Sub Lead

'ആളുകളെ ഇഷ്ടമുള്ളത് കഴിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ തടയാനാവും'; അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനെ കടന്നാക്രമിച്ച് ഹൈക്കോടതി

സസ്യേതര ഭക്ഷണം വില്‍ക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട വഴിയോരക്കച്ചവടക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനെ ഗുജറാത്ത് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

ആളുകളെ ഇഷ്ടമുള്ളത് കഴിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ തടയാനാവും; അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനെ കടന്നാക്രമിച്ച് ഹൈക്കോടതി
X

അഹമ്മദാബാദ്: തെരുവുകളില്‍ സസ്യേതര ഭക്ഷണവിഭവങ്ങളുടെ വില്‍പ്പന വിലക്കിയ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനെ കടന്നാക്രമിച്ച് ഗുജറാത്ത് ഹൈക്കോടതി. സസ്യേതര ഭക്ഷണം വില്‍ക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട വഴിയോരക്കച്ചവടക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനെ ഗുജറാത്ത് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

ആളുകള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ തടനാവുമെന്ന് കോടതി ചോദിക്കുകയും ചെയ്തു. 'നിങ്ങള്‍ക്ക് സസ്യേതര ഭക്ഷണം ഇഷ്ടമല്ല, അത് നിങ്ങളുടെ നിരീക്ഷണമാണ്. ആളുകള്‍ പുറത്ത് എന്ത് കഴിക്കണമെന്ന് നിങ്ങള്‍ക്ക് എങ്ങനെ തീരുമാനിക്കാനാകും?, ആളുകള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ തടയാനാകും?'-ജസ്റ്റിസ് ബിരേന്‍ വൈഷ്ണവിന്റെ ബെഞ്ച് ചോദിച്ചു.

'ആളുകള്‍ എന്ത് കഴിക്കണം എന്ന് നിങ്ങള്‍ക്ക് എങ്ങനെ തീരുമാനിക്കാന്‍ കഴിയും?, നാളെ എന്റെ വീടിന് പുറത്ത് ഞാന്‍ എന്ത് കഴിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കുമോ? 'നാളെ പ്രമേഹത്തിന് കാരണമായേക്കാമെന്ന് പറഞ്ഞ് ഞാന്‍ കരിമ്പ് ജ്യൂസ് കഴിക്കരുതെന്ന് അവര്‍ എന്നോട് പറയും, അല്ലെങ്കില്‍ എന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞ് കാപ്പികഴിക്കരുതെന്ന് പറയും'- ജഡ്ജി കുറ്റപ്പെടുത്തി.

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറോട് കോടതിയില്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

2014ല്‍ പ്രാബല്യത്തില്‍വന്ന തെരുവ് കച്ചവടക്കാര്‍ (തെരുവ് കച്ചടവക്കാരുടെ ജീവനോപാധി സംരക്ഷണവും തെരുവോര കച്ചടവ ചട്ടങ്ങളും) നിയമം നടപ്പാക്കാത്തതിനെ ചോദ്യം ചെയ്ത് അഹമ്മദാബാദിലെ 20 തെരുവ് കച്ചവടക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. കഴിഞ്ഞ ആഴ്ചയാണ് തെരുവുകളില്‍ സസ്യേതര ഭക്ഷണവിഭവങ്ങള്‍ വില്‍ക്കുന്നതിന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിലക്കേര്‍പ്പെടുത്തിയത്. ബിജെപി ഭരിക്കുന്ന രാജ്‌കോട്ട്, ഭാവ്‌നഗര്‍, വഡോദര നഗരസഭകളുടെ നീക്കത്തിനു പിന്നാലെയാണ് തലസ്ഥാന നഗരിയിലും മാംസാഹാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

10 ദിവസത്തിനകം സസ്യേതര വിഭവങ്ങള്‍ വില്‍ക്കുന്ന ഭക്ഷണ ശാലകളോട് ഇവ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം സമയപരിധി എത്തും മുമ്പേ തന്നെ അധികൃതരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി കടകള്‍ സീല്‍ വെക്കുന്ന നടപടി ആരംഭിച്ചതോടെ വ്യാപാരികളുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധം ഉയരുന്നിരുന്നു.

റോഡരികിലെ മാംസ, മത്സ്യ വ്യാപാര സ്റ്റാളുകളും മാംസാഹാരങ്ങള്‍ വില്‍ക്കുന്ന തട്ടുകടകളും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുവെന്നാണ് നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ നിരത്തുന്ന വാദം. മാത്രമല്ല, തെരുവിലെ മാംസാഹാര വില്‍പ്പന മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ഇതുസംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Next Story

RELATED STORIES

Share it