Sub Lead

ഭാര്യക്ക് മൂന്നു കോടി ജീവനാംശം നല്‍കാന്‍ പണമില്ല; കൃഷി ഭൂമി വിളയടക്കം വിറ്റ് കര്‍ഷകന്‍

44 വര്‍ഷത്തെ ബന്ധമാണ് പതിനെട്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിലൂടെ അവസാനിപ്പിച്ചിരിക്കുന്നത്

ഭാര്യക്ക് മൂന്നു കോടി ജീവനാംശം നല്‍കാന്‍ പണമില്ല; കൃഷി ഭൂമി വിളയടക്കം വിറ്റ് കര്‍ഷകന്‍
X

ഹരിയാന: ഭാര്യക്ക് മൂന്നുകോടി രൂപ ജീവനാംശം നല്‍കാന്‍ കൃഷിഭൂമിയും വിളയും വിറ്റ് കര്‍ഷകന്‍. കര്‍ണല്‍ സ്വദേശിയായ 70കാരനാണ് 44 വര്‍ഷത്തെ വിവാഹബന്ധം 18 വര്‍ഷം നീണ്ട നിയമയുദ്ധത്തിലൂടെ അവസാനിപ്പിച്ചത്. സ്ഥിരം ജീവനാംശം നല്‍കാന്‍ വേണ്ട പണം കൈവശമില്ലാത്തതിനാലാണ് കൃഷി ഭൂമി വിളയടക്കം വിറ്റത്.

ഹിന്ദു മതാചാര പ്രകാരം 1980 ആഗസ്റ്റ് 27നാണ് ഇരുവരുടെയും വിവാഹം നടന്നതെന്ന് കോടതി രേഖകള്‍ പറയുന്നു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടികളും ഈ ബന്ധത്തില്‍ ജനിച്ചു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായതോടെ 2006ല്‍ ഇരുവരും മാറിത്താമസിച്ചു. ഭര്‍ത്താവ് ചെലവിന് കൊടുക്കലും തുടര്‍ന്നു. ബന്ധം ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് തോന്നിയ ഭര്‍ത്താവ് 2008ല്‍ കര്‍ണല്‍ കുടുംബ കോടതിയില്‍ വിവാഹമോചന ഹരജി നല്‍കി.

ഇത്രയും കാലത്തെ ബന്ധം പിരിക്കാനാവില്ലെന്നാണ് കുടുംബകോടതി ഉത്തരവിട്ടത്. തുടര്‍ന്ന് 2013ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നീണ്ട പതിനൊന്ന് വര്‍ഷത്തിന് ശേഷം 2024 നവംബര്‍ നാലിനാണ് ഹൈക്കോടതി അപ്പീല്‍ പരിഗണിച്ചത്. തുടര്‍ന്ന് വിഷയം മധ്യസ്ഥതക്ക് വച്ചു. 3.07 കോടി രൂപ നല്‍കിയാല്‍ വിവാഹമോചനത്തിന് തയ്യാറാണെന്ന് ഇപ്പോള്‍ 73 വയസുള്ള ഭാര്യയും മുതിര്‍ന്ന മക്കളും കോടതിയെ അറിയിച്ചു. ഇതിന് തയ്യാറാണെന്ന് അപ്പോള്‍ തന്നെ ഭര്‍ത്താവ് അറിയിച്ചു.

തുടര്‍ന്ന് നാട്ടില്‍ തിരികെയെത്തി കരിമ്പ് കൃഷി നടത്തുന്ന ഭൂമി കരിമ്പടക്കം വിറ്റു പണമുണ്ടാക്കി അത് ഡിഡിയായി അയച്ചുനല്‍കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന 40 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളും അയച്ചു കൊടുത്തു. ഇതിന് ശേഷം പണം നല്‍കിയ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു.

ഭര്‍ത്താവ് മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള സ്വത്തില്‍ ഭാര്യക്കും മക്കള്‍ക്കും യാതൊരു അവകാശവുമുണ്ടാവില്ലെന്ന് ജസ്റ്റിസുമാരായ സുധീര്‍ സിങ്ങും ജസ്ജിത് സിങ്ങും വ്യക്തമാക്കി. ഭര്‍ത്താവിന്റെ സ്വത്ത് അയാളുടെ കുടുംബക്കാര്‍ക്ക് നിയമപ്രകാരം വീതിച്ചു നല്‍കുകയോ വില്‍പത്രം പ്രകാരം നടപടി സ്വീകരിക്കുകയോ വേണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it