Sub Lead

ഹിജാബ്, ഉര്‍ദു, സലാം എന്നിവ നിരോധിച്ച് കര്‍ണാടകയിലെ ഗവ. കോളജ്

'അധ്യാപകര്‍ ഹിജാബ് വലിച്ചു, തങ്ങളെ മോശമായി ശകാരിച്ചു. തങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പലും അധ്യാപകരും ഭീഷണിപ്പെടുത്തി'-ഒരു വിദ്യാര്‍ത്ഥി മക്തൂബിനോട് പറഞ്ഞു.

ഹിജാബ്, ഉര്‍ദു, സലാം എന്നിവ നിരോധിച്ച് കര്‍ണാടകയിലെ ഗവ. കോളജ്
X

ഉഡുപ്പി: ബിജെപിയുടെ ബസവരാജ് ബൊമ്മെ ഭരിക്കുന്ന കര്‍ണാടകയിലെ ഉഡുപ്പിയില്‍ സര്‍ക്കാര്‍ ആര്‍ട്‌സ് കോളജില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കെതിരേ കടുത്ത വിവേചനമെന്ന് റിപോര്‍ട്ട്. കാംപസില്‍ ഹിജാബ് ധരിക്കുന്നതിനും ഉര്‍ദു സംസാരിക്കുന്നതിനും അഭിവാദനത്തിനുള്ള സലാം പറയുന്നതിനുമാണ് കോളജ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. മക്തൂബ് മീഡിയയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ഹിജാബ് ധരിച്ചതിന് തങ്ങളെ ക്ലാസില്‍നിന്ന് ഇറക്കിവിട്ടെന്നും ഇത് തങ്ങളുടെ സ്വത്വത്തെ അപമാനിക്കുന്നതും പഠനത്തെ തടസ്സപ്പെടുത്തുന്നതും ആണെന്ന് വിദ്യാര്‍ഥിനികള്‍ മക്തൂബിനോട് പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് ക്ലാസുകളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ശിരോവസ്ത്രം ധരിച്ചതിന് പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് മുസ്ലീം സമുദായത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിക്ക് പുറത്ത് നില്‍ക്കുന്ന ഒരു വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഹിജാബ് അഴിച്ചാല്‍ പെണ്‍കുട്ടികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ രുദ്ര ഗൗഡ പറഞ്ഞത്. 'കാംപസില്‍ അവര്‍ക്ക് ഹിജാബ് ധരിക്കാമെന്നും എന്നാല്‍ ക്ലാസ് മുറികളില്‍ ഹിജാബ് ഉപയോഗം നിരോധിച്ചിരിക്കുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.

'തങ്ങള്‍ ക്ലാസില്‍ പോവുമ്പോള്‍ തങ്ങളെ ശകാരിക്കുകയും ക്ലാസില്‍ നിന്ന് ഇറങ്ങാന്‍ പറയുകയും ചെയ്യുന്നു. അവര്‍ തങ്ങളുടെ ഹാജര്‍ പോലും രേഖപ്പെടുത്തുന്നില്ല. 'തങ്ങള്‍ ക്ലാസ്സില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ചപ്പോള്‍, നിങ്ങള്‍ പുറത്തു പോകുമോ അതോ ഞാന്‍ നിങ്ങളെ പുറത്താക്കണോ എന്നാല്‍ ഒരു ടീച്ചര്‍ ചോദിച്ചതെന്നും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അല്‍മാസ് മക്തൂബിനോട് പറഞ്ഞു,

'അധ്യാപകര്‍ ഹിജാബ് വലിച്ചു, തങ്ങളെ മോശമായി ശകാരിച്ചു. തങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പലും അധ്യാപകരും ഭീഷണിപ്പെടുത്തി'-ഒരു വിദ്യാര്‍ത്ഥി മക്തൂബിനോട് പറഞ്ഞു. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ സീനിയേഴ്‌സും പീഡിപ്പിക്കപ്പെട്ടതായി വിദ്യാര്‍ഥികള്‍ പറയുന്നു.

കോളജിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ പലതരത്തിലും വിവേചനം നേരിടുന്നതായും ഉര്‍ദുവില്‍ സംസാരിക്കുന്നതിനും സലാം പറയുന്നതിനും കാംപസില്‍ വിലക്കുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായും വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചു.

'ഹിന്ദു പെണ്‍കുട്ടികള്‍ വളകളും ബിന്ദിയും ധരിക്കുന്നു. നമ്മുടെ സ്‌കൂളില്‍ ദീപാവലിയും മറ്റ് ഹൈന്ദവ ആഘോഷങ്ങളും ആഘോഷിക്കാറുണ്ട്, പിന്നെ എന്തുകൊണ്ട് ഹിജാബ് ധരിക്കാന്‍ കഴിയില്ല? അല്‍മാസ് ചോദിക്കുന്നു.

രക്ഷിതാക്കളുടെ മീറ്റിംഗിന് വിളിച്ച് തങ്ങളെ നാല് മണിക്കൂര്‍ പുറത്ത് ഇരുത്തിയെന്ന് ഒരു കോളജ് വിദ്യാര്‍ത്ഥിയുടെ അമ്മ മക്തൂബിനോട് പറഞ്ഞു.

'പല മാതാപിതാക്കളോടും മോശമായി പെരുമാറി. കോളേജില്‍ പൂജ നടത്താം എന്നാല്‍ മുസ്ലീം പെണ്‍കുട്ടിക്ക് ഹിജാബ് ധരിക്കാന്‍ കഴിയില്ല, എന്തുകൊണ്ട്? ഇത് ഇസ്ലാമോഫോബിയയല്ലെങ്കില്‍ പിന്നെ എന്താണ്? -രക്ഷിതാവ് ചോദിക്കുന്നു.

മാസങ്ങള്‍ക്കു മുമ്പ്, അതേ കോളജിലെ അധ്യാപകര്‍ എബിവിപി പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനും കാവി കൊടി പിടിക്കാനും മുസ്‌ലിം പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചുവെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.

ഒരു ബലാത്സംഗത്തിനെതിരെ എബിവിപി പ്രതിഷേധിച്ചപ്പോള്‍, കോളജിലെ മുസ്ലീം വിദ്യാര്‍ത്ഥികളെ പ്രതിഷേധത്തില്‍ ചേരാന്‍ നിര്‍ബന്ധിതരാക്കുകയും അവരുടെ കയ്യില്‍ കാവി പതാക നല്‍കുകയും ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എബിവിപിയുടെ പ്രതിഷേധത്തിന്റെ വീഡിയോ അടുത്ത ദിവസം വൈറലായതോടെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. ആര്‍എസ്എസിന്റെയും എബിവിപിയുടെയും പ്രതിഷേധത്തില്‍ മുസ്ലീം പെണ്‍കുട്ടികള്‍ എന്താണ് ചെയ്യുന്നതെന്ന് എല്ലാവരും ചോദിക്കാന്‍ തുടങ്ങിയെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. എബിവിപി അംഗത്വം എടുക്കാന്‍ കോളേജ് അധ്യാപകരെ സമ്മര്‍ദ്ദത്തിലാക്കിയതായും വിദ്യാര്‍ത്ഥി ആരോപിച്ചു.

അതേസമയം, സംഘ്പരിവാര്‍ അനുകൂല അധ്യാപകരും കോളേജ് അധികൃതരുമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.

Next Story

RELATED STORIES

Share it