Sub Lead

ഗുരുവായൂര്‍ ഏകാദശി ഇന്ന്: പ്രവേശനം ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രം

ക്ഷേത്രത്തില്‍ ഇന്ന് വിഐപി ദര്‍ശനമില്ല. ഉച്ചയ്ക്ക് 2 മണി വരെ പ്രത്യേക ദര്‍ശനവുമുണ്ടായിരിക്കില്ല

ഗുരുവായൂര്‍ ഏകാദശി ഇന്ന്: പ്രവേശനം ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രം
X

തൃശ്ശൂര്‍: ഗുരുവായൂര്‍ ഏകാദശി ഇന്ന്. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാകും പ്രവേശനം. ക്ഷേത്രത്തില്‍ ഇന്ന് വിഐപി ദര്‍ശനമില്ല. ഉച്ചയ്ക്ക് 2 മണി വരെ പ്രത്യേക ദര്‍ശനവുമുണ്ടായിരിക്കില്ല. ഉച്ചകഴിഞ്ഞ് 2 മണിക്കു ശേഷം വെര്‍ച്വല്‍ ക്യൂവില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കി മറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കും. ഇന്നലെ പുലര്‍ച്ചെ 3ന് തുറന്ന ക്ഷേത്രനട ദ്വാദശി ദിവസമായ ബുധനാഴ്ച രാവിലെ 9 വരെ തുറന്നിരിക്കും. പതിവ് പൂജ, ദീപാരാധന ചടങ്ങുകള്‍ക്ക് മാത്രമാകും നട അടയ്ക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിച്ചുവരുന്ന ഗുരുവായൂര്‍ ഏകാദശി.

ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കിവരുന്നത്. വൈകുണ്ഠനാഥനാല്‍ തന്നെ നിര്‍മ്മിയ്ക്കപ്പെട്ടതും, ബ്രഹ്മാവ്, സുതപസ്സ്, കശ്യപന്‍, വസുദേവര്‍ എന്നിങ്ങനെ പോയി ഒടുവില്‍ ശ്രീകൃഷ്ണഭഗവാന്റെ തന്നെയും പൂജയേറ്റുവാങ്ങിയതുമായ പാതാളാഞ്ജനനിര്‍മ്മിതമായ വിഷ്ണുവിഗ്രഹം, ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയത് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശിനാളിലാണെന്നാണ് കേരളത്തിലെ കൃഷ്ണഭക്തരുടെ വിശ്വസം. കുരുക്ഷേത്ര യുദ്ധത്തിനിടയില്‍ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ട് തേര്‍തട്ടില്‍ തളര്‍ന്നിരുന്ന അര്‍ജ്ജുനന് ശ്രീകൃഷ്ണന്‍ ഗീത ഉപദേശിച്ചുകൊടുത്തതും ഈ ദിവസമാണെന്ന് വിശ്വസിച്ചുവരുന്നു. ഗീതാദിനമായും ഇത് ആചരിയ്ക്കപ്പെടുന്നുണ്ട്. കേരളത്തില്‍ സ്വന്തമായി ഏകാദശി ആഘോഷങ്ങളുള്ള അപൂര്‍വ്വം വൈഷ്ണവക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം.

Next Story

RELATED STORIES

Share it