Sub Lead

എയര്‍ ഇന്ത്യ സിഇഒ സ്ഥാനം നിരസിച്ച് ഇല്‍കര്‍ എയ്‌സി

എയര്‍ ഇന്ത്യ സിഇഒ സ്ഥാനം നിരസിച്ച് ഇല്‍കര്‍ എയ്‌സി
X

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സ്ഥാനവും മാനേജിങ് ഡയറക്ടര്‍ സ്ഥാനവും നിരസിച്ച് മെഹ്മത് ഇല്‍കര്‍ എയ്‌സി. സ്ഥാനം ഏറ്റെടുക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് എയ്‌സിയുടെ പുതിയ പ്രഖ്യാപനമെന്ന് വ്യോമയാന വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. തന്റെ നിയമനത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ 'നിറം' നല്‍കിയതായി' മെഹ്മത് ഇല്‍കര്‍ എയ്‌സി പ്രസ്താവനയില്‍ പറഞ്ഞു. 'അത്തരമൊരു ആഖ്യാനത്തിന്റെ നിഴലില്‍ സ്ഥാനം സ്വീകരിക്കുന്നത് പ്രായോഗികമോ മാന്യമായ തീരുമാനമോ ആയിരിക്കില്ലെന്ന നിഗമനത്തിലാണ് ഞാനെത്തിയിരിക്കുന്നത്.

ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ ചന്ദ്രശേഖരനുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ താന്‍ സ്ഥാനമൊഴിയുകയാണെന്ന് ഖേദപൂര്‍വം അറിയിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 'പ്രൊഫഷനല്‍ എത്തിക്‌സിന് എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കുന്ന ബിസിനസ് നേതാവ് എന്ന നിലയിലും എല്ലാറ്റിനുമുപരിയായി, എന്റെ കുടുംബത്തിന്റെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി ഈ സ്ഥാനം സ്വീകരിക്കുന്നത് പ്രായോഗികമോ മാന്യമായതോ ആയ തീരുമാനമായിരിക്കില്ലെന്ന നിഗമനത്തിലാണെത്തിയിരിക്കുന്നത്.

ഭാരിച്ച ഹൃദയത്തോടെയാണ് ഞാന്‍ ഈ തീരുമാനമെടുക്കുന്നത്. വളരെയധികം ആരാധിക്കുന്ന എയര്‍ ഇന്ത്യയ്ക്കും ടാറ്റാ ഗ്രൂപ്പിനും എല്ലാ വിജയങ്ങളും നേരുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുര്‍ക്കി പൗരനെ എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി നിയമിക്കുന്നതിനെതിരേ ആര്‍എസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്തെത്തിയിരുന്നു. തുര്‍ക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റജബ് ത്വയ്യിബ ഉര്‍ദൂഗാനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആശങ്കാജനകമാണെന്ന് പറഞ്ഞ് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) കോ-ഓഡിനേറ്റിങ് കണ്‍വീനര്‍ അശ്വനി മഹാജന്‍ രംഗത്തെത്തിയിരുന്നു. തുര്‍ക്കി എയര്‍ലൈന്‍സിനെ ഇന്നത്തെ നിലയിലേക്ക് നയിച്ച ബുദ്ധികേന്ദ്രമാണ് മെഹ്മത് ഇല്‍കര്‍ എയ്‌സി.

തുര്‍ക്കിയുടെ നിലവിലെ പ്രസിഡന്റായ ഉര്‍ദുഗാന്‍ ഇസ്താംബൂള്‍ മേയറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശകനായും എയ്‌സി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം അവസാനം നടന്ന യുഎന്‍ ജനറല്‍ അസംബ്ലി സെഷനില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്ത ഉര്‍ദൂഗാന്‍ കശ്മീര്‍ വിഷയവും പരാമര്‍ശിച്ചിരുന്നു. പൂര്‍ണമായും അസ്വീകാര്യമെന്നാണ് ഇന്ത്യ അന്ന് അതിനെ വിശേഷിപ്പിച്ചത്. ഈ വിഷയങ്ങളെല്ലാം കൂട്ടിച്ചേര്‍ത്താണ് മെഹ്മത് ഇല്‍കര്‍ എയ്‌സിക്കെതിരേ ആര്‍എസ്എസ് സംഘടനകള്‍ രംഗത്തെത്തുവന്നത്. തുര്‍ക്കി എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാനായിരുന്ന എയ്‌സിയെ എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായി നിയമിച്ചതായി ഫെബ്രുവരി 14 നാണ് ടാറ്റ സണ്‍സ് പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്നോ അതിനുമുമ്പോ എയ്‌സി പുതിയ ചുമതലകള്‍ ഏറ്റെടുക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it