Sub Lead

'അടിയന്തരാവസ്ഥയില്‍ പോലും ഇത് നടക്കില്ല'; ഹാനി ബാബുവിന്റെ അറസ്റ്റിനെതിരേ ഭാര്യ ജെന്നി

ഭീമ കൊറേഗാവ് കേസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഡല്‍ഹി സര്‍വകലാശാല മലയാളി അധ്യാപകനായ പ്രഫ. ഹാനി ബാബുവിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യുകയായിരുന്നു.

അടിയന്തരാവസ്ഥയില്‍ പോലും ഇത് നടക്കില്ല;  ഹാനി ബാബുവിന്റെ അറസ്റ്റിനെതിരേ ഭാര്യ ജെന്നി
X

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ ജിഎന്‍ സായിബാബയ്ക്ക് വേണ്ടി സംസാരിച്ചതിനാണ് ഹാനി ബാബുവിനെ പീഡിപ്പിക്കുന്നതെന്ന് ഭാര്യ ജെന്നി. അടിയന്തരാവസ്ഥയില്‍ പോലും ഇത് നടക്കില്ലെന്നും അവര്‍ പറയുന്നു.

ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന്‍ ഹാനി ബാബുവിന് എല്‍ഗര്‍ പരിഷത്ത് സംഘടിപ്പിച്ചതുമായി ബന്ധമില്ല. തെളിവെടുപ്പിന് വിളിച്ചുകൊണ്ടുപോയ ശേഷം എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിച്ചു കൊണ്ടു പോയ ലാപ്‌ടോപ്പിലെ രേഖകളാണ് ഹാനി ബാബുവിന് എതിരായ തെളിവാണെന്നാണ് എന്‍ഐഎ വിശദമാക്കുന്നത്. എന്നാല്‍ നിരോധിച്ച രേഖകളോ പുസ്തകങ്ങളോ പിടിച്ചിട്ടില്ലെന്ന് ജെന്നി ഒരു ചാനലിനോട് പ്രതികരിച്ചു.

ഹാനി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഭീമ കൊറേഗാവ് കേസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഡല്‍ഹി സര്‍വകലാശാല മലയാളി അധ്യാപകനായ പ്രഫ. ഹാനി ബാബുവിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ ഈ കേസില്‍ ഹാനി ബാബു അടക്കം മൂന്ന് പേര്‍ക്ക് എന്‍ഐഎ സമന്‍സ് അയച്ചിരുന്നു. എന്‍ഐഎയുടെ മുംബൈ ഓഫിസില്‍ ജൂലൈ 23ന് ഹാനി ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ജൂലൈ 12നാണ് പ്രഫസര്‍ ഹാനി ബാബുവിനെ എന്‍ഐഎയെ മുംബൈയിലേക്ക് വിളിപ്പിച്ചത്. 2019 സെപ്റ്റംബറില്‍ പൂനെ പൊലിസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹാനി ബാബുവിന്റെ നോയിഡയിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്ന 12ാമത്തെ ആളാണ് ഹാനി ബാബു. സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൌത്, അരുണ്‍ ഫെരെയ്ര, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍ണന്‍ ഗോണ്‍സാല്‍വ്‌സ്, വരവര റാവു, ആനന്ദ് തെല്‍തുംബ്ദെ, ഗൌതം നവലഖ എന്നിവരാണ് ഭീമ കൊറേഗാവ് കേസുമായി ഇത് വരെ അറസ്റ്റിലായവര്‍.

Next Story

RELATED STORIES

Share it