Sub Lead

ഡല്‍ഹി കലാപത്തിനിടെ വെടിയുതിര്‍ത്ത രണ്ടു പ്രതികള്‍ക്ക് ജാമ്യം; അക്രമികളെ പിരിച്ചുവിടാന്‍ മുകളിലേക്ക് വെടിയുതിര്‍ത്ത ഷാറൂഖ് പത്താന്‍ ഇപ്പോഴും അഴിക്കുള്ളില്‍

കലാപത്തിനിടെ ശിവ, നിധിന്‍ എന്നീ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇരുവര്‍ക്കുമെതിരേ ഐപിസി വകുപ്പുകളും ആയുധ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി കുറ്റകരമായ നരഹത്യക്കാണ് കേസെടുത്തിരുന്നത്.

ഡല്‍ഹി കലാപത്തിനിടെ വെടിയുതിര്‍ത്ത രണ്ടു പ്രതികള്‍ക്ക് ജാമ്യം; അക്രമികളെ പിരിച്ചുവിടാന്‍ മുകളിലേക്ക് വെടിയുതിര്‍ത്ത ഷാറൂഖ് പത്താന്‍ ഇപ്പോഴും അഴിക്കുള്ളില്‍
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മുസ്‌ലിംകള്‍ക്കെതിരേ നടന്ന വംശഹത്യാ അതിക്രമത്തിനിടെ വെടിയുതിര്‍ത്ത രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ഇരയ്ക്ക് പരിക്കേറ്റത് വെടിയേറ്റല്ല മറിച്ച് കല്ലുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. സംഘര്‍ഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ മുകളിലേക്ക് വെടിയുതിര്‍ത്ത ഷാരൂഖ് ഖാന്‍ എന്ന മുസ്‌ലിം യുവാവ് ഇപ്പോഴും അഴിക്കുള്ളില്‍ തന്നെ തുടരുമ്പോഴാണ് ശിവ, നിധിന്‍ എന്നീ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.

കലാപത്തിനിടെ ശിവ, നിധിന്‍ എന്നീ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇരുവര്‍ക്കുമെതിരേ ഐപിസി വകുപ്പുകളും ആയുധ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി കുറ്റകരമായ നരഹത്യക്കാണ് കേസെടുത്തിരുന്നത്. പരിക്കേറ്റ അസിമിന്റെ മൊഴിയിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

'കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25ന് ബഹളംകേട്ട് വീട്ടിനു പുറത്തിറങ്ങിയപ്പോള്‍ 20-25 പേരടങ്ങുന്ന സംഘം ജയ് ശ്രീ റാം വിളികളുമായി മസ്ജിദ് ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. അവര്‍ വസ്തുവകകള്‍ നശിപ്പിക്കുകയും കല്ലേറ് നടത്തുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഇതിനിടെ, അക്രമികള്‍ എറിഞ്ഞ കല്ല് തലയില്‍ പതിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയും ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്കിന്റെ സ്വഭാവം ഗുരുതരമായതിനാല്‍ പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കി'- അസിമിനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ പോലും നിതിന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പ്രതിയുടെ അഭിഭാഷകന്‍ പ്രീതിഷ് സബര്‍വാള്‍ വാദിച്ചത്. സിസിടിവിയില്‍ കുടുങ്ങിയ രണ്ടാം പ്രതി ശിവ, മുകളിലേക്ക് വെടിയുതിര്‍ക്കുന്നത് മാത്രമാണ് കാണുന്നതെന്നും പരാതിക്കാരനോ മറ്റേതെങ്കിലും ഇരയ്‌ക്കോ വെടിയേറ്റ പരിക്കൊന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു സബര്‍വാളിന്റെ വാദം. ഇതു മുഖവിലയ്‌ക്കെടുത്താണ് പബ്ലിക് പ്രോസിക്യൂട്ടറുടെ എതിര്‍പ്പിനെ തള്ളി കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇരുവരും സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെന്നും ബീറ്റ് പോലിസുകാരന്‍ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിസ്റ്റളുമായി ശിവനെ കാണാമെന്നും അസിമിന് പരിക്കേറ്റത് ഇയാളുടെ വെടിയേറ്റാണെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ വേണ്ടി ആകാശത്തേക്ക് വെടിയുതിര്‍ത്ത ഡല്‍ഹി കലാപ കേസിലെ മറ്റൊരു പ്രതിയായ ഷാരൂഖ് പത്താന്‍ ഇപ്പോഴും അഴിക്കുള്ളിലാണ്. ഇദ്ദേഹത്തിന്റെ ജാമ്യ ഹരജി നിരവധി തവണയാണ് കോടതി തള്ളിയത്.

Next Story

RELATED STORIES

Share it