Sub Lead

സംഭല്‍ ജില്ലാ ഭരണകൂടം സുപ്രിംകോടതി വിധികളെ അവഹേളിക്കുന്നു: ഇല്യാസ് മുഹമ്മദ് തുംബെ

സംഭല്‍ ജില്ലാ ഭരണകൂടം സുപ്രിംകോടതി വിധികളെ അവഹേളിക്കുന്നു: ഇല്യാസ് മുഹമ്മദ് തുംബെ
X

ന്യൂഡല്‍ഹി: ആറ് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നതിന് പിന്നാലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് പരിസരത്ത് ജില്ലാ മജിസ്‌ട്രേറ്റ് പ്രകോപനപരമായ കാര്യങ്ങള്‍ ചെയ്യുകയാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ. മസ്ജിദില്‍ രണ്ടാം തവണ സര്‍വേക്കെത്തിയതിന് എതിരേ പ്രതിഷേധിച്ചവരില്‍ ആറു പേരെയാണ് പോലിസ് വെടിവച്ചു കൊന്നത്. ഈ സംഭവത്തിന് ശേഷം രാജ്യത്തെ മസ്ജിദുകളിലെ സര്‍വേയും തുടര്‍നടപടികളും സുപ്രിംകോടതി തടഞ്ഞതാണ്.

എന്നാല്‍, സംഭലിലെ മസ്ജിദിന് സമീപം കൈയ്യേറ്റം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ജില്ലാ മജിസ്‌ട്രേറ്റ് സ്വീകരിക്കുന്ന നടപടികള്‍ സുപ്രിംകോടതി വിധിയെ ഏതു വിധേനയും മറികടക്കണമെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിന് ഉണ്ടെന്ന തോന്നലാണ് ഉണ്ടാക്കുന്നതെന്ന് ഇല്യാസ് മുഹമ്മദ് തുംബെ പ്രസ്താവനയില്‍ പറഞ്ഞു. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സുപ്രിംകോടതി തടയാത്തതിനാല്‍ ഇത്തരം പ്രവൃത്തികള്‍ കോടതി വിധിയുടെ ലംഘനമായി മാറില്ല. പള്ളിക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍ കൈയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളുമുണ്ടെന്നും അവ ഒഴിപ്പിക്കാനും പൊളിക്കാനും മൂന്നു മാസം നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രദേശത്ത് ശാന്തിയും സമാധാനവുമുണ്ടാവരുതെന്ന നിലപാടാണ് ജില്ലാ മജിസ്‌ട്രേറ്റിന് കീഴിലുള്ള ഭരണസംവിധാനത്തിനുള്ളത്. സംഘപരിവാരത്തിന്റെ പിന്തുണയോടെയും മൗനാനുവാദത്തോടെയും പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമമെന്നും തോന്നുന്നു. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഒരു പുരാതന കെട്ടിടത്തിന്റെ ''കൈയേറ്റവും അനധികൃത നിര്‍മ്മാണവും'' വിലയിരുത്തുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് ജില്ലാ മജിസ്‌ട്രേറ്റോ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട അധികാരികളോ പറഞ്ഞിട്ടില്ല.

ഉച്ചഭാഷിണിയിലൂടെ ശബ്ദമലിനീകരണം നടത്തിയെന്ന് ആരോപിച്ച് സംഭലിലെ കോട് ഗാര്‍വി പ്രദേശത്തെ അനാര്‍ വാലി മസ്ജിദിലെ ഇമാമിന് രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി. അതിനിടെ, കഴിഞ്ഞ 46 വര്‍ഷമായി ഹിന്ദു സമുദായം ഉപേക്ഷിച്ച ഹനുമാന്‍-ശിവലിംഗ ക്ഷേത്രം ജില്ലാഭരണകൂടം തുറന്നു. പ്രദേശത്ത് പോലിസിനെയും വിന്യസിച്ചിട്ടുണ്ട്.

രാജ്യത്ത് സമാധാനവും സൗഹാര്‍ദ്ദവുമുണ്ടാക്കുന്നതിന് പകരം, സുപ്രിംകോടതി വിധിയെ പോലും മറികടന്ന് രാഷ്ട്രീയ യജമാനന്‍മാരെ പ്രീതിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് ദയനീയമായ അവസ്ഥയാണെന്നും ഇല്യാസ് മുഹമ്മദ് തുംബെ പറഞ്ഞു.

Next Story

RELATED STORIES

Share it