Sub Lead

കരിപ്പൂരിൽ വീണ്ടും കടത്തുസ്വര്‍ണം തട്ടാന്‍ ശ്രമം; പിന്നിൽ അര്‍ജ്ജുന്‍ ആയങ്കിയെന്ന് പോലിസ്

അര്‍ജുന്‍ ആയങ്കി സുഹൃത്താണെന്നും ഇയാളുടെ നിര്‍ദേശപ്രകാരമാണ് മൂന്നുപേരെ വിമാനത്താവളത്തിലേക്കയച്ചതെന്നുമാണ് മൊയ്തീന്‍കോയ മൊഴി നല്‍കിയത്. കേസില്‍ അര്‍ജ്ജുന്‍ ആയങ്കി നിരീക്ഷണത്തിലാണെന്നും അയാളുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചെന്നുമാണ് പോലിസ് പറയുന്നത്.

കരിപ്പൂരിൽ വീണ്ടും കടത്തുസ്വര്‍ണം തട്ടാന്‍ ശ്രമം; പിന്നിൽ അര്‍ജ്ജുന്‍ ആയങ്കിയെന്ന് പോലിസ്
X

കൊണ്ടോട്ടി: കഴിഞ്ഞദിവസം കരിപ്പൂരില്‍ കടത്തു സ്വര്‍ണം തട്ടാന്‍ ഒത്താശ ചെയ്ത സംഭവത്തിന് പിന്നിൽ അര്‍ജുന്‍ ആയങ്കിയെന്ന് പോലിസ്. കരിപ്പൂര്‍ പോലിസ് കോടതിയില്‍ നല്‍കിയ പ്രഥമ വിവര റിപോര്‍ട്ടിൽ അര്‍ജ്ജുന്‍ ആയങ്കിയെ ഒന്നാമതായി പ്രതി ചേര്‍ത്തിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരം.


പരപ്പനങ്ങാടി സ്വദേശികളായ കുഞ്ഞിക്കാന്റെ പുരയ്ക്കല്‍ മൊയ്തീന്‍കോയ (52), പള്ളിച്ചന്റെ പുരയ്ക്കല്‍ മുഹമ്മദ് അനീസ് (32), പരപ്പനങ്ങാടി പള്ളിച്ചാന്റെ പുരയ്ക്കല്‍ അബ്ദുല്‍ റഊഫ് (36), നിറമരുതൂര്‍ ആലിന്‍ചുവട് പുതിയന്റകത്ത് സുഹൈല്‍ (36), യാത്രക്കാരനായ തിരൂര്‍ കാളാട് കാവീട്ടില്‍ മഹേഷ് (42) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ഇവര്‍ റിമാന്‍ഡിലാണ്. കെ പി മൊയ്തീൻ കോയ മുൻ സിപിഎം കൗൺസിലറും അബ്ദുൽ റഊഫ് ഡിവൈഎഫ്ഐ നേതാവുമാണ്.

ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെ വിമാനത്താവളത്തില്‍ നിന്ന് ഇവരില്‍ മൂന്നുപേരെ പോലിസ് പിടികൂടിയതോടെയാണ് പ്രതികളുടെ നീക്കം പരാജയപ്പെട്ടത്. യാത്രക്കാരന്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തില്‍ സംഘം കരിപ്പൂരിലെത്തുന്നതായി പോലീസിന് രഹസ്യവിവരം കിട്ടിയിരുന്നു.


സംശയം തോന്നിയവരെ പിടികൂടി ചോദ്യംചെയ്തപ്പോള്‍ യാത്രക്കാരനെ സ്വീകരിക്കാനെത്തിയതാണെന്നാണ് പറഞ്ഞത്. യാത്രക്കാരനെക്കുറിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെ സംശയം ബലപ്പെട്ടു. ഇവരുടെ ഫോണില്‍നിന്ന് സ്വര്‍ണവുമായി വരുന്ന യാത്രക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലിസിന് ലഭിക്കുകയും ചെയ്തു. ഇതോടെയാണ് അറസ്റ്റുണ്ടായത്.

ജിദ്ദയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വരുന്ന മഹേഷ് കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാനെത്തിയതാണെന്നും അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി മൊയ്തീന്‍കോയയാണ് സഹായം ചെയ്യുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. മഹേഷിനെ പിടികൂടി പരിശോധിച്ചപ്പോള്‍ സ്വര്‍ണം കൊണ്ടുവന്നതായി വ്യക്തമായി. അര്‍ജുന്‍ ആയങ്കിയുമായും മൊയ്തീന്‍കോയയുമായും മഹേഷ് നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഫോണ്‍ പരിശോധനയില്‍ വ്യക്തമായെന്ന് പ്രഥമവിവര റിപോര്‍ട്ട് പറയുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊയ്തീന്‍കോയയെ പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അര്‍ജുന്‍ ആയങ്കി സുഹൃത്താണെന്നും ഇയാളുടെ നിര്‍ദേശപ്രകാരമാണ് മൂന്നുപേരെ വിമാനത്താവളത്തിലേക്കയച്ചതെന്നുമാണ് മൊയ്തീന്‍കോയ മൊഴി നല്‍കിയത്. കേസില്‍ അര്‍ജ്ജുന്‍ ആയങ്കി നിരീക്ഷണത്തിലാണെന്നും അയാളുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചെന്നുമാണ് പോലിസ് പറയുന്നത്.

കഴിഞ്ഞവര്‍ഷം ജൂണില്‍ രാമനാട്ടുകരയില്‍ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ച കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ അര്‍ജ്ജുന്‍ ആയങ്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വേറെയും കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഇയാൾക്കെതിരേ നേരത്തേ കണ്ണൂർ പോലിസ് കാപ്പ ചുമത്തിയിരുന്നു.

Next Story

RELATED STORIES

Share it