Sub Lead

ഹാഥ്‌റസ്: പ്രതികളെ നുണ പരിശോധനയ്ക്ക് ഗുജറാത്തിലേക്ക് കൊണ്ടുപോയി

പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പ് പരിശോധനയ്ക്കായി നാലു പ്രതികളെയും ഉത്തര്‍പ്രദേശിലെ അലിഗഡ് ജയിലില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോയി.

ഹാഥ്‌റസ്: പ്രതികളെ നുണ പരിശോധനയ്ക്ക് ഗുജറാത്തിലേക്ക് കൊണ്ടുപോയി
X

അലിഗഡ്: ഹാഥ്‌റസ് പീഡനക്കേസിലെ പ്രതികളെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയരാക്കും. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പ് പരിശോധനയ്ക്കായി നാലു പ്രതികളെയും ഉത്തര്‍പ്രദേശിലെ അലിഗഡ് ജയിലില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോയി.

രാജ്യത്തെ നടുക്കിയ ഹാഥ്‌റസ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് മരിച്ചത്. 19കാരിയുടെ മരണത്തിന് മൂന്നു ദിവസം മുന്‍പ് തന്നെ നാല് പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ സംസ്‌കരിച്ച ഉത്തര്‍പ്രദേശ് പോലിസിന്റെ നടപടി വന്‍ വിവാദമായിരുന്നു.

അതിനിടെ, ഹാഥ്‌റസില്‍ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന ദലിത് പെണ്‍കുട്ടിയുടെ കുടുംബം വീട്ടുതടങ്കലിലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ഹാഥ്‌റസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളെ കണ്ട പിയുസിഎല്‍ പ്രതിനിധി സംഘമാണ് കുടുംബം കടന്നുപോകുന്ന ഗുരുതര യാഥാര്‍ത്ഥ്യം പൊതുസമൂഹത്തിനു മുന്നിലെത്തിച്ചത്. സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ച ശേഷം കുടുംബത്തിന്റെ സ്ഥിതി അതീവ ശോചനീയമാണ്.

തങ്ങള്‍ ആ കുടുംബത്തെ സന്ദര്‍ശിച്ചപ്പോള്‍ ഇരയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോയതുപോലെയായിരുന്നില്ല, തവിലായ ഭീകരരെ കാണാന്‍ പോകുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്ന് പിയുസില്‍ പ്രതിനിധി സംഘത്തിലെ അംഗമായ കമല്‍ സിങ്കി പറഞ്ഞു.

ഹാഥ്‌റസ് കേസ് സംബന്ധിച്ച സിബിഐ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട 'എ ബ്ലാക്ക് സ്‌റ്റോറി' എന്ന പേരില്‍ ഒരു റിപോര്‍ട്ട് പിയുസിഎല്‍ പുറത്തുവിട്ടിട്ടുണ്ട്. നാല് താക്കൂര്‍ യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത ദലിത് പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് രാവിലെയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ സപ്തംബര്‍ 30ന് പുലര്‍ച്ചെ പോലിസ് സംസ്‌കരിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും സിബിഐ അന്വേഷണം പൂര്‍ത്തിയാട്ടില്ല.

സിബിഐ അന്വേഷണം നടക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇപ്പോഴും കാര്യങ്ങള്‍ വ്യക്തമല്ല. കുടുംബം മുഴുവന്‍ ഒരുതരം വീട്ടുതടങ്കലിലാണ്. അവരുടെ സാധാരണ സാമൂഹിക ജീവിതം വിഛേദിക്കപ്പെട്ടിരിക്കുന്നു. കുടുംബാംഗങ്ങള്‍ ഭയാശങ്കയിലാണ് റിപോര്‍ട്ടില്‍ പറയുന്നു.

കമല്‍ സിംഗ്, ഫര്‍മാന്‍ നഖ്വി, അലോക്, ശശികാന്ത്, കെ.ബി. മൗര്യ തുടങ്ങിയവരാണ് ഹാഥ്‌റസ് സന്ദര്‍ശിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തെ നേരില്‍ കണ്ട പിയുസിഎല്‍ പ്രതിനിധികള്‍ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു റിപോര്‍ട്ടും പുറത്തുവിട്ടിട്ടുണ്ട്.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പുനരധിവാസത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്നും കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന വാഗ്ദാനം ഉടനടി നിറവേറ്റണമെന്നും റിപോര്‍ട്ട് ആവശ്യപ്പെട്ടു.

മകനെ കുടുംബം നാട്ടില്‍ നിന്നു തന്നെ പുറത്തേക്ക് പറഞ്ഞയിച്ചിരിക്കുകയാണ്. നാട്ടില്‍ നിന്നാല്‍ അപകടമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അവര്‍ കരുതുന്നു.

സപ്തംബര്‍ 17നു തന്നെ കുടുംബം പോലിസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് പിയുസിഎല്‍ റിപോര്‍ട്ടില്‍ പറയുന്നു. പക്ഷേ, പോലിസ് അത് പൂഴ്ത്തിവച്ചു. സിബിഐ അന്വേഷണത്തില്‍ പോലിസിന്റെ പങ്കും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it