Sub Lead

ലോകാരോഗ്യസംഘടനയുടെ ആവശ്യം തള്ളി; ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്ന് ജര്‍മനിയും ഫ്രാന്‍സും

സപ്തംബര്‍ മാസം മുതല്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന നടപടികളുമായി മുന്നോട്ടുപോവുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. ദരിദ്രരാജ്യങ്ങളില്‍ വാക്‌സിന്റെ കടുത്ത ദൗര്‍ലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടത്.

ലോകാരോഗ്യസംഘടനയുടെ ആവശ്യം തള്ളി; ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്ന് ജര്‍മനിയും ഫ്രാന്‍സും
X

ബെര്‍ലിന്‍: കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്ക് പുറമെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിന് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന ലോകാരോഗ്യസംഘടനയുടെ ആഹ്വാനം തള്ളി ജര്‍മനിയും ഫ്രാന്‍സും. സപ്തംബര്‍ മാസം മുതല്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന നടപടികളുമായി മുന്നോട്ടുപോവുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. ദരിദ്രരാജ്യങ്ങളില്‍ വാക്‌സിന്റെ കടുത്ത ദൗര്‍ലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടത്.

സപ്തംബര്‍ വരെയെങ്കിലും ബൂസ്റ്റര്‍ ഡോസ് വിതരണം നിര്‍ത്തിവയ്ക്കണം. എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 10 ശതമാനമെങ്കിലും പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ പ്രാപ്തരാക്കാനാണ് ഈ നീക്കം. സമ്പന്ന രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മില്‍ കുത്തിവയ്പ്പ് നിരക്ക് തമ്മിലുള്ള വിടവ് വര്‍ധിക്കുന്നു. മരുന്നുകമ്പനികള്‍ സമ്പന്നരാഷ്ടങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നിട്ടും ബൂസ്റ്റര്‍ ഷോട്ടുകളുമായി മുന്നോട്ടുപോവാനുള്ള തീരുമാനം ആഗോളതലത്തില്‍ കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്.

അതേസമയം, രാജ്യങ്ങള്‍ സ്വന്തം പൗരന്‍മാരെ കൂടുതല്‍ മാരകമായ ഡെല്‍റ്റ വകഭേദത്തില്‍നിന്ന് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന വാദവും ഉയരുന്നുണ്ട്. സപ്തംബര്‍ മുതല്‍ പ്രായമായവര്‍ക്കും ദുര്‍ബലരായവര്‍ക്കും മൂന്നാമത്തെ കൊവിഡ് 19 വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കാന്‍ ഫ്രാന്‍സ് ശ്രമം നടത്തിവരികയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. മൂന്നാമത്തെ ഡോസ് ആവശ്യമായി വരും. എല്ലാവര്‍ക്കുമല്ല, മറിച്ച് ഏറ്റവും ദുര്‍ബലരായവര്‍ക്കും പ്രായമായവര്‍ക്കും- മാക്രോണ്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു. സപ്തംബര്‍ മുതല്‍ പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍ക്കും പ്രായമായവര്‍ക്കും നഴ്‌സിങ് ഹോം നിവാസികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ജര്‍മനി ഉദ്ദേശിക്കുന്നുവെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രാലയവും അറിയിച്ചു.

ദരിദ്രരാജ്യങ്ങള്‍ക്ക് കുറഞ്ഞത് 30 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ നല്‍കുമെന്ന് പറഞ്ഞാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നതിനെതിരായ വിമര്‍ശനങ്ങളെ ജര്‍മനി നേരിട്ടത്. ജര്‍മനിയിലെ ദുര്‍ബലരായവര്‍ക്ക് മുന്‍കരുതലെന്ന നിലയില്‍ മൂന്നാം വാക്‌സിനേഷന്‍ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.അതേസമയം, ലോകത്ത് കഴിയുന്നത്ര ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനെ പിന്തുണയ്ക്കുന്നു- മന്ത്രാലയം പറഞ്ഞു. ഫ്രാന്‍സും ജര്‍മനിയും ഇതുവരെ കുറഞ്ഞത് ഒരു ഡോസ് കൊവിഡ് 19 വാക്‌സിന്‍ യഥാക്രമം 64.5% നും 62% ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

49% ഫ്രഞ്ചുകാരും 53% ജര്‍മന്‍കാര്‍ക്കും പൂര്‍ണമായും വാക്‌സിനേഷന് വിധേയമായതായാണ് കണക്ക്. കൊവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തി നല്‍കുന്നതാവും ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍. 60 വയസ്സിന് മുകളിലുളളവര്‍ക്കായിരിക്കും ആദ്യം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുക. മറ്റെന്തെങ്കിലും രോഗങ്ങളുള്ളവര്‍ക്കും ആദ്യഘട്ടത്തില്‍ നല്‍കുന്നത് പരിഗണിക്കും. ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിച്ച അതേ വാക്‌സിന്‍ തന്നെയാണോ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് അല്ലെങ്കില്‍ മറ്റു വാക്‌സിനുകളും നല്‍കാമോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it