Sub Lead

യുവാവിന്റെ തിരോധാനത്തിലെ അന്വേഷണം; സംശയപട്ടികയിലുള്ള യുവാവിന്റെ വീട്ടില്‍ നിന്നും വിദേശനിര്‍മിത തോക്കും വെടിയുണ്ടകളും കണ്ടെത്തി, ഇയാള്‍ മുന്‍ സൈനികനെന്ന് പോലിസ്

യുവാവിന്റെ തിരോധാനത്തിലെ അന്വേഷണം; സംശയപട്ടികയിലുള്ള യുവാവിന്റെ വീട്ടില്‍ നിന്നും വിദേശനിര്‍മിത തോക്കും വെടിയുണ്ടകളും കണ്ടെത്തി, ഇയാള്‍ മുന്‍ സൈനികനെന്ന് പോലിസ്
X

ഹരിപ്പാട്: പത്ത് വര്‍ഷം മുമ്പ് യുവാവിനെ കാണാതായ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിദേശനിര്‍മിത തോക്കും വെടിയുണ്ടകളും മാരകായുധങ്ങളും കണ്ടെത്തി. സംഭവത്തില്‍ കുമാരപുരം പൊത്തപ്പള്ളി തെക്ക് കായല്‍വാരത്തുവീട്ടില്‍ കിഷോറി(41)നെതിരേ കേസെടുത്തു. കോടാലി, വലിയ കത്തികള്‍, കമ്പി തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. 53 വെടിയുണ്ടകളാണ് ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.


കിഷോര്‍

കുമാരപുരം കൂട്ടംകൈത പുത്തന്‍വീട്ടില്‍ രാകേഷിനെ 2015 നവംബറിലാണ് കാണാതായത്. അന്നു പോലിസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞദിവസം രാകേഷിന്റെ അമ്മ രമ, കേസില്‍ കോടതിയുടെ മേല്‍നോട്ടത്തിലെ അന്വേഷണം ആവശ്യപ്പെട്ട് ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. രാകേഷിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതാണെന്നാണ് അമ്മ പറയുന്നത്. കോടതി നിര്‍ദേശപ്രകാരമാണ് പോലിസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ കിഷോര്‍ ഉള്‍പ്പെടെ പ്രതികളെന്നു സംശയിക്കുന്നവരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം രാകേഷ് കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഒരേസമയം അഞ്ചു വീടുകളിലാണ് പരിശോധന നടത്തിയത്.

കിഷോറിന്റെ വീട്ടിലെ അടുക്കളയില്‍ പ്രഷര്‍ കുക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു യുഎസ് നിര്‍മിത തോക്കും 53 വെടിയുണ്ടകളും. പരിശോധന നടത്തുന്ന സമയത്ത് കിഷോര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അടുക്കളയില്‍ത്തന്നെ വിറകിനടിയില്‍ ഒളിപ്പിച്ചുവച്ചിരുന്ന രണ്ടു വാളുകളും ഒരു മഴുവും സ്റ്റീല്‍ പൈപ്പും കണ്ടെത്തി. തോക്ക് ലോഡ് ചെയ്തുവച്ച നിലയിലായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയില്‍ കിഷോര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായ വിവരം പോലിസിനു ലഭിച്ചിരുന്നു. 2017ല്‍ നാടന്‍ തോക്കുമായി കിഷോറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒരുവര്‍ഷം പട്ടാളത്തില്‍ ജോലി ചെയ്തിരുന്ന കിഷോറിനു തോക്ക് കൈകാര്യം ചെയ്യാന്‍ അറിയാം എന്നു പോലിസ് പറഞ്ഞു.

വിദേശ നിര്‍മിത തോക്ക് കിഷോറിനു ലഭിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പിടിച്ചെടുത്ത തോക്ക് നേരത്തെ ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തും. ചിലരുടെ വീടുകളില്‍ നിന്നു പഴയ മൊബൈല്‍ ഫോണുകളും സിമ്മുകളും ചില രേഖകളും മറ്റും പോലിസ് കണ്ടെടുത്തു. രാകേഷിനെ കാണാതായ സമയത്ത് മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. ഇവ രാകേഷിനെ കാണാതായ സമയത്ത് ഉപയോഗിച്ചിരുന്ന ഫോണുകളാണോയെന്നറിയാന്‍ ശാസ്ത്രീയപരിശോധന നടത്തും.

പൊലീസ് ആയുധങ്ങള്‍ പിടിച്ചെടുത്ത കിഷോറിന്റെ വീടും പരിസരവും സിസിടിവി നിരീക്ഷണത്തിലായിരുന്നു. വീട്ടില്‍ വരുന്നവരെ മൊബൈല്‍ ഫോണില്‍ കാണാനുള്ള സംവിധാനവും കിഷോറിന് ഉണ്ടായിരുന്നു. സിസിടിവി പ്രവര്‍ത്തന രഹിതമാക്കിയ ശേഷമാണ് പോലിസ് പരിശോധന ആരംഭിച്ചത്. രണ്ടു കൊലപാതക ശ്രമം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണു കിഷോര്‍ എന്നു പോലിസ് പറഞ്ഞു. ആഴ്ചയില്‍ ഒരു ദിവസം കായംകുളം ഡിവൈഎസ്പി ഓഫിസില്‍ എത്തി ഒപ്പിടുന്നുണ്ട്. കായംകുളം ഡിവൈഎസ്പി എന്‍ ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. ഹരിപ്പാട്, കരീലക്കുളങ്ങര, കനകക്കുന്ന് എസ്എച്ച്ഒമാരും ഹരിപ്പാട്ടെ എസ്‌ഐയും പരിശോധനകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

Next Story

RELATED STORIES

Share it