Sub Lead

കാര്‍ഷിക ബില്ലുകള്‍ നാളെ രാജ്യസഭയില്‍: ഹരിയാനയില്‍ കര്‍ഷകര്‍ ദേശീയപാതകള്‍ ഉപരോധിക്കും

12 മണി മുതല്‍ മൂന്ന് മണിവരെയാണ് ദേശീയപാത ഉപരോധിക്കുന്നത്.

കാര്‍ഷിക ബില്ലുകള്‍ നാളെ രാജ്യസഭയില്‍: ഹരിയാനയില്‍ കര്‍ഷകര്‍ ദേശീയപാതകള്‍ ഉപരോധിക്കും
X

ചണ്ഡീഗഡ്: രാജ്യമെങ്ങും കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രതിഷേധം രൂക്ഷമായിരിക്കെ, നാളെ ഹരിയാനയില്‍ മൂന്ന് പ്രധാന ദേശീയപാതകള്‍ മൂന്ന് മണിക്കൂര്‍ ഉപരോധിക്കുമെന്ന് ഹരിയാന കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്‍(ബികെയു). 12 മണി മുതല്‍ മൂന്ന് മണിവരെയാണ് ദേശീയപാത ഉപരോധിക്കുന്നത്. അതേസമയം, കര്‍ഷകര്‍ ദേശീയപാതകളെ തടയരുതെന്നും കൊവിഡ് രോഗികളുമായി പോകുന്ന ആംബുലന്‍സുകളെ ആശുപത്രിയിലെത്താന്‍ അനുവദിക്കണമെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് അഭ്യര്‍ത്ഥിച്ചു.

കര്‍ഷകര്‍ക്കെതിരേയുള്ള ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുക, കാര്‍ഷിക വിപണി സര്‍ക്കാര്‍ തുറക്കുക, ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ലാഭം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയപാത കര്‍ഷകര്‍ ഉപരോധിക്കുന്നത്. യമുനാനഗര്‍ ടോള്‍ പ്ലാസ, കുറുക്ഷേത്ര-യമുനാനഗര്‍ റോഡ്, കുറുക്ഷേത്ര- പെഹോവ റോഡ്, കുറുക്ഷേത്ര-കിര്‍മാച്ച് റോഡ്, അംബാല-ഹിസാര്‍ റോഡ്, ഷഹാബാദ്-പഞ്ചകുല എന്നിവിടങ്ങളിലാണ് നാളെ ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 24 മുതല്‍ 26 വരെ പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിള്‍ വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കേയാണ് റോഡ് ഉപരോധം. നാളെ രാജ്യസഭയില്‍ കര്‍ഷക ബില്ലുകള്‍ അവതരിപ്പിക്കാനിരിക്കേയാണ് കര്‍ഷകര്‍ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബില്ലില്‍ പ്രതിഷേധിച്ച് അകാലികള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ സ്ഥാനം രാജിവെച്ചിരുന്നു. ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയും ബില്ലുകള്‍ പിന്‍വലിക്കണമെന്ന നിലപാടുമായി രംഗത്തെത്തി. ഈ സാഹചര്യത്തില്‍ സമവായം ഉണ്ടാക്കിയ ശേഷം ബില്ല് രാജ്യസഭയില്‍ കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ ദിവസം ബില്ലിനെ അനുകൂലിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ബില്ലിന്റെ പേരില്‍ പ്രതിപക്ഷം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മോദി ആരോപിച്ചത്. ബില്ലുകള്‍ കര്‍ഷകരുടെ ഗുണം മാത്രം മുന്‍നിര്‍ത്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു




Next Story

RELATED STORIES

Share it