Sub Lead

രാമ നവമിയുടെ മറവില്‍ വര്‍ഗീയ കലാപം: മതേതര ശക്തികള്‍ മൗനം വെടിയണമെന്ന് ഐഎന്‍എല്‍

രാമ നവമിയുടെ മറവില്‍ വര്‍ഗീയ കലാപം: മതേതര ശക്തികള്‍ മൗനം വെടിയണമെന്ന് ഐഎന്‍എല്‍
X

കോഴിക്കോട്: രാമ നവമി ആഘോഷത്തിനിടയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടമാടിയ വര്‍ഗീയ കലാപങ്ങളും ന്യൂനപക്ഷവിരുദ്ധ അക്രമണങ്ങളും ആസൂത്രിതമാണെന്നും സംഘ്പരിവാറും ബിജെപി സര്‍ക്കാരുകളുമാണ് ഇതിന് പിന്നിലെന്നും ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ബീഹാര്‍, ജാര്‍ഖണ്ഡ്, ന്യൂഡല്‍ഹി തുടങ്ങി ഏഴ് സംസ്ഥാനങ്ങളില്‍ ഒരേ രീതിയിലുള്ള അക്രമണങ്ങള്‍ അരങ്ങേറിയതില്‍നിന്ന് തന്നെ സംഭവം വളരെ ആസൂത്രിതമാണെന്ന് തെളിയുന്നുണ്ടെന്നും ആഘോഷങ്ങളുടെ പാവനത പിച്ചിച്ചിന്തിയാണ് ഹിന്ദുത്വശക്തികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നതെന്നും യോഗം വിലയിരുത്തി. അധികൃതരുടെ മേല്‍നോട്ടത്തില്‍ മുസ്‌ലിംകളുടെ വീടുകളും കടകളും തകര്‍ത്തുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും മധ്യപ്രദേശിലെ കാര്‍ഘോണില്‍ രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് ഒരു പ്രദേശത്തെ മുഴുവന്‍ വീടുകളും പോലിസിന്റെ നേതൃത്വത്തില്‍ തകര്‍ത്തെറിഞ്ഞത് സംസ്ഥാനത്താകെ ഭീതി വിതച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചു.

ന്യൂനപക്ഷങ്ങളുടെ നിരവധി വീടുകളും ആരാധനലായങ്ങളും തകര്‍ത്തിട്ടും മതേതര പാര്‍ട്ടികള്‍ പോലും കാഴ്ചക്കാരായി നില്‍ക്കുകയാണ്. ഇരകളെ രക്ഷിക്കേണ്ട പോലിസ് അക്രമികള്‍ക്ക് സജീവമായി സഹായം ചെയ്തുകൊടുക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാനങ്ങളില്‍നിന്ന് പുറത്തുവരുന്നത്. അയോധ്യ രഥയാത്രയുടെ കാലത്ത് നടമാടിയ വര്‍ഗീയാക്രമങ്ങള്‍ക്ക് സമാനമായത് അരങ്ങേറിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ കക്ഷികളും മൗനം ദീക്ഷിക്കുന്നത് മതേതര ജനാധിപത്യ സംവിധാനം രാജ്യത്ത് തകര്‍ന്നുവെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരം വര്‍ഗീയ കാലുഷ്യങ്ങള്‍ക്കെതിരെ ശക്തമായ ജനാധിപത്യ പ്രതിരോധം ഉയര്‍ത്തിയില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി തന്നെ ഇരുളടയുമെന്ന് ഐഎന്‍എല്‍ മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. ബി ഹംസ ഹാജി, സലാം കുരിക്കള്‍, മൊയ്തീന്‍കുഞ്ഞി കളനാട്, എം എം സുലൈമാന്‍, അഷറഫലി വല്ലപ്പുഴ, ഒ ഒ ശംസു, കുഞ്ഞാവൂട്ടി ഖാദര്‍, ജിയാഷ് കരീം, എം ഇബ്രാഹീം,എ.പി മുസ്തഫ, സാദാത്ത് ചാരുമൂട്, എ.എം ശരീഫ് കൊല്ലം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ സ്വാഗതവും എം.എ ലത്തീഫ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it