Sub Lead

ഇസ്രായേലിനെ ആക്രമിച്ചതായി ഹിസ്ബുല്ല; ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചു

ഇസ്രായേലിനെ ആക്രമിച്ചതായി ഹിസ്ബുല്ല; ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചു
X

ബെയ്റൂത്ത്: ഇസ്രായേലിനെ ആക്രമിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വന്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല വ്യക്തമാക്കി. മുതിര്‍ന്ന കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണത്തെ ഹിസ്ബുല്ല വിശേഷിപ്പിച്ചത്. 320ല്‍ അധികം കറ്റിയൂഷ റോക്കറ്റുകള്‍ ഇസ്രായേലിന് നേര്‍ക്ക് അയച്ചതായും ഹിസ്ബുല്ല പറഞ്ഞു.

തെക്കന്‍ ലെബനാനില്‍ വ്യോമാക്രണം നടത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുല്ല തിരിച്ചടിച്ചത്. ഏത് സമയത്തും ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടാകുമെന്ന് ഇസ്രായേലിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇസ്രായേലില്‍ രണ്ട് ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയിലാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്.

ഇസ്രായേലിനുള്ളിലെ ഒരു സുപ്രധാന സൈനിക കേന്ദ്രത്തിന് നേരെ ഞങ്ങള്‍ നിരവധി ഡ്രോണുകള്‍ ഉപയോഗിച്ച് വലിയ തോതിലുള്ള വ്യോമാക്രമണം നടത്തിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ അറിയിച്ചു. വടക്കന്‍ അധിനിവേശ ഫലസ്തീനിലെ നിരവധി ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍, ബാരക്കുകള്‍, അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവിടങ്ങളെ ലക്ഷ്യമിട്ടതായും ഹിസ്ബുല്ല പറഞ്ഞു. തിരിച്ചടിയുടെ ആദ്യഘട്ടം പൂര്‍ത്തിയായെന്നും ഹിസ്ബുല്ല അറിയിച്ചു. കഴിഞ്ഞ ജൂലൈ 30നാണ് ഫുവാദ് ഷുക്കൂറിനെ ഇസ്രായേല്‍ കൊലപ്പെടുത്തുന്നത്. ഇതിന് പ്രതികരണം ഉണ്ടാകുമെന്ന് ഹിസ്ബുല്ല അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലെബനനിലെ ചെറുത്തുനില്‍പ്പ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണന്നും ഏത് ഇസ്രായേലി ആക്രമണത്തോടും ശക്തമായി പ്രതികരിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചിരുന്നു. നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ പ്രത്യാഘാതം കനത്തതായിരിക്കുമെന്നും ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തിന്റെ പശ്ചാതലത്തില്‍ ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും ഇസ്രായേല്‍ അധികൃതര്‍ നിര്‍ത്തിവച്ചു. വടക്കന്‍ ഇസ്രായേലിലെ പല നഗരങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നുണ്ടെന്ന് ചാനല്‍ 12 ഉള്‍പ്പെടെയുള്ള ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.





Next Story

RELATED STORIES

Share it