Sub Lead

ലോക പട്ടിണി സൂചിക: റാങ്കിങ് അശാസ്ത്രീയമെന്ന് കേന്ദ്ര സര്‍ക്കാര്‍

പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതം അടിസ്ഥാനമാക്കി ഇന്ത്യയുടെ റാങ്ക് കുറച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്നും ഇത് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോക പട്ടിണി സൂചിക: റാങ്കിങ് അശാസ്ത്രീയമെന്ന് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ലോക പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് ഏറെ പിന്നോട്ട് പോയതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. 2021ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് കുറച്ചുകാണിച്ചത് ഞെട്ടിക്കുന്നുവെന്നു കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയത്. പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതം അടിസ്ഥാനമാക്കി ഇന്ത്യയുടെ റാങ്ക് കുറച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്നും ഇത് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101ാം സ്ഥാനത്താണുള്ളത്. ഇന്ത്യയുടെ അയല്‍ക്കാരായ പാകിസ്താനും ബംഗ്ലാദേശും ശ്രീലങ്കയും ഒക്കെ ഇന്ത്യയെ പിന്നിലാക്കി ഏറെ മുന്നിലുമാണ്. കണ്‍സേണ്‍ വേള്‍ഡ് വൈഡ്, വെല്‍റ്റ് ഹംഗര്‍ ഹൈല്‍ഫ് എന്നീ ഏജന്‍സികളാണ് പട്ടിക തയ്യാറാക്കിയത്.

റിപോര്‍ട്ട് തയ്യാറാക്കുന്നതിനു മുമ്പ് ഏജന്‍സികള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ലെന്നും ടെലിഫോണ്‍ മുഖാന്തരം നാലുചോദ്യങ്ങള്‍ മാത്രം ചോദിച്ച് അശാസ്ത്രീയമായ രീതിയിലാണ് ഏജന്‍സികള്‍ സൂചിക തയ്യാറാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.

കൊവിഡ് കാലത്ത് മുഴുവന്‍ ജനങ്ങളുടെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് നടത്തിയ അശ്രാന്ത പരിശ്രമത്തെ റിപോര്‍ട്ട് പൂര്‍ണമായും അവഗണിച്ചു. അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവരോട് ഗവണ്‍മെന്റില്‍ നിന്നോ മറ്റ് സ്രോതസ്സുകളില്‍ നിന്നോ എന്തെങ്കിലും ഭക്ഷ്യ പിന്തുണ ലഭിച്ചോ എന്ന തരത്തിലുള്ള ഒരു ചോദ്യം പോലും ചോദിച്ചില്ല. ഈ അഭിപ്രായ വോട്ടെടുപ്പില്‍ ഇന്ത്യയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള പ്രാതിനിധ്യം പോലും സംശയത്തിന്റെ നിഴലിലാണെന്നും മന്ത്രാലയം പറയുന്നു.

ഈ മേഖലയിലെ മറ്റു രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവയെ കൊവിഡ്19നാലുണ്ടായ പ്രതിസന്ധികള്‍ ബാധിച്ചില്ലെന്ന തരത്തില്‍ വന്നിട്ടുള്ള പരാമര്‍ശങ്ങളും അതിശയകരമാണെന്നും കേന്ദ്രം പ്രതികരിച്ചു.

Next Story

RELATED STORIES

Share it