Sub Lead

രാജസ്ഥാനിലും തെലങ്കാനയിലും ഗില്ലന്‍ ബാരി രോഗം

രാജസ്ഥാനിലും തെലങ്കാനയിലും ഗില്ലന്‍ ബാരി രോഗം
X

ജയപൂര്‍: മഹാരാഷ്ട്രക്കും പശ്ചിമബംഗാളിനും പിന്നാലെ രാജസ്ഥാനിലും തെലങ്കാനയിലും അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ നാലു പേര്‍ക്കാണ് രോഗം വന്നതെന്നും ഇവരെല്ലാം എസ്എംഎസ് ആശുപത്രിയില്‍ ചികില്‍സയിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംശയം തോന്നുന്ന രോഗികളെയെല്ലാം പരിശോധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തെലങ്കാനയിലെ ഹൈദരാബാദിലെ സിദ്ദിപേട്ട് മണ്ഡലില്‍ ഒരു സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

അതേസമയം, പശ്ചിമബംഗാളില്‍ രോഗം സംശയിക്കുന്ന ഒരു കുട്ടിയടക്കം മൂന്നു പേര്‍ മരിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ദേബ്കുമാര്‍ സാഹു (10), അരിത്ര മനാല്‍ (17), ഹൂഗ്ലിയിലെ 48കാരനായ ഒരു പുരുഷന്‍ എന്നിവരാണ് മരിച്ചിരിക്കുന്നത്. രോഗമുണ്ടെന്ന സംശയത്തില്‍ നാലു കുട്ടികള്‍ ബിസി റോയ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

മഹാരാഷ്ട്രയിലെ പൂനെയില്‍ രോഗം ബാധിച്ചവര്‍ എന്നു സംശയിക്കുന്നവരുടെ എണ്ണം 130 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 73 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 20 പേര്‍ വെന്റിലേറ്ററിലാണ്.

അപൂര്‍വ്വരോഗമാണെങ്കിലും ജിബിഎസിന് ചികില്‍സയുണ്ട്. പക്ഷേ, ചികില്‍സക്ക് വലിയ ചെലവുണ്ട്. രോഗികള്‍ക്ക് നല്‍കുന്ന ഒരു ഇമ്മ്യൂണോ ഗ്ലോബുലിന്‍ (ഐവിഐജി)ഇഞ്ചക്ഷനു മാത്രം 20,000 രൂപ ചെലവു വരും. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയ ബാധിച്ചാല്‍ ഈ രോഗം വരാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി സ്വന്തം നാഡികളെയും ആക്രമിക്കും.നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. വയറുവേദന, അതിസാരം, കൈകാലുകള്‍ക്കു ബലക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. രക്തവും തൊണ്ടയിലെ സ്രവവുമാണു രോഗനിര്‍ണയ പരിശോധനയ്ക്ക് എടുക്കുക.

Next Story

RELATED STORIES

Share it