പട്രോളിങ് ടീമുകളുടെ സാന്നിധ്യം നിര്‍ണയിച്ച് പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലിസ് സാന്നിധ്യം ഉറപ്പാക്കാന്‍ ഇതോടെ കഴിയും. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ ഇലക്ഷന്‍ സെല്‍ ആണ് പുതിയ ആശയവുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതിനുപുറമെ മാവോവാദി സാന്നിധ്യമുള്ള ജില്ലയിലെ മലയോര മേഖലയിലുള്ള പോളിങ് ബൂത്തുകളിലും കനത്ത സുരക്ഷയിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

Next Story

RELATED STORIES

Share it