Sub Lead

രണ്ടാം വിവാഹം; പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി

കറയില്ലാത്ത സര്‍വ്വീസുള്ള രാജ്യസ്‌നേഹിയെ പിരിച്ചുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

രണ്ടാം വിവാഹം; പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി
X

ചണ്ഡീഗഡ്: രണ്ടാം വിവാഹത്തെ തുടര്‍ന്ന് പിരിച്ചുവിട്ട വ്യോമസേനാ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കറയൊന്നും വീഴാത്ത സര്‍വ്വീസ് റെക്കോഡുള്ള രാജ്യസ്‌നേഹിയായ ഉദ്യോഗസ്ഥനെ നിര്‍ദയം പിരിച്ചുവിടുന്നത് ജീവിതമാര്‍ഗം തടയുന്നതിന് തുല്യമാണെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

വിവാഹം കഴിക്കുന്നത് വ്യോമസേനയെ അറിയിക്കണമെന്ന ചട്ടം പാലിക്കാതെ രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരനെ വ്യോമസേന പിരിച്ചുവിട്ടത്. 2012ലെ ആദ്യ വിവാഹത്തിന് ശേഷമാണ് ഇയാള്‍ രണ്ടാം വിവാഹം കഴിച്ചത്. ഇത് നിയമവിരുദ്ധമാണെന്നാണ് വ്യോമസേന വാദിച്ചത്. വ്യോമസേന നല്‍കിയ പരാതി പരിശോധിച്ച സൈനിക കോടതിയാണ് പിരിച്ചുവിടാന്‍ നിര്‍ദേശിച്ചത്. ഈ വിധിയെ ചോദ്യം ചെയ്താണ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചത്.

രണ്ടാം വിവാഹം ആദ്യ ഭാര്യയുടെ സമ്മതത്തോടെ മുസ്‌ലിം വ്യക്തി നിയമപ്രകാരമാണ് നടത്തിയതെന്ന് വാദം കേട്ട ഹൈക്കോടതി കണ്ടെത്തി. '' രണ്ടു കുടുംബങ്ങളുടെ ചുമതലയുള്ള വ്യക്തിയാണ് ഹര്‍ജിക്കാരന്‍. ഇയാളെ സര്‍വ്വീസില്‍ നിന്ന് ഇത്തരത്തില്‍ പിരിച്ചുവിടുന്നത് ആ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും.''- ജസ്റ്റീസുമാരായ സുരേഷ്വര്‍ താക്കൂറും സുദീപ്തി ശര്‍മയും വിശദീകരിച്ചു.

വ്യോമസേനയില്‍ ഇത്തരമൊരു നിയമം പ്രാബല്യത്തിലുള്ളതായി അറിയില്ലെന്നാണ് ഉദ്യോഗസ്ഥന്‍ വാദിച്ചത്. ഹര്‍ജിക്കാരന്റെ രണ്ടാം വിവാഹത്തെ ആദ്യ ഭാര്യ എതിര്‍ക്കുന്നില്ല. രണ്ടാം ഭാര്യയുമൊത്ത് ജീവിക്കാന്‍ തനിക്ക് പ്രയാസങ്ങളൊന്നുമില്ലെന്നാണ് ആദ്യ ഭാര്യ അറിയിച്ചത്. അവരുടെ സമ്മതത്തോടെ മുസ്‌ലിം വ്യക്തി നിയമപ്രകാരമാണ് രണ്ടാം വിവാഹം നടത്തിയതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ഹര്‍ജിക്കാരനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ വ്യോമസേനക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

Next Story

RELATED STORIES

Share it