Sub Lead

ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും കെട്ടിക്കിടക്കുന്നത് നാലു കോടിയോളം കേസുകള്‍

സെപ്റ്റംബര്‍ 16 വരെ രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ 51 ലക്ഷത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നതായി കേന്ദ്ര നിയമമന്ത്രി പാര്‍ലമെന്റില്‍ വച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും കെട്ടിക്കിടക്കുന്നത് നാലു കോടിയോളം കേസുകള്‍
X

ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും നാലു കോടിയോളം കേസുകള്‍ കെട്ടിക്കിടക്കുന്നതായി നിയമമന്ത്രി ആര്‍ എസ് പ്രസാദ്. സെപ്റ്റംബര്‍ 16 വരെ രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ 51 ലക്ഷത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നതായി കേന്ദ്ര നിയമമന്ത്രി പാര്‍ലമെന്റില്‍ വച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലെ കേസുകളുടെ തീര്‍പ്പുകല്‍പ്പിക്കല്‍ സംബന്ധിച്ച വിവരങ്ങളും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 16 ലെ കണക്കനുസരിച്ച് 3.45 കോടിയിലധികം കേസുകളാണ് ജില്ലയിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കീഴ്‌കോടതികള്‍ക്കു മുന്നില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ളത്.

കണക്കുകള്‍ പ്രകാരം രാജ്യത്തെ ഹൈക്കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത മൊത്തം കേസുകളുടെ എണ്ണം 51,52,921 ആണ്, അതില്‍ 36,77,089 (71%) സിവില്‍ കേസുകളും 14,75,832 (29%) ക്രിമിനല്‍ കേസുകളുമാണ്. 25 ഹൈക്കോടതികളില്‍ അലഹാബാദ് ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത്. 3,99,710 സിവില്‍ കേസുകളും 3,46,967 ക്രിമിനല്‍ കേസുകളുമാണ് ((7,46,677 അല്ലെങ്കില്‍ 14%) ഇവിടെയുള്ളത്. 6,07,069 (12%) കേസുകളാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി മുമ്പാകെയുള്ളത്.

ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളെ സംബന്ധിച്ചിടത്തോളം ആകെ തീര്‍പ്പാക്കാത്ത കേസുകള്‍ 3,44,73,068 ആണ്. ഇതില്‍ 94,49,268 (27%) സിവില്‍ കേസുകളും 2,50,23,800 (73%) ക്രിമിനല്‍ കേസുകളും ഉള്‍പ്പെടുന്നു.

യുപിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ളത്. 8186410 (24 ശതമാനം) കേസുകളാണ് യുപിയിലുള്ളത്. മഹാരാഷ്ട്ര 4221418 (12 ശതമാനം), ബീഹാര്‍ 3094186 (9 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിറകിലുള്ളത്.

തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളുടെ എണ്ണത്തെക്കുറിച്ചും ഇത്തരം കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് ഗ്രാമീണ കോടതികള്‍ സ്ഥാപിക്കാനുള്ള സാധ്യതയെക്കുറിച്ചും ലോക്‌സഭാ അംഗങ്ങളായ പര്‍ബത് ഭായ് പട്ടേല്‍, ബിജെപിയിലെ ശാന്തനു താക്കൂര്‍ തുടങ്ങിയവരുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര നിയമമന്ത്രി ഇക്കാര്യങ്ങള്‍ പാര്‍ലമെന്റിനെ അറിയിച്ചത്.

Next Story

RELATED STORIES

Share it