Sub Lead

മാനന്തവാടി സ്‌കൂളിലെ ഹിജാബ് വിലക്ക്; വീഴ്ച സംഭവിച്ചു, മാപ്പ് പറയാമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍

സബ് കലക്ടര്‍ ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വീഴ്ച സമ്മതിച്ചത്.

മാനന്തവാടി സ്‌കൂളിലെ ഹിജാബ് വിലക്ക്; വീഴ്ച സംഭവിച്ചു, മാപ്പ് പറയാമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍
X

കല്‍പറ്റ: മാനന്തവാടി ലിറ്റര്‍ ഫഌവര്‍ സ്‌കൂളില്‍ ഹിജാബ് അണിഞ്ഞെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍നിന്ന് പുറത്താക്കിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. തന്റെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചതായി സമ്മതിച്ച പ്രിന്‍സിപ്പല്‍ സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.

സബ് കലക്ടര്‍ ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വീഴ്ച ഏറ്റു പറഞ്ഞത്.

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ പുറത്താക്കിയത് അന്വേഷിക്കാനെത്തിയ രക്ഷിതാവിനോട് സ്‌കൂളില്‍ ഷാള്‍ അനുവദിക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ കുട്ടിക്ക് ടിസി നല്‍കാമെന്നുമായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ തിട്ടൂരം.

സ്‌കൂളിലെ നിയമം അനുസരിച്ച് ഷാള്‍ അനുവദിക്കാനാവില്ല. ഒരു മതത്തിന്റെ കാര്യവും സ്‌കൂളില്‍ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ പഠിക്കാനാണ് വരുന്നത്. കൈകള്‍ ഇത്രയും മറച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുക. എന്തിനാണ് കൊച്ചുകുട്ടികളെ ഇങ്ങനെ നടത്തിക്കണമെന്ന് നിങ്ങള്‍ വാശി പിടിക്കുന്നതെന്നും കുട്ടിയുടെ പിതാവിനോട് പ്രിന്‍സിപ്പള്‍ ചോദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രിന്‍സിപ്പിലിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

ഒരു കുട്ടിയുടെ രക്ഷിതാവുമായി താന്‍ നടത്തിയ സംഭാഷണത്തില്‍ വീഴ്ച സംഭവിച്ചതായി പ്രധാനാധ്യാപിക സിസ്റ്റര്‍ റോഷ്‌ന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സമ്മതിച്ചു. ഇത് ആരേയും ബോധപൂര്‍വ്വം വേദനിപ്പിക്കാനോ മത വികാരങ്ങളെ വ്രണപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ഈ സ്‌കൂളില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നത് പോലെ തുടര്‍ന്നും യൂനിഫോം ധരിച്ച് വരാനുള്ള പൂര്‍ണ സ്വാതന്ത്ര്യവും അവകാശവും കുട്ടികള്‍ക്കുണ്ടെന്നും ഇക്കാര്യം ജില്ലാ സബ് കലക്ടര്‍ ശ്രീലക്ഷ്മി ഐഎഎസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകരിക്കുകയും പ്രശ്‌നം രമ്യമായി പരഹിരിക്കുകയും ചെയ്തതായും അവര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ വിദ്യാലയത്തിലെ കുട്ടികള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ യാതൊരുവിധ പ്രയാസങ്ങളും ഉണ്ടാവില്ലെന്നും സിസ്റ്റര്‍ റോഷ്‌ന ഉറപ്പു നല്‍കി.



പ്രിന്‍സിപ്പലുടെ നടപടിക്കെതിരേ നാടിന്റെ മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Next Story

RELATED STORIES

Share it