Sub Lead

ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് വി ഡി സതീശന്‍ കത്തയച്ചു

ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് വി ഡി സതീശന്‍ കത്തയച്ചു
X

തിരുവനന്തപുരം: വ്യാജ ഏറ്റുമുട്ടല്‍ക്കൊലയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഗ്രോ വാസു തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളോ അല്ലെന്നും അദ്ദേഹത്തോടുളള പോലിസിന്റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പോലിസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ കണ്ടു. 94കാരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്ത്തുകയാണ് അങ്ങയുടെ പോലിസ്. തൊപ്പി കൊണ്ട് ഗ്രോ വാസുവിന്റെ മുഖം മറയ്ക്കുന്നതും ഇതേ പോലിസാണ്. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണത്. എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്?. തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ മനുഷ്യരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വെടിവച്ച് കൊന്നതിനെതിരേ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം. 51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും ആള്‍മാറാട്ടവും വ്യാജരേഖാ നിര്‍മാണവും നടത്തുന്ന സിപിഎം ബന്ധുക്കളും പോലിസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വന്ദ്യ വയോധികനോട് കേരള പോലിസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നത്. നിയമസഭ അടിച്ചു തകര്‍ത്ത കേസ് അടക്കം പ്രമാദമായ എത്രയോ കേസുകള്‍ എഴുതിത്തള്ളാന്‍ വ്യഗ്രത കാട്ടിയ സര്‍ക്കാരാണ് അങ്ങയുടേത്. ഗ്രോ വാസുവിന്റെ പേരിലുള്ള കേസും പിന്‍വലിച്ചാല്‍ എന്താണ് കുഴപ്പം?. ഗ്രോ വാസുവിന്റെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുള്ളവരുണ്ടാവാം. എന്നാല്‍ 94ാം വയസ്സിലും അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോരാട്ടവീര്യത്തെ അംഗീകരിച്ചേ മതിയാവൂ. നമ്മളില്‍ പലരുടേയും പ്രായത്തേക്കാള്‍ പൊതുപ്രവര്‍ത്തന പരിചയമുള്ളയാളാണ് വാസുവേട്ടനെന്നും വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


Next Story

RELATED STORIES

Share it