Sub Lead

ഹല്‍ദ്വാനി സംഘര്‍ഷം: പ്രകാശ് സിങിനെ വെടിവച്ചുകൊന്നത് പോലിസുകാരന്‍; കാരണം ഭാര്യയുമായുള്ള ബന്ധം

കോണ്‍സ്റ്റബിളിന്റെ ഭാര്യയുമായുള്ള സ്വകാര്യ വീഡിയോ പകര്‍ത്തി പ്രകാശ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്ന് നൈനിറ്റാള്‍ എസ്എസ്പി പറഞ്ഞു.

ഹല്‍ദ്വാനി സംഘര്‍ഷം: പ്രകാശ് സിങിനെ വെടിവച്ചുകൊന്നത് പോലിസുകാരന്‍; കാരണം ഭാര്യയുമായുള്ള ബന്ധം
X

ഹല്‍ദ്വാനി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ അനധികൃത നിര്‍മാണം ആരോപിച്ച് മദ്‌റസയും പള്ളിയും തകര്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെന്ന് ആരോപിക്കപ്പെട്ട പ്രകാശ് സിങ് വധത്തില്‍ വഴിത്തിരിവ്. പ്രകാശ് സിങിനെ മുസ് ലിംകള്‍ കൊലപ്പെടുത്തിയെന്നത് വ്യാജ പ്രചാരണമാണെന്നും പോലിസുകാരന്റെ ഭാര്യയുമായുള്ള വിവാഹേതര ബന്ധമാണ് കൊലപാതകത്തിനു കാരണമെന്നും നൈനിറ്റാള്‍ പോലിസ് വെളിപ്പെടുത്തി. ബിഹാര്‍ സ്വദേശിയായ പ്രകാശ് സിങിനെ വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതിന് ബന്‍ഭൂല്‍പുര കലാപവുമായി ബന്ധമില്ലെന്നും ബന്ധമില്ലെന്നും പോലിസ് സ്ഥിരീകരിച്ചതായി ഇടിവി ഭാരത് റിപോര്‍ട്ട് ചെയ്തു.

ഫെബ്രുവരി എട്ടിനാണ് നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുരയില്‍ സംഘര്‍ഷമുണ്ടായത്. കൈയേറ്റം ആരോപിച്ച് പ്രദേശത്തെ മദ്‌റസയും പള്ളിയും മുനിസിപ്പല്‍ അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാനെത്തിയതിനെ പ്രദേശവാസികള്‍ ചെറുക്കുകയായിരുന്നു. തുടര്‍ന്ന് പോലിസുമായി ഏറ്റുമുട്ടുകയും തീവയ്പും കല്ലേറും വെടിവയ്പും അരങ്ങേറുകയും ചെയ്തു. കലാപത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു വാര്‍ത്തകള്‍. ഇതില്‍ അഞ്ചുപേര്‍ മുസ് ലിംകളും ഒരാള്‍ ബിഹാര്‍ സ്വദേശിയായ പ്രകാശ് സിങ് ആണെന്നുമായിരുന്നു ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, പ്രകാശ് സിങ് വധത്തിന് ബന്‍ഭൂല്‍പുര സംഘര്‍ഷവുമായി ബന്ധമില്ലെന്നാണ് പോലിസ് അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ബീരേന്ദ്ര സിങ്(36), സൂരജ് ബെയ്ന്‍(28), പ്രേം സിങ്(30), നയീം ഖാന്‍(50) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതോടെ, കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി കുറഞ്ഞതായും പോലിസ് വ്യക്തമാക്കി. പ്രകാശിന്റെ മൃതദേഹം അക്രമ ബാധിത പ്രദേശത്ത് നിന്ന് കണ്ടെത്തിയതിനാല്‍ കേസുമായി ബന്ധപ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം കലാപത്തില്‍ മരിച്ചതല്ലെന്നും നൈനിറ്റാള്‍ സീനിയര്‍ പോലിസ് സൂപ്രണ്ട് പ്രഹ്ലാദ് നാരായണ്‍ മീണ പറഞ്ഞു.

കോണ്‍സ്റ്റബിളിന്റെ ഭാര്യയുമായുള്ള സ്വകാര്യ വീഡിയോ പകര്‍ത്തി പ്രകാശ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്ന് നൈനിറ്റാള്‍ എസ്എസ്പി പറഞ്ഞു. പ്രിയങ്ക തന്റെ ഭര്‍ത്താവ് ബീരേന്ദ്രയില്‍ നിന്ന് വിഷയം മറച്ചുവച്ചു. എന്നാല്‍ ഫെബ്രുവരി ഏഴിന് പോലിസുകാരന്‍ ഇക്കാര്യം അറിഞ്ഞു. തുടര്‍ന്ന് പോലിസുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് അയാളെ കൊല്ലാന്‍ പദ്ധതിയിട്ടു. കലാപത്തിന്റെ മറവില്‍ പ്രകാശിനെ കൊലപ്പെടുത്തി ഹല്‍ദ്വാനി അക്രമത്തിന്റെ ഇരയായി അവതരിപ്പിക്കാന്‍ മൃതദേഹം ബന്‍ഭൂല്‍പുരയിലെ അക്രമ ബാധിത പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. പ്രകാശിന്റെ തലയില്‍ നിന്ന് കണ്ടെടുത്ത മൂന്ന് വെടിയുണ്ടകള്‍ പ്രതികളുടെ കൈവശമുള്ള അനധികൃത പിസ്റ്റളില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമം നടന്ന ദിവസം ഹല്‍ദ്വാനിയിലെ ഗൗലപറിലെത്തിയ ശേഷം പ്രകാശിനെ പ്രിയങ്ക വിളിച്ചുവരുത്തുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. സംഭവശേഷം പോലിസുകാരന്റെ ഭാര്യ പ്രിയങ്ക ഒളിവിലാണെന്നും പോലിസ് അറിയിച്ചു. അതേസമയം, ബന്‍ഭൂല്‍പുര മേഖലയിലെ കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Next Story

RELATED STORIES

Share it