Sub Lead

'അഖിലേഷ് നിര്‍മിച്ചത് ഹജ്ജ് ഹൗസ്, ഞങ്ങള്‍ മാനസരോവര്‍ ഭവന്‍'; യുപിയില്‍ വര്‍ഗീയ പ്രചരണവുമായി യോഗി ആദിത്യനാഥ്

അഖിലേഷ് നിര്‍മിച്ചത് ഹജ്ജ് ഹൗസ്, ഞങ്ങള്‍ മാനസരോവര്‍ ഭവന്‍; യുപിയില്‍ വര്‍ഗീയ പ്രചരണവുമായി യോഗി ആദിത്യനാഥ്
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഭരണം കൈവിടാതിരിക്കാന്‍ പരസ്യമായി വര്‍ഗീയത വിളമ്പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഗാസിയാബാദില്‍ ഇന്ന് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് യുപിയിലെ വികസനവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി (എസ്പി) യെയും അഖിലേഷ് യാദവിനെയും ലക്ഷ്യമിട്ട് യോഗി ഹിന്ദു വോട്ട് ഏകീകരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിയത്. ഗാസിയാബാദില്‍ എസ്പി ഹജ്ജ് ഹൗസാണ് നിര്‍മിച്ചതെങ്കില്‍ ബിജെപി ഭരണത്തില്‍ കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ഭവനമാണുണ്ടാക്കിയതെന്ന് യോഗി പറഞ്ഞു.

എസ്പിയും അഖിലേഷും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും യോഗി ആരോപിച്ചു. കൈലാസമാനസരോവര്‍ തീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളമായാണ് യോഗി സര്‍ക്കാര്‍ നാലുനില കെട്ടിടം നിര്‍മിച്ചത്. ഇന്ദിരാപുരത്താണ് മാനസരോവര്‍ ഭവന്‍ എന്ന പേരില്‍ കെട്ടിടം പണികഴിപ്പിച്ചത്. 2016ല്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ അഅ്‌ലാ ഹസ്‌റത്ത് ഹജ്ജ് ഹൗസ് എന്ന പേരില്‍ ഏഴുനില കെട്ടിടം ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തിരുന്നു. ഒരേസമയം 10,000 ഓളം പേരെ ഉള്‍ക്കൊള്ളുന്നതാണ് ഹജ്ജ് ഹൗസ്. ഹജ്ജ് സീസണ്‍ കഴിഞ്ഞാല്‍ മല്‍സരപരീക്ഷകള്‍ക്കടക്കമുള്ള കോച്ചിങ് കേന്ദ്രമായാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്.

ഹിന്ദുവോട്ട് ബാങ്ക് ലക്ഷ്യമിട്ട് അഖിലേഷിനെതിരേ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കടുത്ത ആക്രമണമാണ് യോഗി നടത്തുന്നത്. അഖിലേഷ് ഭരണത്തില്‍ ഖബറിസ്ഥാന് വേണ്ടിയാണ് പൊതുമുതല്‍ ചെലവഴിച്ചതെന്നായിരുന്നു കഴിഞ്ഞ മാസം അയോധ്യയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി കുറ്റപ്പെടുത്തിയത്. ഉറുദു ഭാഷയ്ക്ക് വേണ്ടിയും പണം ചെലവിട്ടു. എന്നാല്‍, തങ്ങള്‍ ക്ഷേത്ര പുനരുദ്ധാരണത്തിനും സംസ്‌കൃത ഭാഷയ്ക്കും വേണ്ടിയാണ് പണം ചെലവാക്കുന്നതെന്നായിരുന്നു യോഗിയുടെ വാദം. ഒരുമാസത്തിനുശേഷം 77 പദ്ധതികള്‍ക്ക് തറക്കല്ലിടുമ്പോഴും അദ്ദേഹം ഇതേ പരാമര്‍ശം നടത്തി. 'മുന്‍ സര്‍ക്കാരുകള്‍ 'ഖബറിസ്താനുകള്‍'ക്കായി പണം ചെലവഴിച്ചു.

ഞങ്ങളുടെ സര്‍ക്കാര്‍ അത് ദൈവങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ സൗന്ദര്യവല്‍ക്കരണത്തിനായി ചെലവഴിക്കുന്നു, അവ വിശ്വാസ സ്ഥലങ്ങളാണെന്നും യോഗി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ പ്രീണനരാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നാണ് മുമ്പ് ഒരു പ്രസ്താവനയില്‍ യോഗി അവകാശപ്പെട്ടിരുന്നത്. 2017നു മുമ്പ് യുപിയില്‍ എല്ലാവര്‍ക്കും റേഷന്‍ ലഭിക്കുമായിരുന്നില്ല. 'അബ്ബാ ജാന്‍' എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ക്ക് മാത്രമായിരുന്നു റേഷന്‍ ലഭിച്ചിരുന്നത്. നവംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയപ്പോഴും അദ്ദേഹം ഇതേ പരിഹാസം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it