- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റോക്കറ്റ് വര്‍ഷിച്ച് ഹമാസ്; പശ്ചിമേഷ്യയില്‍ യുദ്ധം, 25ലേറെ മരണം
ഗസ: ഇസ്രായേല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിനു പിന്നാലെ പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങി. കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതോടെയാണ് ഗസയില്‍ നിന്ന് ഹമാസിന്റെ ആക്രമണമുണ്ടായത്. തുടര്‍ച്ചയായി റോക്കറ്റ് ആക്രമണം നടത്തുകയും സൈനിക വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായാണ് ആദ്യറിപോര്‍ട്ടുകളെങ്കിലും കുറഞ്ഞത് 22 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികളുള്‍പ്പെടെ ആകെ 25ഓളം പേര്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്. 'ഓപറേഷന്‍ അല്‍ അഖ്‌സ ഫഌ്' എന്ന പേരില്‍ ഇസ്രായേലിനെ ലക്ഷ്യമിട്ട് സൈനിക നടപടി ആരംഭിച്ചതായി ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് അറിയിച്ചു. റോക്കറ്റുകള്‍ പതിച്ചതായി ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, ഒരു ഇടവേളയ്ക്കു ശേഷം പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്.
ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 6.30ഓടെയാണ് ഗസയില്‍ നിന്ന് ഇസ്രായേല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് റോക്കറ്റുകള്‍ തൊടുത്തുവിട്ടത്. ആക്രമണത്തില്‍ ഇസ്രായേലിലെ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകരുകയും കത്തിയമരുകയും ചെയ്തു. ഇതിന്റെ വീഡിയോകള്‍ അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ബോംബ് ഷെല്‍ട്ടറുകള്‍ക്ക് സമീപം താമസിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അധിനിവേശകരുടെ എല്ലാ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചതായും 20 മിനുറ്റിനുള്ളില്‍ 5,000ലധികം റോക്കറ്റുകള്‍ വിക്ഷേപിച്ചതായും ഹമാസ് അറിയിച്ചു. ജെറുസലേമിലെ അല്‍അഖ്‌സ മസ്ജിദിന് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമങ്ങള്‍ക്ക് മറുപടിയാണ് ഫലസ്തീനിന്റെ പ്രതിരോധമെന്നും അനധികൃത ഇസ്രായേല്‍ കുടിയേറ്റങ്ങളെ ലക്ഷ്യമിട്ട് 5,000 ലധികം ഹോംമേഡ് റോക്കറ്റുകള്‍ വിക്ഷേപിച്ചതായും അല്‍ ഖസ്സാം ബ്രിഗേഡ് നേതാവ് മുഹമ്മദ് ദൈഫ് പറഞ്ഞു. റോക്കറ്റ് ആക്രമണത്തിനു പിന്നാലെ ഗസ മുനമ്പിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇസ്രായേല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സൈറണ്‍ മുഴക്കി അപായ മുന്നറിയിപ്പ് നല്‍കുകയും അവരവരുടെ വീടുകളില്‍ തന്നെ കഴിയാനുമാണ് നിര്‍ദേശിച്ചത്. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവ് നഗരത്തിലും സൈറണ്‍ മുഴങ്ങിയതായി റിപോര്‍ട്ടുണ്ട്. അതേസമയം ഗസയുടെ ആക്രമണത്തിന് ഉടന്‍ തിരിച്ചടി ഉണ്ടാവുമെന്നും രാജ്യം യുദ്ധത്തിന് തയ്യാറായതായും നിരവധി ഫലസ്തീനികള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയതായും ഇസ്രായേല്‍ അറിയിച്ചു. ആയുധധാരികള്‍ ചെക്ക് പോസ്റ്റ് മറികടന്ന് ഇസ്രായേലിനുള്ളില്‍ വാഹനങ്ങളില്‍ പ്രവേശിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സൈനിക വാഹനം ആക്രമിക്കുകയും പിടിച്ചെടുത്ത ശേഷം അതിനുമുകളില്‍ കയറിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമെ, ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേലികളെ ബന്ദികളാക്കിയതായും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഗസയില്‍ നിന്നുള്ള ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയതായി ഇസ്രായേലി സൈനിക റേഡിയോയും സ്ഥിരീകരിച്ചു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതായും റിപോര്‍ട്ടുകളുണ്ട്. ഇതിനിടെ, ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ഗസ മുനമ്പിലെ പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് ഗസ നിവാസികള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വീടുകളില്‍ നിന്ന് പുതപ്പുകളും ഭക്ഷണസാധനങ്ങളും മറ്റുമായാണ് പലായനം ചെയ്യുന്നത്. ഹമാസ് തങ്ങളുടെ പരമാവധി ആക്രമണം നടത്തുന്നുവെന്നതിന്റെ സൂചനയാണിതെന്നും ഗസയിലെ മറ്റ് ഫലസ്തീന്‍ വിഭാഗങ്ങളും ആക്രമണങ്ങളില്‍ പങ്കുചേര്‍ന്നുതായും അല്‍ ജസീറ റിപോര്‍ട്ടര്‍ യൂമ്‌ന അല്‍ സയ്യിദ് പറഞ്ഞു. അതേസമയം, ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ ലെബനനിലെ സായുധ സംഘങ്ങളോട് ഹമാസിന്റെ സൈനിക വിഭാഗം കമാന്‍ഡര്‍ ആഹ്വാനം ചെയ്തു. ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സൈനിക നടപടി ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യവും അറിയിച്ചു. തങ്ങള്‍ ഈ യുദ്ധത്തിന്റെ ഭാഗമാണെന്നും തങ്ങളുടെ കേഡര്‍മാര്‍ ഹമാസിലെ സഹോദരങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് വിജയം വരെ പോരാടുമെന്നും ഇസ് ലാമിക് ജിഹാദ് ഗ്രൂപ്പ് വക്താവ് അറിയിച്ചു. ഇസ്രായേല്‍ ഏറെ പ്രയാസകരമായ നിമിഷത്തിലൂടെയാണ് കടന്നുപോവുന്നതെന്നും നമ്മെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നമുക്ക് മറികടക്കാന്‍ കഴിയുമെന്നും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു.
കുടിയേറ്റക്കാരുടെയും അധിനിവേശ സൈനികരുടെയും ഭീകരതയ്‌ക്കെതിരെ പ്രതിരോധിക്കാന്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ അറബ് രാജ്യങ്ങള്‍ക്കുള്ള സന്ദേശം കൂടിയാണിതെന്ന് ഹമാസ് വക്താവും ഗസ സര്‍ക്കാരിലെ മുന്‍ വിദേശകാര്യ മന്ത്രിയുമായ ഗാസി ഹമദ് അല്‍ ജസീറയോട് പറഞ്ഞു. ഇസ്രായേല്‍ ശത്രുരാജ്യമാണെന്നും നല്ല അയല്‍ക്കാരായി വിശ്വസിക്കാവുന്ന രാജ്യമല്ലാത്തതിനാല്‍ അവരുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ എല്ലാ അറബ് രാജ്യങ്ങളോടും അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഹമാസ് ആക്രമണത്തില്‍ 22 പേരും ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ടു ഫലസ്തീനികളും കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്. ഗസയില്‍ ഹമാസ് അധികാരമേറ്റതിന് ശേഷം 2007 മുതല്‍ ഇസ്രായേല്‍ ഗസയില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈയിടെയായി അല്‍ അഖ്‌സ പള്ളിയിലും കോംപൗണ്ടിലും ഇസ്രായേല്‍ നടത്തിയ കുടിയേറ്റവും ആക്രമണങ്ങളും തടവുകാരോട് കാണിക്കുന്ന ക്രൂരതകളുമാണ് ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT