Sub Lead

ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം രാജ്യത്ത് കാര്യങ്ങള്‍ നടക്കണം: വിഎച്ച്പി സെമിനാറില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി (വീഡിയോ)

അയോധ്യയിലെ രാമക്ഷേത്രം സ്വന്തം കണ്ണുകള്‍ കൊണ്ടു കാണാന്‍ കഴിയുമെന്ന് ആലോചിക്കാന്‍ സാധിക്കുമായിരുന്നോ എന്നും ജഡ്ജി ചോദിച്ചു.

ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം രാജ്യത്ത് കാര്യങ്ങള്‍ നടക്കണം: വിഎച്ച്പി സെമിനാറില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി (വീഡിയോ)
X

അലഹബാദ്: ഭൂരിപക്ഷ സമുദായത്തിന്റെ ആഗ്രഹപ്രകാരം രാജ്യത്ത് കാര്യങ്ങള്‍ നടക്കണമെന്ന് പറയാന്‍ മടിയില്ലെന്ന് അലഹബാദ് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി ജസ്റ്റിസ് ശേഖര്‍ യാദവ്. വിശ്വഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്‍ സംഘടിപ്പിച്ച ഏകീകൃത വ്യക്തി നിയമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ശേഖര്‍ യാദവ്.

'' ഇത് ഹിന്ദുസ്ഥാനാണ് എന്നു പറയാന്‍ എനിക്ക് മടിയില്ല. ഭൂരിപക്ഷത്തിന്റെ ആഗ്രഹ പ്രകാരമായിരിക്കണം ഹിന്ദുസ്ഥാനില്‍ കാര്യങ്ങള്‍ നടക്കേണ്ടത്. ഹൈക്കോടതി ജഡ്ജിയെന്ന നിലയില്‍ അല്ല ഇതെല്ലാം പറയുന്നത്. മറിച്ച്, രാജ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഭൂരിപക്ഷത്തിന് ക്ഷേമവും സന്തോഷവുമുണ്ടാവുന്ന ഭരണം മാത്രമേ ജനങ്ങള്‍ സ്വീകരിക്കുകയുള്ളൂ.''- ജഡ്ജി പറഞ്ഞു.

ഹിന്ദു സമുദായത്തിന് അകത്തെ സതിയും ബാലവിവാഹവും പെണ്‍ശിശുഹത്യയും നിയമം മൂലം നിരോധിച്ചിട്ടും മുസ്‌ലിംകള്‍ക്കിടയില്‍ ബഹുഭാര്യാത്വം തുടരുകയാണെന്നും ജഡ്ജി ആരോപിച്ചു. '' ഹിന്ദുക്കളുടെ വേദങ്ങളും ശാസ്ത്രങ്ങളും സ്ത്രീകളെ ദേവതമാരായാണ് കാണുന്നത്. അവരെ ഒരു സമുദായം അപമാനിക്കുകയാണ്. അവര്‍ക്കിടയില്‍ ബഹുഭാര്യാത്വവും മുത്തലാഖും നിലനില്‍ക്കുന്നു. ഇതില്ലാതാക്കാന്‍ ഏകീകൃത ക്രിമിനല്‍ കോഡ് പോലെ ഏകീകൃത സിവില്‍ കോഡും വേണം. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുകയാണ്.''

'' ബഹുഭാര്യാത്വം വ്യക്തിനിയമം അംഗീകരിക്കുന്നുണ്ടെന്ന് നിങ്ങള്‍ പറയും. അത് അംഗീകരിക്കാന്‍ കഴിയുന്ന വാദമല്ല. ഒരു സ്ത്രീക്ക് ജീവനാംശം ലഭിക്കുകയും മറ്റൊരു സ്ത്രീക്ക് അത് ലഭിക്കാതിരിക്കുകയും ചെയ്യുന്നത് വിവേചനമാണ്. ഒരു പുരുഷന് ഒരു ഭാര്യയേ പാടുള്ളൂ, നാലു ഭാര്യമാര്‍ പാടില്ല.''

അയോധ്യയിലെ രാമക്ഷേത്രം സ്വന്തം കണ്ണുകള്‍ കൊണ്ടു കാണാന്‍ കഴിയുമെന്ന് ആലോചിക്കാന്‍ സാധിക്കുമായിരുന്നോ എന്നും ജഡ്ജി ചോദിച്ചു. '' നമ്മുടെ മുന്‍ഗാമികള്‍ ത്യാഗം സഹിച്ചാണ് രാം ലല്ലയെ മോചിപ്പിച്ചത്. അവര്‍ക്ക് പക്ഷെ, ക്ഷേത്രം കാണാന്‍ കഴിഞ്ഞില്ല. നമുക്ക് കാണാന്‍ കഴിഞ്ഞു.''

ഹിന്ദുക്കളുടെ അഹിംസയേയും കാരുണ്യത്തെയും ഭീരുത്വമായി ആരും കാണരുതെന്നും ജഡ്ജി ആവശ്യപ്പെട്ടു. '' ഒരു സമുദായം കുട്ടികളെ അഹിംസയും കാരുണ്യവും സഹിഷ്ണുതയും പഠിപ്പിക്കുമ്പോള്‍ മറ്റൊരു സമുദായം കുട്ടികളുടെ മുന്നിലിട്ട് മൃഗങ്ങളെ കശാപ്പ് ചെയ്യുകയാണ്. കുഞ്ഞു മൃഗങ്ങളെ പോലും കൊല്ലരുതെന്നാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത്. ഉറുമ്പുകളെ പോലും കൊല്ലരുതെന്ന് പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കും നാം സഹിഷ്ണുതയും കരുണയും ഉള്ളവരായി മാറിയത്. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് കാണുന്ന കുട്ടികളില്‍ നിന്ന് സഹിഷ്ണുത പ്രതീക്ഷാനാവുമോ?''

ഗംഗാ നദി ഒഴുകുന്ന ഭൂമിയിലെ താമസക്കാരനാണ് താനെന്നും ഗായ് (പശു), ഗംഗ, ഗീത എന്നിവ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ജഡ്ജി പറഞ്ഞു. '' ഗംഗയില്‍ മുങ്ങുകയോ നെറ്റിയില്‍ കുറി തൊടുകയോ ചെയ്യുന്നവര്‍ മാത്രമല്ല ഹിന്ദുക്കള്‍. ഈ ഭൂമിയെ അമ്മയായി കണ്ട് പ്രതിസന്ധി ഘട്ടങ്ങളില്‍ ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറുള്ളവരും ഹിന്ദുക്കളാണ്. അവര്‍ ഖുര്‍ആനോ ബൈബിളോ പിന്തുടര്‍ന്നാലും ഹിന്ദുക്കളാണ്.....നിങ്ങള്‍ അഭിഭാഷകനോ ബിസിനസുകാരനോ ആവാം. എന്നാല്‍, ആദ്യമായി നിങ്ങള്‍ ഹിന്ദുവാണ്. ഈ ഭൂമി അമ്മയാണെന്നും താന്‍ അതിന്റെ കുഞ്ഞാണെന്നും പറയുന്ന ആരും ഹിന്ദുവാണ്.''-ജഡ്ജി പറഞ്ഞു.

Next Story

RELATED STORIES

Share it