Sub Lead

പുതിയ ആണവക്കരാറിനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ആഹ്വാനം തള്ളി ഇറാന്‍

പേര്‍ഷ്യന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളിലേക്കുള്ള വന്‍ ആയുധ വില്‍പ്പനയെക്കുറിച്ച് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടെങ്കില്‍, അവരുടെ നയങ്ങള്‍ തിരുത്തുകയാണ് നല്ലതെന്നും ഖതീബ്‌സാദെ പറഞ്ഞു.

പുതിയ ആണവക്കരാറിനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ആഹ്വാനം തള്ളി ഇറാന്‍
X

പാരിസ്/ തെഹ്‌റാന്‍: ഇറാനുമായുള്ള പുതിയ ആണവക്കരാറിന്റെ ആവശ്യകത സംബന്ധിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ പരാമര്‍ശം തള്ളി തെഹ്‌റാന്‍. വാര്‍ത്താ ഏജന്‍സിയായ അനദൊളുവാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

സംയുക്ത സമഗ്ര പ്രവര്‍ത്തന പദ്ധതി എന്നറിയപ്പെടുന്ന ആണവ കരാര്‍ യുഎന്‍ രക്ഷാ സമതി അംഗീകരിച്ച് സ്ഥിരീകരിച്ച ഒരു ബഹുമുഖ അന്താരാഷ്ട്ര കരാറാണെന്നും വീണ്ടും ചര്‍ച്ച ചെയ്യാവുന്നതോ അതിലെ രാജ്യങ്ങളെ മാറ്റാനാവുന്നതോ അല്ല എന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതീബ്‌സാദെ പറഞ്ഞു. സ്വയം സംയമനം പാലിക്കാനും അനാവശ്യ ഉപദേശവുമായി മുന്നോട്ട് വരാതിരിക്കാനും അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

ആണവക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ സൗദി അറേബ്യ ഇടപെടണമെന്ന് മാക്രോണ്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളിലേക്കുള്ള വന്‍ ആയുധ വില്‍പ്പനയെക്കുറിച്ച് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടെങ്കില്‍, അവരുടെ നയങ്ങള്‍ തിരുത്തുകയാണ് നല്ലതെന്നും ഖതീബ്‌സാദെ പറഞ്ഞു.

ഫ്രാന്‍സിന്റെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടേയും ആയുധങ്ങള്‍ ആയിരക്കണക്കിന് യമനികളെ കൂട്ടക്കൊല ചെയ്തുവെന്ന് മാത്രമല്ല പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ അസ്ഥിരതയ്ക്ക് പിന്നിലെ പ്രധാന കാരണവും ഈ ആയുധങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫ്രാന്‍സ്, ബ്രിട്ടന്‍ യുഎസ്, എന്നിവയില്‍ നിന്നുള്ള ആയുധ കയറ്റുമതി തടയാതെ, അതിലോലമായ ഈ പ്രദേശത്ത് സ്ഥിരതയും ശാന്തതയും പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആണവകരാര്‍ സംരക്ഷിക്കണമെങ്കില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കാന്‍ വാഷിങ്ടണ്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it