Sub Lead

ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരേ ഹരജിക്കാര്‍ സുപ്രിംകോടതിയിലേക്ക്

ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണ രൂപം ലഭിച്ച ശേഷം നടപടികള്‍ ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി

ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരേ ഹരജിക്കാര്‍ സുപ്രിംകോടതിയിലേക്ക്
X

ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹരജിക്കാരായ ഉഡുപ്പി ഗവ ഗേള്‍സ് പ്രീ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനികള്‍.ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണ രൂപം ലഭിച്ച ശേഷം നടപടികള്‍ ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച് ഉഡുപ്പി ഗവ ഗേള്‍സ് പ്രീ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനികളാണ് ഹരജി നല്‍കിയത്.കേസില്‍ വിവിധ സംഘടനകളും കക്ഷി ചേര്‍ന്നിരുന്നു.ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തി കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ ബെഞ്ച് ഹരജികള്‍ തള്ളിയത്.ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സ്‌കൂളില്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നത് മൗലികവകാശ ലംഘനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ട് ഫെബ്രുവരി അഞ്ചിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് കോടതി ശരിവെച്ചത്.

11ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്. തുടര്‍ന്ന് ഫെബ്രുവരി 25ന് വിധി പറയാന്‍ മാര്‍ച്ച് 15ലേക്ക് കേസ് മാറ്റുകയായിരുന്നു. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസത്രങ്ങള്‍ ധരിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

അതിനിടെ ഹൈക്കോടതി വിധിയെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്തു. ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.പഠിക്കുക എന്നതാണ് വിദ്യാര്‍ഥികളെ സംബന്ധിച്ച് അടിസ്ഥാന കാര്യം. മറ്റുള്ള കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറാന്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അഭ്യര്‍ഥിച്ചു.


Next Story

RELATED STORIES

Share it