Sub Lead

ഇസ്രായേലിന്റെ പൊട്ടാത്ത മിസൈല്‍ പരിഷ്‌കരിച്ച് തിരിച്ചുവിട്ട് ഹിസ്ബുല്ല; വലിയ തലവേദനയെന്ന് ന്യൂയോര്‍ക്ക് ടൈംസ് (വീഡിയോ)

ഇസ്രായേലിന്റെ പൊട്ടാത്ത മിസൈല്‍ പരിഷ്‌കരിച്ച് തിരിച്ചുവിട്ട് ഹിസ്ബുല്ല; വലിയ തലവേദനയെന്ന് ന്യൂയോര്‍ക്ക് ടൈംസ് (വീഡിയോ)
X

ബെയ്‌റൂത്ത്: പതിനെട്ട് വര്‍ഷം മുമ്പ് ഇസ്രായേല്‍ അയച്ച പൊട്ടാത്ത മിസൈല്‍ റിവേഴ്‌സ് എഞ്ചിനീയറിങ് നടത്തി ഹിസ്ബുല്ല. കഴിഞ്ഞ ദിവസം മുതല്‍ മെര്‍ക്കാവ ടാങ്കുകള്‍ക്കെതിരേ ഹിസ്ബുല്ല അയക്കുന്ന 'അല്‍മാസ്' മിസൈലുകള്‍ ഇസ്രായേലി മിസൈലിന്റെ പരിഷ്‌കരിച്ച രൂപമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. സ്‌പൈക്ക് ആന്റി ടാങ്ക് മിസൈല്‍ എന്ന ഇസ്രായേലി മിസൈലാണ് ഹിസ്ബുല്ലയുടെ എഞ്ചിനീയര്‍മാര്‍ അഴിച്ച് പഠിച്ചത്.

പുതിയ മിസൈലുകള്‍ വന്നതോടെ തകരുന്ന ഇസ്രായേലി ടാങ്കുകളുടെ എണ്ണവും കൂടിവരുകയാണ്. പതിനാറ് കിലോമീറ്റര്‍ അകലെയുള്ള ടാങ്കുകളും വാഹനങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനും ലോക്ക് ചെയ്യാനും ഈ മിസൈലിന് കഴിയും. ഒരിക്കല്‍ ലോക്ക് ചെയ്താല്‍ പിന്നെ വാഹനത്തിന്റെ സ്ഥലം മാറിയാലും രക്ഷയില്ല.

കാറുകളില്‍ നിന്നും ഡ്രോണുകളില്‍ നിന്നും ഹെലികോപ്റ്ററില്‍ നിന്നും തോളില്‍ വക്കുന്ന പൈപ്പുകളില്‍ നിന്ന് വരെ ഈ മിസൈല്‍ വിക്ഷേപിക്കാന്‍ കഴിയുമെന്നതും ഇസ്രായേലിന് തലവേദനയായി മാറിയിരിക്കുകയാണ്. ഈ മിസൈലിന്റെ ഏറ്റവും ചുരുങ്ങിയത് മൂന്നുവകഭേദങ്ങള്‍ എങ്കിലും ഇപ്പോള്‍ ഹിസ്ബുല്ല ഉപയോഗിക്കുന്നുണ്ട്. രണ്ട് ഘട്ടമായാണ് ഈ മിസൈല്‍ പൊട്ടിത്തെറിക്കുകയെന്ന് ന്യൂയോര്‍ക്ക് ടൈംസിലെ റിപോര്‍ട്ട് പറയുന്നു. മിസൈല്‍ ടാങ്കിന്റെ പടച്ചട്ടയില്‍ പതിക്കുമ്പോള്‍ ചെറിയ സ്‌ഫോടനമുണ്ടാവും. ഇത് പടച്ചട്ടയില്‍ വിള്ളലുണ്ടാക്കും. ഈ വിള്ളലിലൂടെ അകത്ത് കടക്കുന്ന മിസൈല്‍ പൊട്ടിത്തെറിക്കും. ഇത് ടാങ്കിനെ ഉള്ളില്‍ നിന്നും തകര്‍ക്കും.

പലതരം ഹൃസ്വ, ദീര്‍ഘദൂര മിസൈലുകളെ നേരിടാന്‍ ഉള്ള വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇസ്രായേലിനുണ്ട്. പക്ഷെ, സ്വന്തം മിസൈലിനെ തകര്‍ക്കാനുള്ള സംവിധാനം ഇല്ലെന്നതാണ് ഇസ്രായേല്‍ ഇപ്പോള്‍ നേരിടുന്ന ഒരു പ്രതിസന്ധി. ഹിസ്ബുല്ലയാണെങ്കില്‍ യുദ്ധത്തില്‍ ഏറെ വൈകിയാണ് ഈ ആയുധം പുറത്തെടുത്തത്. ഇനിയും പുതിയ ആയുധങ്ങളുണ്ടെന്ന് ഹിസ്ബുല്ല നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it