Sub Lead

വാര്‍ത്താസമ്മേളനത്തിനിടെ കൊമ്പ് കോര്‍ത്ത് തുര്‍ക്കി, ഗ്രീസ് വിദേശകാര്യമന്ത്രിമാര്‍

നാറ്റോ അംഗരാജ്യങ്ങളായ ഗ്രീസും തുര്‍ക്കിയും തമ്മിലുള്ള സങ്കീര്‍ണ്ണമായ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ നടന്ന കൂടിക്കാഴ്ചയുടെ സമാപനമാണ് വാക്ക് പോരില്‍ കലാശിച്ചത്.

വാര്‍ത്താസമ്മേളനത്തിനിടെ കൊമ്പ് കോര്‍ത്ത് തുര്‍ക്കി, ഗ്രീസ് വിദേശകാര്യമന്ത്രിമാര്‍
X

ആങ്കറ: സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ കൊമ്പു കോര്‍ത്ത് തുര്‍ക്കി, ഗ്രീസ് വിദേശകാര്യമന്ത്രിമാര്‍. ഒരു വര്‍ഷത്തിനിടെ നടത്തിയ പ്രഥമ കൂടിക്കാഴ്ചയുടെ സമാപനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലിദ് കാവുസോഗ്ലുവും ഗ്രീക്ക് വിദേശകാര്യമന്ത്രി നിക്കോസ് ഡെന്‍ഡിയാസും ആരോപണ പ്രത്യാരോപണങ്ങളുമായി ഏറ്റുമുട്ടിയത്.

നാറ്റോ അംഗരാജ്യങ്ങളായ ഗ്രീസും തുര്‍ക്കിയും തമ്മിലുള്ള സങ്കീര്‍ണ്ണമായ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ നടന്ന കൂടിക്കാഴ്ചയുടെ സമാപനമാണ് വാക്ക് പോരില്‍ കലാശിച്ചത്.

കാവുസോഗ്ലുവിന്റെ അനുരഞ്ജന പരാമര്‍ശങ്ങളോടെയാണ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. തുര്‍ക്കി തലസ്ഥാനമായ ആങ്കറയില്‍ നടന്ന 'വളരെ നല്ല കൂടിക്കാഴ്ചയെ' പ്രശംസിച്ചു കൊണ്ടാണ് കാവുസോഗ്ലു തുടങ്ങിയത്. ക്രിയാത്മക സംഭാഷണത്തിലൂടെ ഗ്രീസുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനാകുമെന്ന് വിശ്വസിക്കുന്നതായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ തെറ്റായ പങ്കാളികളും പ്രകോപനപരമായ വാക്കുകളും ഒഴിവാക്കണമെന്നും കാവുസോഗ്ലു പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങള്‍ സമാധാനത്തോടെ ജീവിക്കുകയെന്നത് തങ്ങളുടെ താല്‍പര്യമാണെന്നും ഇത് ഞങ്ങളുടെ ബന്ധങ്ങളില്‍ മികച്ച സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തുര്‍ക്കിയെക്കുറിച്ചുള്ള ദീര്‍ഘകാല പരാതികള്‍ ഉന്നയിച്ചുകൊണ്ടാണ് ഡെന്‍ഡിയാസ് തന്റെ പ്രാരംഭ പരാമര്‍ശങ്ങള്‍ നടത്തിയത്.

പ്രകൃതി വാതകത്തിനു വേണ്ടിയുള്ള തിരച്ചില്‍ മുതല്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ന്യൂനപക്ഷത്തോടുള്ള പെരുമാറ്റവും കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട ഇരു രാജ്യങ്ങള്‍ക്കുമിടയിലെ തര്‍ക്കവും ഡെന്‍ഡിയാസ് ഉന്നയിച്ചു. 'ഗ്രീസിന്റെ നിലപാട് വ്യക്തമാണ്, നിങ്ങള്‍ ഇത് കേള്‍ക്കുന്നത് ഇതാദ്യമല്ല, 35 മിനിറ്റ് നീണ്ട വാര്‍ത്താസമ്മേളനത്തിലെ ചൂടേറിയ നിമിഷത്തില്‍ ഡെന്‍ഡിയാസ് കാവുസോഗ്ലുവിനോട് പറഞ്ഞു.

'നിങ്ങള്‍ എന്റെ രാജ്യത്തെയും ജനങ്ങളെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ശക്തമായി കുറ്റപ്പെടുത്തുന്നുവെങ്കില്‍, തനിക്കും അതു പോലെ പ്രതികരിക്കാന്‍ കഴിയും'-കാവുസോഗ്ലു മറുപടി നല്‍കി. സംഘര്‍ഷം തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തങ്ങള്‍ക്കത് ആവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രീസില്‍നിന്ന് രണ്ടു വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി തുര്‍ക്കി സന്ദര്‍ശിക്കുന്ന ഉന്നത വ്യക്തിത്വമാണ് ഡെന്റിയാസ്.

Next Story

RELATED STORIES

Share it