Sub Lead

'ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ മതാചാരത്തിന്റെ ഭാഗമല്ല'; കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ മതാചാരത്തിന്റെ ഭാഗമല്ല; കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

ബംഗളൂരു: ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ മതാചാരത്തിന്റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ വരില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം ലംഘിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇസ്‌ലാം മതത്തിലെ ഒഴിവാക്കാനാവാത്ത ആചാരമല്ല ഹിജാബെന്നും ഹിജാബ് നിര്‍ബന്ധമാക്കാന്‍ ഭരണഘടനാ ധാര്‍മികതയില്ലെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗി പറഞ്ഞു. ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് ജെ എം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചിനോടാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഫെബ്രുവരി അഞ്ചിലെ ഉത്തരവ് നിയമാനുസൃതമാണെന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. സംസ്ഥാനത്തെ പല സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയതിനെച്ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമിടയിലാണ് 'സമത്വത്തിനും സമഗ്രതയ്ക്കും പൊതുക്രമത്തിനും' ഭംഗം വരുത്തുന്ന വസ്ത്രങ്ങള്‍ നിരോധിക്കുകയാണെന്ന് ഫെബ്രുവരി 5ന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സര്‍ക്കാര്‍ ഉത്തരവില്‍ ഹിജാബിന്റെ പ്രശ്‌നമില്ല. സര്‍ക്കാര്‍ ഉത്തരവ് നിരുപദ്രവകരമാണ്. ഹരജിക്കാരുടെ അവകാശങ്ങളെ ഇത് ബാധിക്കില്ല. ക്ലാസ് മുറിയില്‍ ഹിജാബ് അനുവദിക്കണമോ എന്ന് കോളജുകള്‍ക്ക് തീരുമാനിക്കാം.

മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് ഭരണകൂടത്തിന്റെ നിലപാട്. ഹിജാബ് മതേതരത്വത്തിനും പൊതുക്രമത്തിനും എതിരാണെന്നും അത് അനുവദനീയമല്ലെന്നും പറയാമായിരുന്നു. ഞങ്ങള്‍ അത് പറയുന്നില്ല. ഇത് ഭരണകൂടത്തിന്റെ പ്രഖ്യാപിത നിലപാടാണ്. ഞങ്ങള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും ഐക്യത്തിനും സമത്വത്തിനും അനുസൃതമായി വസ്ത്രങ്ങള്‍ ധരിക്കണമെന്ന് നിര്‍ദേശിക്കുന്ന ഭാഗം കൂടുതല്‍ കൃത്യതയോടെ പറയാമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ഇവിടെ ഉത്തരവ് തയ്യാറാക്കിയ ആള്‍ക്ക് അല്‍പ്പം ആവോശം കൂടിപ്പോയി.

യൂനിഫോം നിര്‍ദേശിച്ചിട്ടില്ലെങ്കില്‍ മാന്യമായ വസ്ത്രം ധരിക്കുക എന്നതായിരുന്നു ഉദ്ദേശിച്ചത്. ഇത് കൂടുതല്‍ വ്യക്തതയോടെ പറയാമായിരുന്നു- എജി പറഞ്ഞു. ഫെബ്രുവരി അഞ്ചിന് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനയുടെ 25ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന ചില മുസ്‌ലിം വിദ്യാര്‍ഥികളുടെ ആരോപണം അഡ്വക്കേറ്റ് ജനറല്‍ തള്ളി. ആര്‍ട്ടിക്കിള്‍ 25 ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സ്വതന്ത്രമായ തൊഴില്‍, ആചാരം, മതപ്രചാരണം എന്നിവ ഉറപ്പുനല്‍കുന്നതാണ്.

സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനയുടെ 19(1)(എ) അനുച്ഛേദം ലംഘിക്കുന്നില്ല. അത് എല്ലാ പൗരന്‍മാര്‍ക്കും സംസാരത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു- എജി വാദിച്ചു. കേസില്‍ ഹൈക്കോടതിയില്‍ നാളെയും വാദം തുടരും. ഹിജാബ് നിരോധനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ കോളജ് വിദ്യാര്‍ഥിനികളാണ് ഹരജി നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it